'കടലായി തിരയായി' മാറിയ റാലിയില്‍ പാരയായി 'കല്ലായി'; വഖഫില്‍ ലീഗ് പിടിച്ചത് പുലിവാല്


സ്വന്തം ലേഖകന്‍

ജിഫ്‌രി തങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ,മുസ്‌ലിം വഖഫ് സംരക്ഷണ റാലി |ഫോട്ടോ:മാതൃഭൂമി, facebook.com|netzonelivehd

മുസ്‌ലിം ലീഗ് രാഷ്ട്രീയമായി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴാണ് വഖഫ് നിയമന വിവാദം വീണുകിട്ടിയത്. വഖഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകളെ അണിനിരത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനിറങ്ങിയ ലീഗിന് തുടക്കം മുതലേ പാളിയിരുന്നു. ഒടുക്കം കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെല്ലാം ചോര്‍ത്തിക്കളഞ്ഞ വിവാദപ്രസ്താവനയിലും ഖേദനപ്രകടനത്തിലും എത്തിനില്‍ക്കുകയാണ് ലീഗിന്റെ വഖഫ് എന്ന പുലിവാല്‍.

സര്‍ക്കാരിനെതിരായ വഖഫ് സമരത്തില്‍ നിന്ന് എക്കാലത്തും ഒപ്പം നിന്നിരുന്ന സമസ്തയും കൈവിട്ടതോടെ മുന്‍പേ പ്രഖ്യാപിച്ച കോഴിക്കോട്ടെ റാലി മുസ്‌ലിംലീഗിന് അഭിമാന പ്രശ്‌നമായിരുന്നു. പരമാവധി അണികളെ കോഴിക്കോട്ടേക്ക് എത്തിക്കാന്‍ മികച്ച സംഘാടനം തന്നെ ലീഗ് നടത്തി. ശത്രുക്കള്‍ ചുറ്റിലും പതിരിയിരുപ്പുണ്ടെന്ന തിരിച്ചറില്‍ അതീവ സൂക്ഷമതയോടെയായിരുന്നു സംരക്ഷണ റാലിയുടെ തയ്യാറെടുപ്പുകള്‍.

സംഘാടകര്‍ നേരത്തെ എഴുതി തയ്യാറാക്കി പാര്‍ട്ടി മുഖപത്രത്തിലൂടെയും മറ്റും കൈമാറിയ മുദ്രാവാക്യങ്ങളല്ലാതെ മറ്റൊരു ശബ്ദവും ഉയരരുതെന്ന് കര്‍ശന നിര്‍ദേശം അണികള്‍ക്കുണ്ടായിരുന്നു. സമരത്തില്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനമെടുത്ത സമസ്തയുടെ സമുന്നത നേതാക്കള്‍ക്ക് നേരെ സാമൂഹിക മാധ്യമങ്ങളിലും മറ്റുമുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു തീരുമാനം.

ഇടതുപക്ഷം തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നും നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്നുമുള്ള നേതാക്കളുടെ നിര്‍ദേശം ഒരു പരിധിവരെ അണികള്‍ ശിരസ്സാവഹിച്ചു. പക്ഷേ കടപ്പുറത്ത് അണിനിരന്ന ജനസഞ്ചയത്തെ കണ്ടപ്പോള്‍ ചില നേതാക്കള്‍ എല്ലാം മറന്നു. ഇത് പറയാന്‍ ചങ്കൂറ്റംവേണമെന്നും മുന്‍പേ പറഞ്ഞവര്‍ക്കൊന്നും അതില്ലെന്നും വ്യക്തമാക്കി കൊണ്ട് അബ്ദുറഹിമാന്‍ കല്ലായി കത്തികയറി. അണികളെ ത്രസിപ്പിക്കാന്‍ ശുദ്ധ വര്‍ഗീയത പറയുക തന്നെ. അത് വാരിവിതറി അദ്ദേഹം. ലീഗുകാർ അവകാശപ്പെടുന്നതുപോലെ 'കടലായി തിരയായി' മാറിയ വഖഫ് സംരക്ഷണ റാലിയില്‍ കല്ലായി ഒടുക്കം ലീഗിന് ഒരു പാരയായി മാറി.

വിവാദം ആളിക്കത്തിയതോടെ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കല്ലായി ചങ്കൂറ്റം തത്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

സമസ്തയും ലീഗും

കാലങ്ങളായി മുസ്‌ലിം ലീഗും സമസ്തയും പരസ്പര പൂരകങ്ങളായിട്ടാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. രണ്ടു സംഘടനകള്‍ക്കും ഇടയില്‍ പാലമായി പാണക്കാട് കുടുംബത്തിന്റെ നേതൃത്വവും പ്രധാനഘടകമായിരുന്നു. സമസ്തയും നേതൃത്വവും ലീഗിന് ഒരു തലവേദനയേ ആയിരുന്നില്ല. നേരത്തെ ചെറിയ ചില അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുമായിരുന്നുവെങ്കിലും ചായ കോപ്പയിലെ കൊടുങ്കാറ്റുപോലെ അത് കെട്ടടങ്ങുമായിരുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് ഇതില്‍ ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടായിത്തുടങ്ങിയത്. ബീഫ് വിവാദവും ആക്രമണങ്ങളും, പൗരത്വഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകളും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളും ഈ വ്യതിയാനങ്ങള്‍ക്ക് അടിത്തറപാകിയിട്ടുണ്ട്. പൗരത്വ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടില്‍ പരസ്യമായി അഭിനന്ദിച്ചുകൊണ്ട് സമസ്ത രംഗത്തെത്തി. ഇതിനെതിരെ പ്രതിഷേധിച്ച ലീഗിനോട് സമസ്ത ആരുടേയും ആലയിലല്ലെന്ന് നേതൃത്വം തുറന്നടിക്കുകയുണ്ടായി. പല വിഷയങ്ങളുമായി ബന്ധപ്പെട്ട് നിലവിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനായ ജിഫ്‌രി മുത്തുകോയ തങ്ങളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലീഗിന്റെ ഇടപെടുലകളെ അകറ്റിനിര്‍ത്താന്‍ സിപിഎമ്മിന് ഈ ബന്ധം സഹായകരമായിട്ടുണ്ട്.

സമസ്തയുടെ പിന്‍മാറ്റവും സിപിഎം ഇടപെടലും

വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വെള്ളിയാഴ്ച പള്ളികളിലെ പ്രാര്‍ഥനക്കിടയില്‍ ഉത്‌ബോധനം നടത്തുമെന്ന മുസ്‌ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയാണ് ലീഗിനെ ആദ്യം കുഴിയില്‍ വീഴ്ത്തിയത്. സമസ്ത പ്രതിനിധയടക്കം പങ്കെടുത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു പിഎംഎ സലാമിന്റെ പ്രസ്താവന. എന്നാല്‍ പള്ളികള്‍ പ്രതിഷേധത്തിനുള്ള വേദിയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്‌രി മുത്തുകോയ തങ്ങള്‍ പറഞ്ഞതോടെ ലീഗിന് ഈ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു. എന്തുവില കൊടുത്തും പള്ളികളില്‍ പ്രതിഷേധിക്കുമെന്ന് വെല്ലുവിളിച്ച ലീഗിന് സമസ്തയുടെ നിലപാട് വലിയ അപമാനമുണ്ടാക്കി.

വഖഫ് നിമയന വിവാദത്തില്‍ മുസ്‌ലിംലീഗ് സര്‍ക്കാരിനെതിരെ മുസ്‌ലിം സംഘടനകളെ അണിനിരത്താനുള്ള സാധ്യത മുന്നില്‍ കണ്ട് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഒരു മുഴം മുന്നേ എറിഞ്ഞിരുന്നു. നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ സമസ്ത പ്രമേയം പാസാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഫ്‌രി തങ്ങളെ വിളിച്ചിരുന്നു. ഇക്കാര്യം പിന്നീട് അദ്ദേഹം പരസ്യമാക്കുകയും ചെയ്തു. മുഖ്യമന്ത്രി മാന്യമായിട്ടാണ് പെരുമാറുന്നതെന്നും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞപ്പോഴാണ് ലീഗ് നേതാക്കള്‍ക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.

വഖഫ് വകുപ്പ് മന്ത്രി പി. അബ്ദുറഹിമാനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയതിന് അടുത്ത ദിവസം തന്നെ അബ്ദുറഹിമാന്‍ ജിഫ്‌രി തങ്ങളെ ചെന്നുകാണുകയുണ്ടായി. പിന്നീട് മുഖ്യമന്ത്രിയുമായി സമസ്ത നേതാക്കള്‍ കാണുകയുണ്ടായി. മുസ്‌ലിംലീഗുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അബ്ദുസമദ് പൂക്കോട്ടൂര്‍ അടക്കമുള്ള നേതാക്കളായിരുന്നു മുഖ്യമന്ത്രിയെ കാണാനെത്തിയത്. നിയമനം പിഎസ് സിക്ക് വിടുന്നതിനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത് സമസ്തയുമായി കൂടിയാലോചിച്ച് മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തിറങ്ങിയ നേതാക്കള്‍ പറഞ്ഞത്. ഇപ്പോള്‍ പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്ന് ജിഫ്‌രി തങ്ങളടക്കം പറഞ്ഞതോടെ ലീഗ് ഒറ്റപ്പെട്ടു. ചെയ്യാനുള്ളത് ചെയ്യൂ, ലീഗിനെ ആര് പരിഗണിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. വഖഫ് നിയമനത്തില്‍ രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ച ലീഗിന് ഇതുമൂലമുണ്ടായ വിവാദങ്ങള്‍ തീര്‍ക്കേണ്ട അവസ്ഥയാണിപ്പോള്‍ എന്നതാണ് യാഥാർഥ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented