വടുവൻചാൽ സ്കൂൾ പ്രീമിയർ ലീഗിൽ കളിക്കാരെ പരിചയപ്പെടുന്നു
അമ്പലവയല്‍: വടുവൻചാൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒരുമാസത്തോളമായി കുട്ടികളുടെ ഹാജർനില വളരെക്കൂടുതലാണ്. പലകാരണങ്ങളാൽ സ്കൂൾ മുടക്കിയിരുന്ന ഗോത്രവിഭാഗത്തിലേതുൾപ്പടെ കുട്ടികൾ ഇപ്പോൾ സ്കൂളിൽവരാൻ മത്സരിക്കുകയാണ്. എല്ലാവരെയും സ്കൂളിൽ വരാൻ പ്രേരിപ്പിക്കുന്ന സംഗതി ഫുട്ബോളാണ്.
ലോകം കാൽപ്പന്താവേശത്തിൽ മുഴുകുമ്പോൾ വടുവൻചാൽ ഗവ. സ്കൂൾ മൈതാനത്തും പന്തുരുളുകയാണ്. എട്ടുമുതൽ ക്ലാസുകളിലെ ആൺകുട്ടികളാണ് ആവേശത്തോടെ പന്തുതട്ടുന്നത്. സബ്ജില്ലാതലത്തിൽ മത്സരിച്ചുജയിച്ചവർമുതൽ തുടക്കക്കാർവരെയുണ്ട് കൂട്ടത്തിൽ. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് തടയാൻ ഐ.എസ്.എൽ. മാതൃകയിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ച സ്കൂൾ അധികൃതരുടെ നീക്കം ഫലംകണ്ടുതുടങ്ങിയിരിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി സ്കൂൾതലത്തിൽ സംഘടിപ്പിച്ച വടുവൻചാൽ സ്കൂൾ പ്രീമിയർ ലീഗ് ഫൈനൽ റൗണ്ടിലേക്ക് കടക്കുമ്പോൾ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ഒരുപോലെ ഹാപ്പി.
എത്രനല്ല കളിക്കാരനാണെങ്കിലും 90 ശതമാനം ഹാജരുണ്ടെങ്കിൽ മാത്രമേ ടീമിലിടമുളളൂ. നല്ല സ്വഭാവസർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് സൈഡ് ബെഞ്ചിൽപോലും സ്ഥാനമില്ല. പല ഫ്രാഞ്ചെയ്സികൾ ലേലത്തിൽ സ്വന്തമാക്കിയ ആറുടീമുകളാണ് ആദ്യ സീസണിൽ കളിക്കുന്നത്. ജേഴ്സിയും ബൂട്ടും പന്തുമുൾപ്പെടെ എല്ലാം സ്പോൺസർമാർ നൽകും. നാലുമണിക്ക് സ്കൂളിലെ കൂട്ടമണിയടിച്ചാൽ വിദ്യാർഥികളെല്ലാം മൈതാനത്ത് ഒത്തുകൂടും. കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകൃത റഫറിയായ കെ.എസ്. സന്തോഷിന്റെ ശിക്ഷണത്തിൽ പരിശീലിക്കും. കുറഞ്ഞകാലംകൊണ്ട് നല്ല റിസൽട്ടുണ്ടെന്ന് പരിശീലകൻ കെ.എസ്. സന്തോഷ്.
ഗോത്രവിഭാഗങ്ങളിലെ കുട്ടികൾ കൂടുതൽപേർ ടീമിന്റെ ഭാഗമാണ്. കളിക്കാനും പ്രോത്സാഹിപ്പിക്കാനുമെല്ലാം വിദ്യാർഥികൾ വൈകുന്നേരങ്ങളിൽ മൈതാനത്ത് ഒത്തുകൂടുന്നത് പദ്ധതിയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാദിവസവും ക്ലാസിലെത്താനും എങ്ങനെയും ഫുട്ബോൾ ടീമിന്റെ ഭാഗമാകാനും മത്സരിക്കുകയാണ് ഇപ്പോൾ ഈ സ്കൂളിലെ കുട്ടികൾ. ലഹരിയുടെ നീരാളിപ്പിടിത്തത്തിൽനിന്ന് കുട്ടികളെ സംരക്ഷിച്ചുപിടിക്കാൻ ഫുട്ബോൾ നല്ല മരുന്നാണെന്ന് സ്കൂൾ അധികൃതർ. വടുവൻചാൽ സ്കൂൾ പ്രിമിയർ ലീഗിന്റെ ചുവടുപിടിച്ച് വരുംവർഷങ്ങളിൽ ഫുട്ബോൾ ക്യാമ്പിന് തുടക്കംകുറിക്കാനുളള ഒരുക്കമാണ് ഇനിയെന്ന് പ്രഥമാധ്യാപകൻ മനോജ് കല്ലൂർ പറഞ്ഞു.
Content Highlights: wayanad ambalavayal football higher secondary school isl model tournament vaduvanchal govt school
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..