കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിധി റദ്ദാക്കിയുള്ള ഹൈക്കോടതി വിധിയില്‍ പോലീസിനും പ്രോസിക്യൂട്ടര്‍ക്കും വിചാരണ കോടതി ജഡ്ജിക്കും വിമര്‍ശനം.

പ്രാഥമിക അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ച, കേസിന്റെ നടത്തിപ്പില്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് സംഭവിച്ച വീഴ്ച, വിചാരണ കോടതിക്ക് സംഭവിച്ച വീഴ്ച തുടങ്ങിയ കാര്യങ്ങള്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയെന്ന് ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ അഡ്വ.നാസര്‍ പറഞ്ഞു.

ആറ് കേസുകളിലാണ് സര്‍ക്കാര്‍ അപ്പീലുകളായി ഫയല്‍ ചെയ്തിട്ടുള്ളത്. വിധികള്‍ ദുര്‍ബലപ്പെടുത്തി പുനര്‍വിചാരണ നടത്തണം, പുനര്‍വിചാരണ വേളയില്‍ അന്വേഷണ ഏജന്‍സി ആവശ്യപ്പെടുകയാണെങ്കില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കണം തുടങ്ങിയ സര്‍ക്കാരിന്റെ അപ്പീലുകള്‍ കോടതി അംഗീകരിക്കുകയായിരുന്നു. കേസുകള്‍ പുനര്‍വിചാരണയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ കോടതിയിലേക്ക് മടക്കി അയക്കുകയും ചെയ്തു.

അന്വേഷണ ഏജന്‍സി കീഴ്‌ക്കോടതിയില്‍ തുടര്‍ അന്വേഷണത്തിന് ആവശ്യപ്പെടുകയാണെങ്കില്‍ അനുമതി നല്‍കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. 

പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടാല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാനും പുതിയ സാക്ഷികളെ വെക്കാനും അധികാരമുണ്ടായിരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

പോക്‌സോ കോടതികളിലെ ജഡ്ജിമാര്‍ക്ക് മുന്‍പുണ്ടായത് പോലുള്ള പിശകുകള്‍ ഇല്ലാതിരിക്കാന്‍ ആവശ്യമായ പരിശീലനം കേരള ജുഡീഷ്യല്‍ അക്കാദമിയിലെ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രോസിക്യൂട്ടര്‍മാര്‍ക്ക് വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. പ്രതികളോട് ജനുവരി 20-ന് കോടതിയില്‍ ഹാജരാകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.