കൂട്ടംതെറ്റി കുട്ടിയാന കിടങ്ങില്‍ വീണു; രക്ഷപ്പെടുത്തി അമ്മയാനയ്ക്കരികിലെത്തിച്ച് വനപാലകര്‍


കിടങ്ങിൽ വീണ കുട്ടിയാനയെ വനപാലകർ രക്ഷപ്പെടുത്തിയപ്പോൾ

സുൽത്താൻബത്തേരി: വയനാട് വന്യജീവിസങ്കേതത്തിൽ, കുഴിയിൽവീണ കുട്ടിയാനയെ വനപാലകർ രക്ഷപ്പെടുത്തി അമ്മയാനയ്ക്കൊപ്പം വിട്ടു. രണ്ടരമാസത്തോളം പ്രായമുള്ള ആനക്കുട്ടിയാണ് ഞായറാഴ്ച രാവിലെ വനത്തിനുള്ളിലെ കിടങ്ങിലകപ്പെട്ടത്. രാവിലെ ഏഴുമണിയോടെയാണ് കുറിച്യാട് റെയ്ഞ്ചിലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലുള്ള പുല്ലുമല കോളനിക്ക് സമീപത്തെ വനഭാഗത്തെ കിടങ്ങിനുള്ളിൽ ആനക്കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയാനയുടെ കരച്ചിൽകേട്ട് നടത്തിയ അന്വേഷണത്തിലാണ് കിടങ്ങിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് വണ്ടിക്കടവ് സ്റ്റേഷനിലെ ജീവനക്കാർ ചേർന്ന് കുട്ടിയാനയെ സുരക്ഷിതമായി കിടങ്ങിന് പുറത്തെടുത്തു. ഈ സമയം അല്പമകലെയായി നിലയുറപ്പിച്ചിട്ടുണ്ടായിരുന്ന ആനക്കൂട്ടത്തിനടുത്തേക്ക് വിട്ടെങ്കിലും കുട്ടിയാന അവിടേക്ക്‌ പോകാൻ കൂട്ടാക്കിയില്ല. വിവരമറിഞ്ഞ്, എലിഫന്റ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസർ എൻ. രൂപേഷിന്റെ നിർദേശപ്രകാരം റാപ്പിഡ് റെസ്‌പോൺസ് ടീമംഗങ്ങളും സംഭവസ്ഥലത്തെത്തി.

കൂട്ടംപിരിഞ്ഞ് കാട്ടിനുള്ളിലൂടെ ഓടിനടന്ന കുട്ടിയാന ഇതിനിടെ മറ്റൊരു കിടങ്ങിലേക്ക് കാൽവഴുതി വീണു. 9.30-ഓടെ പുല്പള്ളി-ബത്തേരി റോഡരികിൽ പുകലമാളത്തിന് സമീപത്തെ ആനക്കിടങ്ങിലാണ് കുട്ടിയാന അകപ്പെട്ടത്. വനംവകുപ്പ് ജീവനക്കാർ കിടങ്ങിലിറങ്ങി കുട്ടിയാനയെ കരയ്ക്കുകയറ്റിയശേഷം വനംവകുപ്പിന്റെ വാഹനത്തിൽ കയറ്റി കാട്ടുപാതകളിലുടെ ചുറ്റിസഞ്ചരിച്ച് ഉൾവനത്തിൽ തമ്പടിച്ചിരുന്ന ആനക്കൂട്ടത്തിനടുത്തേക്ക് വിട്ടു. തുടർന്ന് കുട്ടിയാന അമ്മയാനയ്ക്കൊപ്പം പോകുന്നുണ്ടോയെന്ന് നിരീക്ഷണത്തിനായി ജീവനക്കാർ അല്പദൂരം മാറിനിന്നു. എന്നാൽ, വീണ്ടും കുട്ടിയാന കാട്ടിലൂടെ തനിയെ ചുറ്റിത്തിരിഞ്ഞ് ആദ്യം വീണ കിടങ്ങിന് സമീപത്തെത്തി. വനപാലകരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കൂട്ടംപിരിഞ്ഞ കുട്ടിയാനയെ വീണ്ടും അമ്മയോടൊപ്പം ചേർക്കാനുള്ള ദൗത്യം വിജയംകണ്ടത്. കുട്ടിയാനയെ തുടർന്നും നിരീക്ഷിക്കുന്നതിനായി ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി. ശശികുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി.എൻ. ദിവാകരൻ, എ.വി. ഗോവിന്ദൻ, ടി.എൻ. കുമാരൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ. അനിൽകുമാർ, ഷിബു ശങ്കർ, പി.എം. വിനോദ്, വാച്ചർമാരായ ഇ.എം. ദിനേശൻ, എം.എ. പ്രകാശൻ, ഷിബിൻ മാത്യു, എം. അശോകൻ, എം. ഗോപി, എം. ബിനു, എം. വിനു, ഡ്രൈവർ എം. ബാബു എന്നിവരടങ്ങിയ സംഘമാണ് കുട്ടിയാനയെ കിടങ്ങിൽനിന്ന്‌ രക്ഷപ്പെടുത്തി അമ്മയാനയുടെ സമീപത്തെത്തിച്ചത്.

Content Highlights: wayanad baby elephant rescued


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented