പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്
പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്സണും കൗണ്‍സിലറും തമ്മില്‍ അസഭ്യവര്‍ഷവും വാക്പയറ്റും നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ബി.ജെ.പി. ജില്ലാ സെക്രട്ടറിയുമായ കെ.വി.പ്രഭയോട് ചെയര്‍പേഴ്സണ്‍ സുശീലാ സന്തോഷ് രോഷാകുലയായി സംസാരിക്കുന്ന വീഡിയോ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിലെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ നഗരസഭയുടെ കൗണ്സില്ഹാളിലാണ് രംഗങ്ങള്‍ അരങ്ങേറിയത്. ഹാളിലേക്ക് ക്ഷുഭിതയായി കയറിവന്ന ചെയര്‍പേഴ്സണ്‍ കെ.വി.പ്രഭയോട് അപമര്യാദയായി സംസാരിക്കുന്നതും മേലാല്‍ ഇത് ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്കുന്നതുമാണ് രംഗങ്ങളിലുള്ളത്.
പദ്ധതി ഡി.പി.സി.ക്ക് സമര്‍പ്പിക്കുന്നതിനായി ഞായറാഴ്ച വൈകിയും നഗരസഭയില്‍ ജോലി നടക്കുന്നുണ്ടായിരുന്നു. ഇവിടെ ചെയര്‍പേഴ്സണെ വിളിക്കാനെത്തിയ ഭര്‍ത്താവ് നഗരസഭാ ഓഫീസിലിരിക്കുന്ന ചിത്രം പ്രചരിപ്പിച്ചതാണ് ചെയര്‍പേഴ്സണെ ചൊടിപ്പിച്ചതെന്നറിയുന്നു. പദ്ധതികളെച്ചൊല്ലിയുള്ള തര്‍ക്കവും ഇവര്‍ക്കിടയില്‍ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് നഗരസഭയില്‍ സെക്രട്ടറിയെ ഭരണകക്ഷിയില്‍പ്പെട്ട അംഗങ്ങള്‍ ഉപരോധിച്ചിരുന്നു.
വ്യക്തിപരമായി അധിക്ഷേപിച്ചു
വ്യക്തിപരമായി കുടുംബത്തെയുള്‍പ്പെടെ അധിക്ഷേപിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാലാണ് ഇത്തരത്തിലെ പ്രതികരണത്തിന് മുതിര്‍ന്നത്. കൗണ്‍സിലറുടെ ഇത്തരം നടപടികള്‍ക്കെതിരേ പാര്‍ട്ടിയുടെ മേല്‍ഘടകത്തില്‍ പരാതി നല്‍കും.-സുശീല സന്തോഷ്, ചെയര്‍പേഴ്സണ്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..