തിരുവനന്തപുരം: വാളയാറില്‍ ലൈംഗിക പീഡനക്കേസിലെ പ്രതികൾ രക്ഷപ്പെടാന്‍ ഇടയായതിനെക്കുറിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിജിലന്‍സ് ട്രൈബ്യൂണല്‍ മുന്‍ ജഡ്ജി എസ്. ഹനീഫയ്ക്കാണ് അന്വേഷണ ചുമതല. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സഹോദരിമാരുടെ മരണം സംഭവിച്ച കേസില്‍ പോലീസിനു സംഭവിച്ച വീഴ്ച, പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെടാന്‍ ഇടയായ സാഹചര്യം എന്നീ കാര്യങ്ങളായിരിക്കും ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരിക. ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനായിരുന്നു റിട്ടയേര്‍ഡ് ജഡ്ജിയായ എസ്. ഹനീഫ.
കേസിലെ പ്രതികളെല്ലാം കുറ്റവിമുക്തരാകാന്‍ ഇടയായതിനു പിന്നില്‍ കേസന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടികളിലുമുണ്ടായ വീഴ്ചയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയെപ്പറ്റി അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പോലീസിന്റെ വീഴ്ചയെപ്പറ്റി അന്വേഷിക്കാന്‍ തൃശ്ശൂര്‍ റേഞ്ച് ഡിഐജി കെ. സുരേന്ദ്രനോടും നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടികളിലും വീഴ്ച സംഭവിച്ചതായി കാട്ടി ഇവര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിയുടെ പരിഗണനിയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ സിബിഐ അന്വേഷണത്തിന് വിടാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
അതേസമയം, സഹോദരിമാരുടെ മരണത്തില്‍ പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ബുധനാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. പ്രതികളെ വെറുതേവിട്ടതിനെതിരെയായിരുന്ന അപ്പീല്‍. കേസന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ വീഴ്ച വിചാരണയെ ബാധിച്ചു. ഇതാണ് വിധിയില്‍ പ്രതിഫലിച്ചത്. ആദ്യം അന്വേഷിച്ച വാളയാര്‍ പോലീസ് ഗൗരവത്തോടെ അന്വേഷിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നെന്നും അപ്പീലില്‍ പറഞ്ഞിരുന്നു.
കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വ്യക്തമാക്കി വിചാരണക്കോടതി നാലു പ്രതികളെ വെറുതേവിട്ടു. അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് വീഴ്ചയുണ്ടായി. ശക്തമായ തെളിവുകള്‍പോലും പരിഗണിക്കാതെയാണ് വിചാരണക്കോടതിയുടെ വിധിയെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: walayar rape case: government declared judicial inquiry