കൊച്ചി: ഒറ്റ രാത്രിയിലുണ്ടായ കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങി. പനമ്പള്ളിനഗര്‍, പാലാരിവട്ടം, പള്ളുരുത്തി, എം.ജി റോഡ്, തമ്മനം, ചിറ്റൂര്‍ റോഡ്, കമ്മട്ടിപ്പാടം അടക്കം നഗരത്തിലെ പ്രധാനഭാഗങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും വെള്ളത്തിലായി. ഇടപ്പള്ളി വട്ടേക്കുന്നം ജുമാ മസ്ജിദിന് സമീപം റോഡ് ഇടിഞ്ഞ് സമീപത്തെ വീടിനു മുകളില്‍ വീണു. റോഡ് ഇടിഞ്ഞ് താഴേക്ക് പതിച്ചതോടെ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന മൂന്നു കാറുകള്‍ തകര്‍ന്നു.
വെള്ളക്കെട്ട് സ്ഥിരം പ്രശ്‌നമായതോടെ ജില്ലാ ഭരണകൂടം ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കിയെങ്കിലും അതും ഫലം ചെയ്തില്ല. ചിലയിടങ്ങളില്‍ കാനകള്‍ തുറന്നിട്ടതോടെ വഴിയേത് കുഴിയേത് എന്ന് അറിയാത്ത സ്ഥിതിയായി. ഒട്ടേറെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും വെള്ളംകയറി. വെള്ളക്കെട്ടിലായ പള്ളുരുത്തി മേഖല കണ്ടെയിന്‍മെന്റായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. പശ്ചിമ കൊച്ചിയിലും വെള്ളക്കെട്ട് രൂക്ഷമാണ്.

പ്രതിക്ഷേധിക്കുന്ന താമസക്കാര്‍. ഫോട്ടോ: വി.കെ.അജി.
പി ആന്‍ഡി ടി കോളനിയിലെ 87 വീടകള്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങി. ഇവരെ മാറ്റി താമസിപ്പിക്കാന്‍ പോലീസും തഹസില്‍ദാരും എത്തിയെങ്കിലും നാട്ടുകാര്‍ അധികൃതരോട് സഹകരിച്ചില്ല. നിരവധി വര്‍ഷങ്ങളായി തങ്ങള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. വെള്ളക്കെട്ടുണ്ടാകുമ്പോള്‍ താത്കാലികമായി മാറ്റിത്താമസിക്കുന്നതിന് പകരം സ്ഥിരം സംവിധാനം ഒരുക്കണമെന്ന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണയും അതിന് യാതൊരു മാറ്റവുമുണ്ടായില്ലെന്നും കോളനിവാസികള്‍ പറയുന്നു.
താത്കാലികമായി മാറാന്‍ തയ്യാറാവുകയാണെങ്കില്‍ പോലും വീണ്ടും ഇവിടേക്ക് വരേണ്ടിവരും. ഇതാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് പോകാന്‍ കാരണം. പ്രതിഷേധം ശമിപ്പിക്കാന്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
ജനപ്രതിനിധികള്‍ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്ന് കോളനിവാസികള്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വീടിന്റെ ജോലികള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. സാഹചര്യങ്ങള്‍ പഴയതുപോലെ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ഇനി താത്കാലികമായി മാറാന്‍ തയ്യാറല്ലെന്ന് കോളനിവാസികള്‍ പറയുന്നു. രേഖാമൂലം സര്‍ക്കാര്‍ തീരുമാനം അറിയിച്ചേപറ്റുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.Content Hightlights: Kochi heavy rain, P and T Colony