തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതില്‍ നിരാശാബോധമില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് നിരാശ തോന്നിയിട്ടുണ്ടെങ്കില്‍ തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മട്ടന്നൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസ് ചോദ്യം ഉത്തരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇനിയുള്ള കാലം പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കണം. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹം. മന്ത്രിസഭയിലെ രണ്ടാമന്‍ എന്നെല്ലാം മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതാണ്. മന്ത്രിയാകുന്നതിനേക്കാള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ക്കാണ് പ്രാധാന്യം. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറിനില്‍ക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് മത്സരരംഗത്തുനിന്ന് വിട്ടുനിന്നത്. പാര്‍ട്ടിയിലെ കൂടുതല്‍ ചെറുപ്പക്കാര്‍ മുന്‍നിരയിലേക്ക് കടന്നുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

പിണറായി വിജയനുമായി യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹവുമായുള്ള ആത്മബന്ധത്തിന് ആര്‍ക്കും കോട്ടമുണ്ടാക്കാന്‍ സാധിക്കില്ല. അതത്ര ദൃഢമാണ്. ഒരുതരത്തിലുള്ള തര്‍ക്കങ്ങളും ഞങ്ങള്‍ തമ്മിലുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. മറിച്ചുള്ള നിലവാരമില്ലാത്ത പ്രചാരണം മുഖവിലക്കെടുക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി കരുത്തനായ നേതാവാണ്. അദ്ദേഹത്തെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ച പ്രയോഗം തെറ്റായി കാണേണ്ടതില്ല. ഒരു ആള്‍ക്കൂട്ടത്തിന് വിപ്ലവകരമായ ദൗത്യം നിര്‍വഹിക്കാനും പ്രശ്‌നം പരിഹരിക്കാനും സാധിക്കില്ല. ലക്ഷ്യം നിര്‍വഹിക്കണമെങ്കില്‍ ഒരു ക്യാപ്റ്റന്‍ വേണം. ലക്ഷ്യബോധമുള്ള നേതൃത്വം ഉണ്ടെങ്കില്‍ മാത്രമേ സൈന്യത്തെ നയിക്കാന്‍ സാധിക്കൂ. അതിനാല്‍ ക്യാപ്റ്റന്‍ പ്രയോഗം ഒരു തെറ്റുമില്ലാത്ത പദപ്രയോഗമാണെന്നും ജയരാജന്‍ വ്യക്തമാക്കി.

content highlights: wants to continue as a regular party worker says EP Jayarajan