കൊച്ചിയിലെ വാട്ടർബോംബ് | വെള്ളത്തിന്റെ റെഡ് അലർട്ട് ( പരമ്പര - ഭാഗം I )


കെ. ഉണ്ണികൃഷ്ണന്‍

ഒരു മഴയിൽ ഒലിച്ചു പോകാനേയുള്ളു മെട്രോ നഗരമെന്ന കൊച്ചിയുടെ പുറംമോടി.ആഗസ്റ്റ് 30 ന് പെയ്ത മഴ അതു കാണിച്ചുതന്നു.ഇതുവരെ ചെയ്ത ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന വിദ്യ കൊണ്ടൊന്നും കാര്യമില്ല. കൊച്ചി ഇന്ന് ഒരു ജലബോംബിനു മുകളിലാണ്. നഗരത്തിലൂടെയുള്ള അന്വേഷണത്തിൽ കണ്ട കാഴ്ചകളും കേട്ട വർത്തമാനങ്ങളും...

പായൽ നിറഞ്ഞ് ഒഴുക്കു നിലച്ച് ചെളിയും മാലിന്യവും നിറഞ്ഞ് കിടക്കുന്ന തേവര പേരണ്ടൂർ കനാൽ.കോയിത്തറ റെയിൽവേ പാലത്തിനു സമീപത്തെ കാഴ്ച | ഫോട്ടോ : ടി.കെ. പ്രദീപ് കുമാർ

കൊച്ചി: ആഗസ്റ്റ് അവസാനത്തെ ആഴ്ച. മൺസൂൺ ടൂറിസം ആസ്വദിക്കാനാണ് സായ്പും കുടുംബവും കൊച്ചിയിൽ വന്നത്. ചീനവല,സിനഗോഗ്, കഥകളി, കൂടിയാട്ടം, വള്ളംകളി...എന്തെല്ലാം കാണാനുണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ..! ഒരാഴ്ചയായിരുന്നു കൊച്ചിയിലെ താമസം ഉദ്ദേശിച്ചത്. പക്ഷേ വന്ന അന്ന് തന്നെ അവർ പേടിച്ച് ജീവനും കൊണ്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്ന് സ്ഥലം വിട്ടു.

വെള്ളക്കെട്ടിനെ കുറിച്ച് ആലോചിക്കാൻ അടിയന്തരമായി മേയർ വിളിച്ചു ചേർത്ത യോഗത്തിൽ എം ജി റോഡിലെ ഒരു പ്രമുഖ ഹോട്ടലുകാരാണ് സങ്കടത്തോടെ ഇക്കാര്യം പറഞ്ഞത്.കുറെക്കാലം മുൻപ് മൺസൂൺ ടൂറിസത്തിനായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പ്രത്യേക പ്രചാരണം ഒരുക്കിയിരുന്നു.അതു കണ്ട ആരെങ്കിലും ഇന്ന് ഗൂഗിളിൽ കൊച്ചിയിലെ ഒരു സ്ഥലം തിരഞ്ഞാൽ ചുവന്ന നിറത്തിൽ ഒരു മുന്നറിയിപ്പ് വരും, 'വെള്ളക്കെട്ടുള്ള വഴിയാകാൻ ഇടയുണ്ട്..'

കാര്യം വ്യക്തമാണ്.കൊച്ചിയിലെ വെള്ളക്കെട്ട് കൊച്ചിയുടെ മാത്രം പ്രശ്നമല്ല.കേരളത്തിന്റെയാണ്. ലോകമെങ്ങും പ്രശസ്തമായ കേരളത്തിന്റെ ദൈവത്തിന്റെ സ്വന്തം നാട് എന്ന ആ മനോഹരമായ സ്വാഗതകമാനം ഇപ്പോൾ വെള്ളത്തിൽ മുങ്ങി നിൽപ്പാണ്.

ആഗസ്റ്റ് 30 ന് നടന്നത്

കേവലം മണിക്കൂറുകൾ മാത്രമാണ് കൊച്ചിയിൽ നല്ല മഴ പെയ്തത്. കണ്ടുകണ്ടിരിക്കെ നഗരം പെരുവെളളത്തിലായി. രാവിലെ തന്നെ ജനങ്ങൾ അപകടം മണത്തു. 2018 ലെ വെള്ളപ്പൊക്കത്തിന്റെ ഓർമ വന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മിക്കവരും വീടൊഴിഞ്ഞു. വാഹനങ്ങൾ ഉയരമുള്ള റോഡുകളിൽ കൊണ്ടുപോയിട്ടു.ആയിരക്കണക്കായ ജനങ്ങളുടെ പരാതിപ്രവാഹത്തിൽ ജനപ്രതിനിധികൾക്ക് ഇരിക്കപ്പൊറുതിയില്ലാതായി. പിറ്റേന്ന് രാത്രി തന്നെ മേയറുടെ നേതൃത്വത്തിൽ ഒരു സംഘം എം ജി റോഡിലിറങ്ങി. കാനകളിലെ സ്ലാബുകൾ നീക്കി തടസം എവിടെയെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

മണ്ണുമാന്തി യന്ത്രങ്ങൾ സ്ലാബു നീക്കിയപ്പോൾ അതു വരെ കൊച്ചി കാണാത്ത ഒരു സംഗതി കണ്ടു. ചതുരക്കട്ടകളായി ഉറച്ചുപോയ മാലിന്യം. ഏതാണ്ട് വേസ്റ്റ് കൊണ്ടുണ്ടാക്കിയ വലിയ മൈസൂർപാക്ക് പോലെ..! ചിലയിടത്ത് കാന തുറന്നപ്പോൾ തലങ്ങും വിലങ്ങും കേബിളുകളും കുഴലുകളും പൈപ്പുകളും. അതിനു ചുറ്റും കുരുങ്ങി നിൽക്കുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങളും.
പക്ഷേ അതൊന്നും ഒന്നുമല്ല.അതിനെക്കാൾ വലുത് പലതുമുണ്ട്.

കാണാതായ കാനകൾ

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായ മട്ടാണ് കൊച്ചിയിൽ.സംവിധാനങ്ങളും സൗകര്യങ്ങളും ഒരുപാട് വന്നു.സൗന്ദര്യവൽക്കരണം നടന്നു.അതിനിടയിൽ കാനകളും നടപ്പാതകളും ഒന്നിച്ചായി.ചിലയിടത്ത് ടൈലിട്ടു.പലയിടത്തും റോഡിലെ ഓവുചാലുകൾ അടഞ്ഞു. ചിലയിടത്ത് കടകളിലേക്ക് കയറാൻ പ്രത്യേകമായി വഴിയും അതിന്റെ ഒപ്പം വന്നു. ഇതിനെല്ലാമിടയിൽ ഒരു കാര്യം മറന്നു, മൺസൂണിൽ മഴ വരുമെന്ന്. മഴക്കാലത്ത് പാവങ്ങളുടെ കൂരയിൽ പതിവായി കയറിയിരുന്ന വെള്ളക്കെട്ട് അങ്ങനെ നഗരഹൃദയത്തിലുമെത്തി.

മെലിഞ്ഞുമെലിഞ്ഞ് കനാലുകൾ

നഗരത്തിൽ മഴക്കാലത്ത് വീഴുന്ന വെള്ളമെല്ലാം ഒഴുകിപ്പോകേണ്ടത് കനാലുകളിലൂടെയാണ് എന്നാണ് വെപ്പ്. പക്ഷേ പലപ്പോഴും നടക്കുന്നില്ല. ഒരു കാലത്ത് ചരക്കുകളുമായി നഗരത്തിലേക്ക് വലിയ വള്ളങ്ങൾ വന്നിരുന്ന കനാലുകൾ ഇപ്പോൾ വല്ലാതെ മെലിഞ്ഞു. കയ്യേറ്റങ്ങൾ തന്നെയാണ് കാരണം. കനാലുകളുടെ അരികിലൂടെ ഒന്നു പോയി നോക്കിയാൽ മാത്രം മതി, ഇത് കാണാം.ഇതും പോരാത്തതിന് മാലിന്യത്തിന്റെ ഒഴുക്ക് വെറെയുമുണ്ട്. വെള്ളക്കെട്ടിൽ കനാലുകൾ നിറഞ്ഞൊഴുകുമ്പോൾ നഗരം വെള്ളത്തിലാകുന്നതിനൊപ്പം രോഗങ്ങളുടെ വേലിയേറ്റവുമുണ്ട്.

ത്വഗ്‌രോഗങ്ങളെ പറ്റി പരാതി പറയുന്ന നിരവധി പേരെയാണ് അന്വേഷണത്തിനിടെ കണ്ടത്. വീടുകൾ ,അപ്പാർട്ട്മെന്റുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള സകല മാലിന്യങ്ങളും വന്നുവീഴുന്നത് ഈ കനാലുകളിലാണ്. കനാലുകളിലേക്ക് കനാലുകളിലേക്ക് തുറന്നുവച്ച മാലിന്യ പൈപ്പുകൾ വളരെ വ്യക്തമായി പലയിടത്തും കാണാം. ഇതിനെതിരായ പല ഉത്തരവുകളും വന്നിട്ടും ആയിരങ്ങൾ പിഴയിട്ടിട്ടും പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായിട്ടില്ല.

കോളിഫോം ബാക്റ്റീരിയ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനകളിൽ മാലിന്യം സംബന്ധിച്ച കാര്യങ്ങൾ പലവട്ടം തെളിഞ്ഞതാണ്. ജനുവരിയിൽ നടത്തിയ പരിശോധന, മാലിന്യം എത്ര കനാലുകളിൽ നിറഞ്ഞുവെന്നതിന്റെ തെളിവാണ്. പേരണ്ടൂർ കനാലിൽ കോളിഫോം (വിസർജ്യത്തിൽ കാണുന്ന ബാക്ടീരിയ) തോത് നിർദിഷ്ട പരിധിയെക്കാൾ 320 മടങ്ങ് കൂടുതലാണ്. ഇടപ്പള്ളി കനാലിൽ ഇത് 230 മടങ്ങും.

പണ്ടത്തെ തെളിനീർ

‘‘പണ്ട് ഇവിടെ നിരയായി തെങ്ങുകളുണ്ടായിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത് സ്കൂൾ വിട്ടുവന്നാൽ തേവര പേരണ്ടൂർ കനാലിലാണ് കുളിയും കളിയുമെല്ലാം. കുട്ടികൾ കനാലിന്റെ ഓരത്തെ തെങ്ങുകളിൽ കയറി കനാലിലേക്ക് ചാടും. തെളിനീരായി കനാലൊഴുകിയ കാലമായിരുന്നു. ഇപ്പോൾ ഇതിലില്ലാത്ത വേസ്റ്റൊന്നുമില്ല. വെള്ളത്തിൽ കാലുകുത്തിയാൽ കിടപ്പിലാകും’’ -പൈലി,വിമുക്തഭടൻ, കണ്ണോത്ത് വീട്, തേവര

പരിശോധന ഇന്ന് വീണ്ടും

കാനകളിലെ തടസം കണ്ടെത്താൻ മേയറും കോർപ്പറേഷൻ ഉദ്യോഗസ്ഥരും കൗൺസിലർമാരും കൂടി ഇന്ന് (തിങ്കളാഴ്ച) രാത്രി വീണ്ടും സൈറ്റ് ഇൻസ്പെക്ഷന് ഇറങ്ങും. കഴിഞ്ഞ മഴയുടെ പിറ്റേന്ന് നടത്തിയ പരിശോധനകൾക്ക് ശേഷം ഓണാവധിയായിരുന്നതിനാലാണ് തൽക്കാലം നിർത്തിവെച്ചത്. ജെസിബി യന്ത്രങ്ങളുപയോഗിച്ചാണ് പരിശോധന. പതിവില്ലാത്ത വിധമാണ് കഴിഞ്ഞ മഴയ്ക്ക് എം ജി റോഡ് മുങ്ങിയത്.

(നാളെ: കനാലിൽ കലക്കിയ കോടികൾ)

Content Highlights: Waterlogging, Kochi, Series xyu8


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented