കൊച്ചി: മധ്യകേരളത്തില്‍ മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും തീരപ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി കനത്ത മഴയാണുണ്ടായത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്. ഓഗസ്റ്റ് 14 രാവിലെ വരെ ജില്ലയില്‍ 80.27 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഴ കനത്തതോടെ പെരിയാര്‍ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി. എന്നാല്‍, കഴിഞ്ഞ ദിവസം ഉണ്ടായത്ര രൂക്ഷമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. കനത്ത കാറ്റും മഴയും ഉണ്ടായതിനാല്‍ 46 ഏക്കര്‍ ഭാഗത്തു നിന്നുള്ള 24 കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ നേര്യമംഗലം ഗവ. സ്‌കൂളിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടുതന്നെ പെരിയാര്‍ തീരത്തും കളക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

മഴ ശക്തി പ്രാപിച്ചതോടെ ഭൂതത്താന്‍കെട്ട് തടയണയില്‍ നിന്ന് പെരിയാറിലേക്കൊഴുകുന്ന ജലത്തിന്റെ അളവും വര്‍ധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 26.95 മീറ്ററായിരുന്ന ഇവിടുത്തെ ജലനിരപ്പ് ബുധനാഴ്ച രാവിലെയോടെ ഒരു മീറ്റര്‍ വര്‍ധിച്ച് 27.90 ആയി. 

Kothamamgalam
കോതമംഗലം ഉറിയംപെട്ടി ആദിവാസി ഊരില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിലേക്ക് എത്തുന്ന ആദിവാസികള്‍.

 

മൂവാറ്റുപുഴയാറിലേക്ക് വെള്ളമൊഴുക്കുന്ന മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉച്ചയോടെ 10 സെന്റീമീറ്റര്‍കൂടി ഉയര്‍ത്തി. നിലവില്‍ ഡാമിന്റെ ആറു ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. മഴ കനത്ത കഴിഞ്ഞ ദിവസങ്ങളില്‍ ഷട്ടറുകള്‍ 85 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തിയിരുന്നു.

നീരൊഴുക്ക് കൂടിയതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലെ രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ജലനിരപ്പ് 419.41 മീറ്ററില്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് കഴിഞ്ഞ ദിവസം അടച്ച സ്ലൂയിസ് ഗേറ്റ് വീണ്ടും തുറക്കുന്നത്. ചാലക്കുടിപ്പുഴയില്‍ 10 സെന്റീമീറ്റര്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Water level likely to rise at Periyar and Chalakudy river