പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം പോലീസ് അന്വേഷണത്തിലെ പിഴവുകളാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജ്. ഇല്ലാത്ത തെളിവ് ഉണ്ടാക്കുകയല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്നും, കുറ്റപത്രത്തില്‍ നിരവധി പാളിച്ചകളുണ്ടെന്നും അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി വിധി. പ്രോസിക്യൂഷന്‍ എന്നാല്‍ പോലീസാണ്. പോലീസിന്റെ ഭാഗത്തുനിന്ന് എന്തെല്ലാം വീഴ്ചകളുണ്ടായെന്ന് എല്ലാവര്‍ക്കുമറിയാം. കേസില്‍ തന്നെ മാറ്റണമെന്ന് പോലീസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പിന്നീട് ആഭ്യന്തരവകുപ്പില്‍നിന്ന് അക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടാകാത്തതിനാലാണ് തന്റെ അടുത്ത് തന്നെ പോലീസ് വന്നത്. പക്ഷേ, കേസിലെ കുറ്റപത്രം അപ്രൂവ് ചെയ്തത് താനല്ലെന്നും ലതാ ജയരാജ് പറഞ്ഞു. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉന്നയിച്ച സംശങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പോലീസ് അവഗണിക്കുകയാണ് ചെയ്തത്. കോടതിയില്‍ കുറ്റപത്രം നല്‍കിയ ശേഷമാണ് താന്‍ ഈ കേസില്‍ ഹാജരാകുന്നതെന്നും തനിക്ക് ആവുന്നവിധം തന്റെ മുന്നിലുണ്ടായിരുന്ന എല്ലാ തെളിവുകളും കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

വാളയാര്‍ കേസിലെ കോടതി വിധിയില്‍ തന്നെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയനേതാക്കളോട് ഒന്നും പറയാനില്ലെന്നും ലതാ ജയരാജ് വ്യക്തമാക്കി. 

Content Highlights: walayar rape case; public prosecutor latha jayaraj blames police investigation