Photo: Screengrab
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 140 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
ഇന്നലെ വൈകുന്നേരം മുതൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയായിരുന്നു. രാത്രി മുതലുള്ള കണക്ക് പ്രകാരം നാലായിരം ഘനയടിയിലധികം ജലമാണ് ഓരോ മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 140 അടി കവിഞ്ഞതോട് കൂടിയാണ് തമിഴ്നാട് കേരളത്തിന് ഒരു മുന്നറിയിപ്പ് നൽകിയത്. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയുടെ കാര്യം പരിഗണിച്ചായിരിക്കും അണക്കെട്ട് തുറക്കുന്നത് പരിഗണിക്കുക. നവംബർ 20 വരെയുള്ള കണക്കുകൾ പ്രകാരം അപ്പർ റൂൾ പ്രകാരം പരമാവധി 141 അടി ജലം സംഭരിക്കാൻ സാധിക്കും. എന്നാൽ ശക്തമായ മഴ തുടരുകയാണെങ്കിൽ പെട്ടെന്ന് തന്നെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.76 അടിയായി ഉയർന്നു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ ശക്തി പ്രാപിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ നദീതീരങ്ങളിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ രാത്രിമുതൽ തിരുവനന്തപുരത്ത് ശക്തമായ മഴയാണ് ലഭിച്ചു കൊണ്ടിരികുന്നത്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിയ നിലയിലാണ്. ശക്തമായ മഴയും കടലാക്രമണവും മൂലം നിരവധി ബോട്ടുകളാണ് തകർന്നത്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ വളരെ രൂക്ഷമാണ്. നെയ്യാറ്റിൻകര, പാലോട്, വിതുര തുടങ്ങിയ മേഖലകളിലാണ് മണ്ണിടിച്ചിൽ അതിരൂക്ഷമായി തുടരുന്നത്. റെയിൽ വേ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് നാഗർകോവിൽ - തിരുവനന്തപുരം റെയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇന്നലെ റെഡ് അലർട്ടായിരുന്നു. എന്നാൽ ഇന്ന് ഓറഞ്ച് അലർട്ടാണ് തിരുവനന്തപുരം ജില്ലയിൽ.
പത്തനംതിട്ടയിലും കനത്ത മഴയാണ്. പലയിടങ്ങളിലും വെള്ളം കയറിയ നിലയിലാണ്. നദീതീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും സമാനമായ സാഹചര്യം സമീപ കാലത്ത് ഉണ്ടായവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കോന്നിയിൽ 136 മില്ലി മീറ്റർ മഴയാണ് ലഭിക്കുന്നത്.
കൊല്ലത്തും സമാനരീതിയിൽ ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും വെള്ളം കയറിയ നിലയിലാണ്. വെള്ളക്കെട്ട് കാരണം ഗതാഗതം തടസപെട്ട നിലയിലാണ്. പട്ടാഴിയിൽ ഉരുൾ പൊട്ടലുണ്ടായി എന്നാണ് വിവരം. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വൃഷ്ടിപ്രദേശത്ത് മഴ കനത്തത് കൊണ്ട് തന്നെ തെന്മല അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
കുട്ടനാട് മേഖലയിൽ വെള്ളം കയറിത്തുടങ്ങുന്ന സാഹചര്യമാണുള്ളത്. ചെങ്ങന്നൂർ താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 29 പേരാണ് ഇവിടെ പാർപ്പിച്ചിട്ടുള്ളത്. മാവേലിക്കര താലൂക്കിൽ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട് എന്നാണ് വിവരം. എന്നാൽ ആശങ്കപ്പെടാനുള്ള ജലനിരപ്പ് ആലപ്പുഴ ജില്ലയിൽ ഉയർന്നിട്ടില്ല എന്നാണ് വിവരം.
നിലവിൽ സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Content highlights: Water level rising - Mullaperiyar dam may be opened
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..