തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ പുനരന്വേഷണമോ സിബിഐ അന്വേഷണമോ ഏതാണ്‌ വേണ്ടതെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ മനുഷ്യത്വപരമായ സമീപനമുണ്ടാകും. സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. 

എന്നാല്‍ സിബിഐ അന്വേഷണം ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തിയില്ലെന്നും കാണിച്ച് പ്രതിപക്ഷം സഭാ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. കേസില്‍ ഒരു ചുക്കും നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. രണ്ടു കുട്ടികളെ കൊലപ്പെടുത്തിയവര്‍ പാട്ടുംപാടി പുറത്തിറങ്ങി നടന്നതാണോ അന്വേഷണം. പ്രതികള്‍ക്ക് വേണ്ടി പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ കേസ് അട്ടിമറിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് വാദിക്കാന്‍ പ്രഗത്ഭനായ വക്കീലിനെ നിയോഗിക്കുമെന്നും കേസില്‍ പുനഃരന്വേഷണം വേണമോ സിബിഐ അന്വേഷണം വേണമോ എന്നത് പരിശോധിക്കും. അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയോ എന്നകാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

വാളയാര്‍ കേസ് അട്ടിമറിച്ചതാണെന്ന് ജനങ്ങള്‍ക്കെല്ലാം അറിയാമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. പ്രതികളെ പുറത്തിറക്കിയത് അരിവാള്‍ ചുറ്റിക പാര്‍ട്ടിയാണെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ തന്നെ പറയുന്നു.

വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് രേഖപ്പെടുത്തിയില്ല. പ്രതികള്‍ക്ക് വേണ്ടി ഹാജരായത് പിന്നീട് സി.സഡബ്ലു.സി ചെയര്‍മാനായ വ്യക്തിയാണ്. സിപിഎമ്മിന്റെ പോഷക സംഘടനയായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയെ മാറ്റിയെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

Content Highlights: Walayar rape case in assembly-cbi or reinvestigation-cm pinarayi vijayan