പി. ഗഗാറിൻ, കെ സുധാകരൻ | Photo: മാതൃഭൂമി
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരായ എസ്.എഫ്.ഐ ആക്രമണത്തെ തള്ളിപ്പറഞ്ഞ് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ. പോലീസ് നടപടികളിൽ സി.പി.എം ഇടപെടുന്നില്ല, പിന്നെ എന്തിനാണ് യു.ഡി.എഫ് സമരം നടത്തുന്നത് എന്നും പി ഗഗാറിൻ ചോദിച്ചു.
ദേശാഭിമാനിക്കെതിരായ ആക്രമണം, യു.ഡി.എഫ് പ്രതിഷേധ പ്രകടനത്തിനിടെ പാർട്ടി കൊടിമരങ്ങളും ബാനറുകളും പതാകകളും നശിപ്പിച്ചത്, തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് ഇന്ന് വൈകിട്ട് 3 മണിക്ക് കൽപ്പറ്റയിൽ സിപിഎം പ്രതിഷേധം പ്രകടനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.എഫ്.ഐ ഉയർത്തിയ മുദ്രാവാക്യം തെറ്റല്ല. ജില്ലയിലെ ഏറ്റവും സങ്കീർണമായ വിഷയത്തിൽ എം.പി ഫലപ്രദമായി ഇടപെടണം എന്നത്. എം.പി ഓഫീസിന് മുമ്പിൽ കൂടി പോയി തിരിച്ചു വരും എന്ന അറിവ് മാത്രമാണ് ഉണ്ടായിരുന്നത്. എം.പിയുടെ ഓഫീസിൽ കയറിയത് തെറ്റാണ്, ഇത് ആദ്യം തന്നെ ഞങ്ങൾ പറഞ്ഞു. അതിൽ അപലപിക്കുകയും ചെയ്തു. എസ്.എഫ്.ഐയുടെ നേതാക്കൾ ഇപ്പോൾ ജയിലിലാണ്. എന്നാൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ വിമാനത്തിൽ കയറിയവർക്ക് മാലയിട്ട്, സ്വീകരണമാണ് കോൺഗ്രസ് നൽകിയത്.
ഒരു പിടിപിടിച്ചാൽ കേരളത്തിലെ സിപിഎമ്മുകാർ പുറത്തിറങ്ങില്ലെന്ന് വയനാട്ടിൽ വന്ന് സുധാകരൻ പറയുകയാണ്. അത് സുധാകരന് തോന്നുകയാണ്. ഒരുപിടിയല്ല ആയിരം പിടിപിടിച്ചാലും ഞങ്ങളുടെ രോമത്തിന് പോലും ഏൽക്കില്ല എന്ന് സുധാകരന് മനസിലാകാഞ്ഞിട്ടാണെന്നും ഗഗാറിൻ പറഞ്ഞു.
കൽപ്പറ്റയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംസാരിച്ചു കൊണ്ട് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത് ഇപ്രകാരമായിരുന്നു; "ഞങ്ങളെയങ്ങ് തോൽപ്പിച്ചു കളയാമെന്ന് കരുതിയാൽ ആത്മരക്ഷക്കൊരു പിടിത്തം ഞങ്ങളങ്ങ് പിടിക്കും. ആ പിടിത്തം പിടിച്ചാൽ ഇവിടത്തെ ഒരു സിപിഎമ്മുകാരനും ഇറങ്ങി വെളിയിൽ നടക്കാൻ സമ്മതിക്കില്ല".
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..