ഇടുക്കി: കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. 138 അടിയിലെത്തുമ്പോള്‍ രണ്ടാം മുന്നറിയിപ്പ് നല്‍കും. 140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുക. 

നിലവില്‍ കുമളി, അടിമാലി ഉള്‍പ്പെടെയുള്ള മേഖലകളിലും ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇതോടെ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചു. 

ശനിയാഴ്ച ഉച്ചയോടെ തൊടുപുഴ നഗരത്തില്‍ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ശക്തമായ മഴ പെയ്തു. നഗരത്തില്‍ പലയിടങ്ങളിലും കെ.കെ.ആര്‍ ജംഗ്ഷനിലെ മൂന്ന് വീടുകളിലും വെള്ളം കയറി. മൂന്ന് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെയുള്ളവരെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മാറ്റിപ്പാര്‍പ്പിച്ചു. 

വരും മണിക്കൂറുകളിലും ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധനവില്ല. നിലവില്‍ ഒരു ഷട്ടര്‍ മാത്രമാണ് ഇടുക്കിയില്‍ തുറന്നുവെച്ചിരിക്കുന്നത്.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും പത്തനംതിട്ടയുടെ മലയോര മേഖലകളിലും കനത്ത മഴയാണ്. കോട്ടയം വണ്ടന്‍പതാല്‍ മേഖലയില്‍ ചെറിയ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. സീതത്തോട് കോട്ടമണ്‍പാറയില്‍ വെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി.

കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴ പെയ്യുന്നത്. ഇതോടെ മണിമലയാറ്റില്‍ നീരൊഴുക്ക് കാര്യമായി കുടിയിട്ടുണ്ട്. മണിമലയാറ്റിലേക്ക് എത്തുന്ന തോടുകള്‍ കരകവിഞ്ഞ് വീടുകളുടെ സമീപ പ്രദേശത്തേക്ക് വെള്ളം എത്തുന്ന സ്ഥതിയാണ്. 

തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴി നിലവില്‍ ലക്ഷദ്വീപിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ചക്രവാത ചുഴിയുടെ സ്വാധീനം മൂലം ഇന്നും നാളെയും (ഒക്ടോബര്‍ 23-24)  കേരളത്തില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യത. തുലാവര്‍ഷത്തിന്റെ മുന്നോടിയായി ബംഗാള്‍ ഉള്‍കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബര്‍ 25 മുതല്‍ 27 വരെ കേരളത്തില്‍ വ്യാപകമായി ഇടി മിന്നാലോട് കൂടിയ മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. 

ഒക്ടോബര്‍ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍  കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി. മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

content highlights: water level in mullaperiyar dam reaches 136 feet, first warning