പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വാളയാര്‍: വാളയാറില്‍ പീഡനത്തിനരയായ പെണ്‍കുട്ടികള്‍ക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ പ്രതിഷേധിച്ചുകൊണ്ട് അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യ പ്രവർത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മുണ്ഡനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി വേണം നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് തല മുണ്ഡനം ചെയ്യുന്നത് ആരംഭിച്ചത്.
ബിന്ദുവിനും സലീനയ്ക്കും ശേഷമാണ് പെണ്‍കുട്ടികളുടെ അമ്മയുടെ തല മുണ്ഡനം ചെയ്തത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്.
ഒരുമാസമായി വാളയാറില്‍ താന്‍ സത്യാഗ്രഹം ഇരിക്കുന്നു. എന്നാല്‍ തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ല. ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും നിരാഹരസമരം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കാണാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും 14 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അമ്മ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ആലത്തൂര്‍ എം.പി.രമ്യാഹരിദാസ്, മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് എന്നിവര്‍ സമരവേദിയില്‍ ഐക്യദാര്‍ഢ്യവുമായി എത്തിയിട്ടുണ്ട്. ഇന്നത്തോടെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും സാമൂഹിക പ്രവര്‍ത്തകരും നടത്തിയ സമരം അവസാനിക്കും. വാളയാറിലെ ഇളയ പെണ്‍കുട്ടി മരിച്ചതിന്റെ ചരമവാര്‍ഷിക ദിനമായ മാര്‍ച്ച് നാലിന് എറണാകുളത്ത് ഒരു സമരപരിപാടി നടത്തും. തുടര്‍ന്നായിരിക്കും മറ്റ് സമരപരിപാടികളെ കുറിച്ച് തീരുമാനിക്കുകയെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ്.ഐ.ചാക്കോയെയും ഡിവൈഎസ്പി സോജനെയും ശിക്ഷിക്കണം എന്നാണ് അമ്മയുടെ ആവശ്യം. വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണക്കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ ഒരുമാസമായി സമരമനുഷ്ഠിക്കുകയായിരുന്നു പെണ്‍കുട്ടികളുടെ അമ്മ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..