കൊച്ചി: വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ലതാ ജയരാജിനു പകരം അഡ്വ. പി. സുബ്രഹ്മണ്യനെ പാലക്കാട്ടെ പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. അപേക്ഷ ക്ഷണിക്കാതെ പഴയ പാനലില്‍നിന്നാണ് ഇദ്ദേഹത്തിന്‍റെ നിയമനം.

വാളയാര്‍ കേസില്‍ പ്രതികള്‍ മുഴുവന്‍ രക്ഷപ്പെടാന്‍ കാരണം പ്രോസിക്യൂട്ടറുടെ ഭാഗത്തെ വീഴ്ചയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. ലതാ ജയരാജിനെ മാറ്റി സുബ്രഹ്മണ്യനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. 

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പുതിയ അപേക്ഷ ക്ഷണിക്കാതെ പഴയ പാനലില്‍ ഉണ്ടായിരുന്ന അഭിഭാഷകനെയാണ് ഇപ്പോള്‍ നിയമിച്ചിട്ടുള്ളത്. മുന്‍പ് ലതാ ജയരാജിനെ മാറ്റി ജലജാ മാധവനെ നിയമിച്ചതും ഇപ്രകാരമായിരുന്നു. അന്ന് തന്നെ മാറ്റിയത് നിമാനുസൃതമല്ലെന്ന് ആരോപിച്ച് ലതാ ജയരാജ് കോടതിയെ സമീപിക്കാനൊരുങ്ങിയപ്പോഴാണ് അവരെ വീണ്ടും നിയമിച്ചത്. 

അന്വേഷണ സംഘത്തിന്റെ പരാജയത്തിനൊപ്പം സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ അലംഭാവവും കേസിലെ പ്രധാന പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായതായി കോടതി പോലും ചൂണ്ടിക്കാട്ടിയിരുന്നു.

സ്‌പെഷല്‍ പ്രോസിക്യൂട്ടറായി ഇപ്പോള്‍ നിയമിതനായിരിക്കുന്ന അഡ്വ. സുബ്രഹ്മണ്യന്‍ സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവാണ്.

Content Highlights: walayar rape case- public prosecutor latha jayaraj replaced