'മുസിരിസ്'
കൊച്ചി: വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് നിര്‍മിക്കുന്ന 23 ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേത് കെ.എം.ആര്‍.എല്ലിനു കൈമാറി. ഷിപ്യാര്‍ഡിലെ ഷിപ്പ് ടെര്‍മിനലില്‍ ബോട്ടിനുള്ളില്‍ നടന്ന ചടങ്ങിലാണ് ബോട്ട് കൈമാറിയത്. ചടങ്ങില്‍ ബോട്ടിന് മുസിരിസ് എന്ന് നാമകരണം ചെയ്തു.
പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണിത്. 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 10 നോട്ടിക്കല്‍മൈല്‍ ആണ് വേഗത. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന് പുതുമയുമുണ്ട്. അഞ്ച് ബോട്ടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതും കൈമാറും.
വാട്ടര്‍ ടെര്‍മിനലുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണെന്ന് കെ.എം.ആര്‍.എല്‍. അറിയിച്ചു. വൈറ്റില, കാക്കനാട് ടെര്‍മിനലുകള്‍ ഏറെക്കുറെ തയ്യാറായി കഴിഞ്ഞു. നിര്‍മാണവും ഡ്രെഡ്ജിംഗും പൂര്‍ത്തിയായി. ഫ്ളോട്ടിംഗ് ജട്ടികളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. ഹൈക്കോര്‍ട്ട്, വൈപ്പിന്‍, ഏലൂര്‍, ചേരാനല്ലൂര്‍, ചിറ്റൂര്‍ ടെര്‍മിനലുകളുടെ നിര്‍മാണം അടുത്തവര്‍ഷം ഏപ്രിലോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്‌നി മധുമിത ബെഹ്‌റ തുടങ്ങിയവര്‍.
വൈറ്റില ഹബിലെ ഓപ്പറേറ്റിംഗ് കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ഓട്ടോമാറ്റിക്കായി ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല. 76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോ.
ആദ്യ ബോട്ട് കൈമാറുന്ന ചടങ്ങില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് സി.എം.ഡി മധു എസ്. നായര്‍, കെ.എം.ആര്‍.എല്‍. എംഡി ലോക് നാഥ് ബെഹ്‌റ, ഡയറക്ടര്‍മാരായ കെ.ആര്‍. കുമാര്‍, ഡി.കെ സിന്‍ഹ, ഷിപ്യാര്‍ഡ് ഡയറക്ടര്‍മാരായ ബിജോയ് ഭാസ്‌കര്‍, വി.ജെ. ജോസ്, വാട്ടര്‍ മെട്രോ ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദ്ദനന്‍, അഡീഷണല്‍ ജനറല്‍ മാനേജര്‍ സാജന്‍ പി. ജോണ്‍, ഷിപ്യാര്‍ഡ് ജനറല്‍ മാനേജര്‍ ശിവകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലോക്‌നാഥ് ബെഹ്‌റയുടെ പത്‌നി മധുമിത ബെഹ്‌റ മുഖ്യാതിഥിയായിരുന്നു.
Content Highlights: Water Metro Kochi Metro Rail Ltd
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..