കൊച്ചി: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മപോലും മൂന്നാം പ്രതിയായ പ്രദീപ്കുമാറിനെതിരെ കോടതിയില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് സി.ഡബ്ല്യു.സി ചെയര്‍മാന്‍ എന്‍. രാജേഷ്. കേസിലെ മൂന്നാം പ്രതിക്കുവേണ്ടിയാണ് കോടതിയില്‍ ഹാജരായതെന്നും എന്നാല്‍ സി.ഡബ്ല്യു.സി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്‍പുതന്നെ ഈ വക്കാലത്ത് ഒഴിഞ്ഞിരുന്നെന്നും എന്‍. രാജേഷ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

സംഭവം നടന്ന സമയത്തോ അന്വേഷണം നടന്ന സമയത്തോ കുറ്റപത്രം സമര്‍പ്പിച്ച സമയത്തോ ഇതില്‍ പ്രതികളായ ഒരാള്‍ക്ക് വേണ്ടിയും ഹാജരായിട്ടില്ല. പിന്നീട് മൂന്നാം പ്രതിയായ പ്രദീപ്കുമാര്‍ എന്നയാള്‍ക്കു വേണ്ടിയാണ് കേസില്‍ ഹാജരായതെന്നും അദ്ദേഹം പറഞ്ഞു.

പ്രദീപ് കുമാറിന് ജയിലില്‍ കഴിയവെ കാന്‍സര്‍ വരുകയും തുടര്‍ന്ന് ജാമ്യാപേക്ഷ കൊടുക്കുകയും ചെയ്തിരുന്നു. അതിന്റെ വിചാരണ സമയത്താണ് ഇയാള്‍ക്കായി ഹാജരായത്. അന്ന് സി.ഡബ്ല്യു.സി ചെയര്‍മാന്‍ ആകാന്‍ അപേക്ഷ കൊടുത്തിരുന്നില്ല. പിന്നീട് ചെയര്‍മാനായി അധികാരമേറ്റപ്പോള്‍ത്തന്നെ ഇത്തരത്തിലുള്ള എല്ലാ കേസുകളുടെയും വക്കാലത്ത് ഒഴിഞ്ഞിരുന്നു. 

ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം

ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതുന്നത്. ഞാന്‍ സി.ഡബ്ല്യു.സി ചെയര്‍മാന്‍ ആയി അധികാരമേറ്റ 2019 മാര്‍ച്ച് എട്ട് വരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസിലെ മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെതിരേ പെണ്‍കുട്ടിയുടെ അമ്മ പോലും കോടതിയില്‍ മൊഴി നല്‍കിയിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടുക.  എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതുന്നത്.

വാളയാര്‍ പെണ്‍കുട്ടിളുടെ കേസ് നടന്ന സമയത്തോ അന്വേഷണംനടന്ന സമയത്തോ കുറ്റപത്രം സമര്‍പ്പിച്ച സമയത്തോ ഞാന്‍ ഇതില്‍ പ്രതികളായ ഒരാള്‍ക്ക് വേണ്ടിയും ഹാജരായിട്ടില്ല. അതിന് ശേഷം കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാറിനു വേണ്ടിയാണ് ഹാജരായത്. അയാള്‍ 22 മാസം ജയിലില്‍ കിടന്നിരുന്നു. രണ്ട് അഭിഭാഷകര്‍ക്കുശേഷം മൂന്നാമതായാണ് താന്‍ പ്രദീപിന് വേണ്ടി ഹാജരാകുന്നത്. 

പ്രതി പ്രദീപ് കുമാറിന് ജയിലില്‍ കഴിയവെ  കാന്‍സര്‍ വരുകയും തുടര്‍ന്ന് ജാമ്യാപേക്ഷ കൊടുക്കുകയും ചെയ്തിരുന്നു. അതിന്റെ വിചാരണ സമയത്താണ് പ്രദീപ് കുമാറിന് വേണ്ടി ഹാജരായത്. അന്ന് സി ഡബ്ല്യു സി ചെയര്‍മാന്‍ ആകാന്‍ അപേക്ഷ കൊടുത്തിരുന്നില്ല. പിന്നീട് ചെയര്‍മാനായി അധികാരമേറ്റപ്പോള്‍ തന്നെ ഇത്തരത്തിലുള്ള എല്ലാ കേസുകളുടെയും വക്കാലത്ത് ഒഴിഞ്ഞിരുന്നു. ഈ കേസ് പിന്നീടാണ് പുതിയ വക്കാലത്തായി സമര്‍പ്പിക്കുന്നത്. അത് കോടതി രേഖകളില്‍ വ്യക്തമാണ്.

ജൂനിയറാണ് കേസ് ഏറ്റെടുത്തതെന്ന ആരോപണം തെറ്റ്

ഞാന്‍ 23 വര്‍ഷം സര്‍വീസ് ഉള്ള അഭിഭാഷകനാണ്. എന്റെ കീഴില്‍ അമ്പതോളം പേര്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. അത്തരത്തില്‍ എന്റെ കീഴില്‍ 12 വര്‍ഷം മുന്‍പ് പ്രാക്ടീസ് ചെയ്ത ഒരു അഭിഭാഷകനാണ് കേസ് ഏറ്റെടുത്തത്. എന്റെ ജൂനിയര്‍ ആണെന്ന വാദം ശരിയല്ല. എന്റെ ഓഫീസില്‍ പ്രാക്ടീസ് ചെയ്തിരുന്നയാളാണ്. ഇപ്പോള്‍ സ്വന്തമായി ഓഫീസിട്ട് പ്രാക്ടീസ് ചയ്യുകയാണ്.

ജില്ലയില്‍ കൂടുതല്‍ പോക്‌സോ കേസുകള്‍ വാളയാറില്‍ 

പാലക്കാട് ജില്ലയില്‍ ഏറ്റവുമധികം പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് വാളയാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. 13-14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്യപാനം, ലഹരി പദാര്‍ഥങ്ങള്‍, കഞ്ചാവ് തുടങ്ങിയവയെല്ലാം വളരെയധികം ഉപയോഗിക്കുന്ന പ്രദേശമാണ് വാളയാറിലെ ഈ സംഭവം നടന്ന സ്ഥലം ഉള്‍പ്പെടുന്ന അഞ്ച് വാര്‍ഡുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ രക്ഷ എന്ന പദ്ധതി ആവിഷ്‌കരികരിക്കുകയും ചെയ്തിട്ടുണ്ട്.

ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതുകൊണ്ടുതന്നെ അഞ്ച് വാര്‍ഡുകള്‍ തോറും സര്‍വേ നടത്തി ചൂഷണം ചെയ്യപ്പെട്ട കുട്ടികളെ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ തന്നെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. അതിന്റെ ഭാഗമായി കുറെ കുട്ടികള്‍ സംരക്ഷണ കേന്ദ്രത്തിലാണ് ഉള്ളത്. തിരികെ വീട്ടിലേക്ക് വരാന്‍ സാഹചര്യമുള്ള കുട്ടികളെ വീട്ടിലേക്ക് തിരിച്ചയക്കുകയും അല്ലാത്ത കുട്ടികളെ സി ഡബ്ല്യു സി യുടെ അംഗീകൃത സംരക്ഷണ കേന്ദ്രങ്ങളില്‍ പാരപ്പിച്ചിരിക്കുകയുമാണ്.

Content Highlights: Walayar case: Interview with Palakkad CWC chairman N. Rajesh who represented one of the accused