പൈനാവ്: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പു പ്രകാരം അണക്കെട്ടിലെ രാവിലെ 8.30ന്‌ ജലനിരപ്പ് 2399.38 അടിയാണ്‌.

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.

അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നിരുന്നു. ഇവ ഇതുവരെ അടച്ചിട്ടില്ല. 

clt

സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്നെത്തും. ഉച്ചയ്ക്ക് 12.50 ഓടെയാണ് അദ്ദേഹം കൊച്ചിയിലെത്തുക. തുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗം ഇടുക്കി, ചെറുതോണി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. വൈകിട്ട് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രിയും ജനപ്രതിനിധികളും കേരളത്തിലെ പ്രളയത്തെ കുറിച്ചുള്ള വിവരങ്ങള്‍ രാജ്‌നാഥ് സിങ്ങിനു കൈമാറും. 

ഞായറാഴ്ച രാവിലെ ഏഴുമണിയോടെ കക്കി ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. 45 സെന്റീമീറ്റര്‍ ഉയരത്തിലാണ് ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. ഞായറാഴ്ച രാവിലെ ആറുമണി വരെയുള്ള കണക്കു പ്രകാരം പമ്പാ അണക്കെട്ടിലെ ജലനിരപ്പ്  985.40 ആയി. പെരിയാറിലെ ജലനിരപ്പില്‍ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാള്‍ ജലനിരപ്പ് പത്തടിയിലേറെ കുറഞ്ഞതായാണ് സൂചന. ജലനിരപ്പില്‍ കുറവുണ്ടായത് സമീപവാസികള്‍ക്ക് ആശ്വാസമായെങ്കിലും ആളുകള്‍ ഇപ്പോളും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. എഴുപത്തഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനൊന്നായിരം ആളുകളാണ് ഇപ്പോഴുള്ളത്. ആലുവ, പറവൂര്‍, ഏലൂര്‍ മേഖലകളിലെ വീടുകളില്‍ കഴിഞ്ഞദിവസം വെള്ളം കയറിയിരുന്നു.

അതേസമയം ഇടമലയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. 169 അടിയാണ് ഇടമലയാറിന്റെ പരമാവധി സംഭരണ ശേഷി. 

വയനാട്ടില്‍ കനത്തമഴ തുടരുകയാണ്. കഴിഞ്ഞദിവസം ബാണാസുര ഡാമിന്റെ അണക്കെട്ട് അപ്രതീക്ഷിതമായി തുറന്നതിനെ തുടര്‍ന്ന് മേഖലയില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. നൂറുകണക്കിന് ആളുകളാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. മന്ത്രി ടി പി രാമകൃഷ്ണന്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ഇന്ന് സന്ദര്‍ശിക്കും. 

Content highlights: Water level decreses in Idukki dam