ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 80 ശതമാനമായി ഉയര്‍ന്നു. 10 ദിവസത്തിനിടെ ആറ് അടിയോളം ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ അഞ്ച് അടി വെള്ളം കൂടുതലാണ്. 

2379 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നത്തെ സ്ഥിതിയില്‍ പുതിയ റൂള്‍ കര്‍വ് പ്രകാരം 14 അടി കൂടി ജലനിരപ്പ് ഉയര്‍ന്ന് 2394 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടിവരും. വൃഷ്ടി പ്രദേശത്ത് 15 മി.മീ വരെ മഴ ലഭിക്കുന്നുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. പക്ഷേ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം കുറവാണ്. 2.37 ദശലക്ഷം യൂണിറ്റ് മാത്രമാണ് വൈദ്യുതി ഉത്പാദനം. സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം 64.37 ദശലക്ഷം യൂണിറ്റ് ആയി ഉയര്‍ന്നു. 

അതേസമയം 42.6 ദശലക്ഷം വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണ് ഇടുക്കി അണക്കെട്ടില്‍ ജലം ശേഖരിച്ച് നിര്‍ത്തുന്നത്. ഇപ്പോഴത്തെ നിലയിലുള്ള നീരൊഴുക്ക് തുടര്‍ന്നാലും വര്‍ധിച്ചാലും അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍. എന്നാല്‍ തുടര്‍ച്ചയായി അതിതീവ്ര മഴ ഉണ്ടായാല്‍ അണക്കെട്ട് നിറയുമെന്ന ആശങ്കയും ഉണ്ട്. സംഭരണശേഷിയുടെ 85 ശതമാനം പിന്നിട്ടാല്‍ മൂലമറ്റം വൈദ്യുതി നിലയത്തില്‍ വൈദ്യുതി ഉത്പാദനം ഉയര്‍ത്താനാണ് വൈദ്യൂതിബോര്‍ഡിന്റെ തീരുമാനം.

Content Highlights: water level of Idukki dam is increasing