കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.എസിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മുസ്ലിം സംഘടനകള്‍. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം പ്രക്ഷോഭവും സമരവും സംഘടിപ്പിക്കുമെന്നും മുസ്ലിം സംഘടനകള്‍ വ്യക്തമാക്കി. കോഴിക്കോട് മുസ്ലിം ലീഗ് വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു സംഘടനാ നേതാക്കള്‍. 

വഖഫ് ആക്ടിന് എതിരാണ് സര്‍ക്കാര്‍ തീരുമാനം. മതവിശ്വാസികള്‍ അല്ലാത്തവരെ മതത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുമെന്നാണ് സംഘടനകളുടെ നിലപാട്. വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണ്. മതബോധമുള്ളവരാണ് അത് കൈകാര്യം ചെയ്യേണ്ടത്. എസ്‌വൈഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്ലിം ജമാഅത് ഒഴികെയുള്ള പ്രധാനപ്പെട്ട സംഘടനകളെല്ലാം യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമാണ് യോഗത്തിലുണ്ടായത്. 

Content Highlights: waqf board appointment should be withdrawn from psc muslim leaders