വയനാട് ഡിസിസി ഓഫീസിൽ നിന്ന് പോലീസുകാരെ പുറത്താക്കുന്നു
മാനനന്തവാടി: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡിസിസി ഓഫീസിന് സംരക്ഷണം നല്‍കാനെത്തിയ പോലീസുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്താക്കി. പോലീസിന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ എംപി ഓഫീസ് അക്രമിച്ചതെന്നും അത്തതരത്തിലുള്ള പോലീസിന്റെ സുരക്ഷ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും പറഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി. എംഎല്‍എമാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
'നിങ്ങളുടെ സഹായത്തില്‍ ഇത്തരം വൃത്തികേടുകള്‍ നടത്തിയിട്ട്, നിങ്ങള്‍ ഞങ്ങള്‍ സംരക്ഷണം നല്കുകയാണോ, ഒരു പോലീസുകാരനും ഇവിടെ വേണ്ട' ടി.സിദ്ദീഖ് പറഞ്ഞു.
'എന്തിനാണ് ഞങ്ങളുടെ ഓഫീസിന് പോലീസിന്റെ സംരക്ഷണം. ഇന്നലെ അവര്‍ക്ക് എംപി ഓഫീസിന് സംരക്ഷണം നല്കാന് കഴിഞ്ഞോ. ഡിസിസി പ്രസിഡന്റ് മുന്‍കൂട്ടി അറിയിച്ചിട്ടും സംരക്ഷണം ലഭിച്ചോ. എന്നിട്ട് ഇപ്പോഴവര്‍ ഡിസിസി ഓഫീസിന് സംരക്ഷണം നല്കാന് വന്നിരിക്കുന്നു. പ്രതിപക്ഷ നേതാവിന് സംരക്ഷണം നല്കാന് ഞങ്ങളുണ്ട്. ഒരാളുടേയും സംരക്ഷണം ഇവിടെ വേണ്ട. ഈ ഗെയിറ്റിന് അപ്പുറത്തല്ലാതെ, ഇങ്ങോട്ടേക്ക് കടന്നുപോകരുത് പോകരുത് പോലീസ്' ഐസി ബാലകൃഷ്ണന് വ്യക്തമാക്കി.
അക്രമിക്കപ്പെട്ട രാഹുലിന്റെ ഓഫീസ് സന്ദര്‍ശിക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വയനാടെത്തിയിരുന്നു. സന്ദര്‍ശനത്തിന് ശേഷം ഡിസിസി ഓഫീസില്‍ സതീശന് വാര്‍ത്താസമ്മേളനം നടത്തി. ഇതിന് തൊട്ടുപിന്നാലെയാണ് ഡിവൈഎസ്പി ഉള്‍പ്പടെയുള്ള പോലീസുകാരെ ഡിസിസി ഓഫീസില്‍ നിന്ന് ഇറക്കിവിട്ടത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ബഫര്‍ സോണ്‍ വേണമെന്ന് തീരുമാനിച്ചത് ' മുകളില്‍ നിന്ന് നിര്‍ദ്ദേശം ഉള്ളത് കൊണ്ടാണ് മാര്‍ച്ച് നടക്കും എന്നറിഞ്ഞിട്ടും പോലീസ് തടയാതിരുന്നത്. ദേശീയ സംസ്ഥാന തലത്തില്‍ ഉണ്ടായ പ്രതിഷേധവും പ്രതിരോധവും കണ്ടാണ് സിപിഎം പിന്നീട് ആക്രമണത്തെ അപലപിച്ചതെന്നും വി ഡി സതീശന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനിടെ ഗാന്ധിജിയുടെ ചിത്രം എസ്എഫ്ഐക്കാരുടെ ആക്രമണത്തിന് ശേഷമാണ് എംപി ഓഫീസില്‍ എത്തിയതെന്ന് ആരോപണം ഉയരുന്നുണ്ടെന്ന ചോദ്യത്തിന് വി.ഡി.സതീശന് പ്രകോപിതനായി.
അക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ 19 എസ്എഫ്ഐക്കാരെ ഇന്ന് റിമാന്‍ഡ് ചെയ്തു. കല്പറ്റ മുന്‍സിഫ് കോടതി ഇവരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..