'ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊന്ന കേസിലെ പ്രതി മധു ജാമ്യത്തിലിറങ്ങി കല്യാണം കഴിച്ച് രണ്ട് കുട്ടികളുമായി സന്തോഷത്തോടെ കഴിയുകയാണ്. കുഞ്ഞുങ്ങളെ നഷ്ടമായിട്ട് മൂന്ന് വര്‍ഷമാകുന്നു. ഇന്ന് അമ്മുമോളുടെ പതിനാറാമത്തെ പിറന്നാളാണ്. ഞങ്ങള്‍ ഇന്ന് കുടുംബത്തോടെ സന്തോഷത്തോടെ കഴിയേണ്ട ദിവസമായിരുന്നു. പക്ഷേ ഇന്ന് ഒരു അരിമണിപോലും കഴിക്കാന്‍ ഞങ്ങള്‍ക്കായില്ല. അവളെ കൊന്നവര്‍ക്ക് തക്കതായ ശിക്ഷ കിട്ടണം'- വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ പറയുകയാണ്.  

വാളായാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളത്ത് സത്യാഗ്രഹം അനുഷ്ഠിക്കുകയായിരുന്നു പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. 

'അന്വേഷണ ഏജന്‍സികളിലെല്ലാമുള്ള വിശ്വാസം നഷ്ടമായി. സി ബി ഐ അന്വേഷിച്ചാലും നീതി കിട്ടുമോ എന്ന് അറിയില്ല. ഇപ്പോഴും കുടുംബത്തിന് പലവിധ ഭീഷണികളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് നടത്തിയാല്‍ മാത്രമേ നീതി ലഭിക്കുകയുള്ളൂവെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്.'അമ്മ ആവശ്യപ്പെടുന്നതുപോലെ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി എടുക്കുമെന്നും കേസ് സി ബി ഐ അന്വേഷിക്കണമെന്നാണ് ആവശ്യമെങ്കില്‍ അതിനുവേണ്ട എല്ലാ സഹായവും ചെയ്ത് തരാം' എന്നാണ് മുഖ്യമന്ത്രി അന്ന് ഞങ്ങളോട് പറഞ്ഞത്. പക്ഷേ അദ്ദേഹം വാക്ക് പാലിച്ചില്ല.'- കുട്ടികളുടെ മാതാവ് പറയുന്നു. 

'തൊഴിലുറപ്പ് പണിക്ക് പോയപ്പോള്‍ മധുവിന്റെ അമ്മപറഞ്ഞത് പറഞ്ഞത് ഇനിയുള്ള ഒരെണ്ണംകൂടി തീര്‍ന്നാല്‍ മാത്രമേ ഞാന്‍ ഈ കേസിന് പോകല്‍ അവസാനിപ്പിക്കൂ എന്നാണ്. എന്റെ കുട്ടികളുടെ മരണ ശേഷം സ്വന്തം അമ്മപോലും മിണ്ടാറില്ല. പുനരന്വേഷണത്തിന് പോയതുകൊണ്ടാണ് അമ്മ മിണ്ടാത്തത്. ചേച്ചിയുടെ മകന്‍ കൂടി കേസിലെ പ്രതിയായതിനാലാണ്. പോയവര്‍ പോയി ഇനിയുള്ളവരെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെയെന്നാണ് അമ്മ പറഞ്ഞത്. പക്ഷേ എനിക്ക് എന്റെ മക്കളേയാണ് നഷ്ടമായത്. അവര്‍ക്ക് പകരമായി മറ്റൊന്നുമാകില്ല- അമ്മ പറയുന്നു.  

ഇനി ഒരു മക്കള്‍ക്കും ഇതുപോലെ സംഭവിക്കരുത്. ഇനി ഒരു അച്ഛനും അമ്മക്കും ഈ അവസ്ഥ ഉണ്ടാകരുത്. എന്റെ മക്കള്‍ പോയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു, ഞാന്‍ അവരെ എവിടെപ്പോയി കാണും? ഞാന്‍ ഇനി എങ്ങനെ എന്റെ കുഞ്ഞുങ്ങളെ കാണുമെന്നും ചോദിക്കുകയാണ് അമ്മ.