വഖഫിലെ യൂ ടേണ്‍: മുസ്ലിം സമുദായത്തിന്റെ ഒരുമയുടെ വിജയം; ലീഗിനും നേട്ടം


ഫഹ്‌മി റഹ്‌മാനി

കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഇകെ വിഭാഗം സുന്നി-ലീഗ് നേതാക്കൾക്കൊപ്പം (ഫയൽ) |ഫോട്ടോ:മാതൃഭൂമി

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടാനുള്ള തീരുമാനം റദ്ദാക്കുന്ന ബില്‍ നിയമസഭ പാസാക്കിയതിനുപിന്നില്‍ മുസ്ലിംസമുദായത്തിന്റെ ഒറ്റക്കെട്ടായ നീക്കം. വഖഫ് സംരക്ഷണപ്രക്ഷോഭവുമായി രംഗത്തിറങ്ങിയ മുസ്ലിംലീഗിനെ ചര്‍ച്ചകള്‍ക്ക് വിളിക്കാതെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അവഗണിച്ചെങ്കിലും അവര്‍ക്കും ഇതില്‍ രാഷ്ട്രീയനേട്ടം അവകാശപ്പെടാം. എന്നാല്‍, ലീഗിനെ പിന്തുണച്ചിരുന്ന സമസ്ത, മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമുണ്ടാക്കിയത് ഭാവിയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയുമുണ്ട്. നിയമം റദ്ദാക്കേണ്ടിവന്നെങ്കിലും മുസ്ലിംസംഘടനകളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചെന്ന് സര്‍ക്കാരിനും ആശ്വസിക്കാം.

കഴിഞ്ഞ ഒക്ടോബറിലാണ് വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട് നിയമസഭ ബില്‍ പാസാക്കിയത്. തുടക്കംമുതല്‍ ഇതിനെ ശക്തമായി എതിര്‍ത്ത ലീഗ്, മുസ്ലിംസംഘടനകളുടെ യോഗം വിളിച്ചുകൂട്ടി ഒന്നിച്ചുള്ള സമരം പ്രഖ്യാപിച്ചു. സമസ്ത, മുജാഹിദ് വിഭാഗങ്ങള്‍, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെയെല്ലാം പിന്തുണയോടെയായിരുന്നു നീക്കം. ഇടതുപക്ഷത്തോടു ചേര്‍ന്നുനില്‍ക്കുന്ന സുന്നി കാന്തപുരം വിഭാഗം മാത്രമാണ് വിട്ടുനിന്നത്. പരോക്ഷമായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നയമാണ് അവര്‍ സ്വീകരിച്ചത്. തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് വഖഫ് മന്ത്രി വി. അബ്ദുറഹ്മാനും ആവര്‍ത്തിച്ചു.

വെള്ളിയാഴ്ച പള്ളികളില്‍ ബോധവത്കരണമടക്കം തീരുമാനിച്ചു. എന്നാല്‍, രാഷ്ട്രീയഭിന്നതയുള്ള വിഷയം പള്ളികളില്‍ ചര്‍ച്ചയാക്കിയാല്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സമസ്ത പിന്മാറി. പരസ്യപ്രക്ഷോഭത്തിലേക്ക് നീങ്ങാതെ സര്‍ക്കാരിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും തീരുമാനിച്ചു. പിന്നാലെ മുഖ്യമന്ത്രി സമസ്തയടക്കമുള്ള മതസംഘടനകളുടെ യോഗം വിളിച്ചു. ലീഗിനെ ക്ഷണിച്ചതുമില്ല. സമുദായത്തിന്റെ വിഷയങ്ങള്‍ മതസംഘടനകളുമായി നേരിട്ട് സംസാരിക്കുകയായിരുന്നു സര്‍ക്കാര്‍. ഒപ്പം, മതസംഘടനകളെ സര്‍ക്കാരിനെതിരേ അണിനിരത്താനുള്ള ലീഗിന്റെ നീക്കവും തടഞ്ഞു.

അതോടെ മുസ്ലിംലീഗ് പ്രഖ്യാപിച്ച ഒറ്റക്കെട്ടായ പ്രക്ഷോഭത്തില്‍ വിള്ളല്‍ വീണു. എങ്കിലും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതില്‍ ലീഗ് വിജയിച്ചു. പിന്നീട് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍, വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം തന്നെയാണ് മതസംഘടനകള്‍ ഉന്നയിച്ചത്. ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുംനല്‍കി.

സമസ്ത സമവായത്തിന്റെ മാര്‍ഗം സ്വീകരിച്ചെങ്കിലും ലീഗ് ഒരേസമയം ബോധവത്കരണവും പ്രക്ഷോഭവും തുടര്‍ന്നു. കോഴിക്കോട് വഖഫ് സംരക്ഷണറാലിയും സെക്രട്ടേറിയറ്റ് ധര്‍ണയും പഞ്ചായത്തുതല പ്രതിഷേധങ്ങളും നടത്തി. ജൂലായ് 20-ന് പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയില്‍ത്തന്നെ സര്‍ക്കാര്‍ പിന്നോട്ടുപോകുമെന്ന സൂചനയുണ്ടായിരുന്നു.

പി.എസ്.സി.ക്ക് വിട്ടത് പിൻവലിച്ചു


തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പി.എസ്.സി.ക്കുവിട്ടനിയമം നിയമസഭ പിന്‍വലിച്ചു. ഇതിനുള്ള ബില്‍ സഭ പാസാക്കി. നിയമം പിന്‍വലിച്ചത് പ്രതിപക്ഷം സ്വാഗതംചെയ്തു. എന്നാല്‍, പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടല്ല, മുസ്ലിം മതസംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിയമം പിന്‍വലിക്കുന്നതെന്നായിരുന്നു മന്ത്രി വി. അബ്ദുറഹ്മാന്റെ നിലപാട്. ഇതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.

വഖഫ് ബോര്‍ഡിലെ ഭരണപരമായ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടാനുള്ള ബില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ 11-നാണ് നിയമസഭ പാസാക്കിയത്. ബില്ലിലൈ വ്യവസ്ഥകള്‍ക്കെതിരേ പ്രത്യേകിച്ച് മുസ്ലിംലീഗ് നിയമസഭയിലും സമസ്ത ഉള്‍പ്പടെയുള്ള മതസംഘടനകള്‍ പുറത്തും പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രി മതനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ നിയമം പിന്‍വലിക്കാമെന്നും നിയമനത്തിന് മറ്റൊരു സംവിധാനം ഏര്‍പ്പെടുത്താമെന്നും ഉറപ്പുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമം പിന്‍വലിച്ചത്.

ബുധനാഴ്ച മന്ത്രിസഭ തീരുമാനിച്ച് വ്യാഴാഴ്ചതന്നെ അടിയന്തരമായി ബില്‍ അവതരിപ്പിക്കുകയായിരുന്നു. നിയമനത്തിനായി പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപവത്കരിക്കാനുള്ള ബില്‍ പിന്നീട് അവതരിപ്പിക്കും.

മന്ത്രി വി. അബ്ദുറഹ്മാനാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷവുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചയില്ലാതെ ബില്‍ പാസാക്കി. നിയമനം പി.എസ്.സി.ക്ക് വിടരുതെന്ന് അന്നുതന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടതാണെന്നും സര്‍ക്കാര്‍ അത് പിന്‍വലിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

എന്നാല്‍, പ്രതിപക്ഷം സഭയില്‍ ബില്ലിനെ എതിര്‍ത്തിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സഭയില്‍ മന്ത്രി ആവര്‍ത്തിച്ചു. നിലവിലുള്ള ജീവനക്കാരെ സംരക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മന്ത്രിയുടെ നിലപാട് ശരിയല്ലെന്നും ബില്‍ നിരാകരിക്കണമെന്ന പ്രമേയംവരെ പ്രതിപക്ഷം അവതരിപ്പിച്ചിരുന്നുവെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടല്ല, മതസംഘടനകള്‍ പറഞ്ഞിട്ടാണ് നിയമം പിന്‍വലിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: Waqaf appointment-PSC Withdrawn-victory of the unity of the Muslim community


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented