രാധ, ദിവ്യ,ഗൗരി
തിരുവനന്തപുരം: ഓമനിച്ചു വളർത്തിയ മകളെയും കൊച്ചുമകളെയും ഒരുനോക്കുകാണാൻ 11 വർഷം കാത്തിരുന്ന രാധ, പ്രതീക്ഷയോടെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയപ്പോൾ പോലീസ് നൽകിയത് അജ്ഞാതമൃതദേഹമായി അവസാനിപ്പിച്ച കേസിലെ ചിത്രം. രാധയുടെ മകൾ, പതിനൊന്നു വർഷം മുൻപ് കാണാതായ ദിവ്യയെയും മകൾ ഒന്നര വയസ്സുകാരി ഗൗരിയെയും ദിവ്യയുടെ പങ്കാളി പൂവാർ സ്വദേശി മാഹീൻകണ്ണ് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
മകൾ ഇനി വരില്ലെന്ന സത്യം ക്രൈംബ്രാഞ്ച് ഓഫീസിൽവച്ച് തിരിച്ചറിഞ്ഞ രാധ(57) അതു താങ്ങാനാവാതെ കുഴഞ്ഞുവീണു. കൊച്ചുമകളുടെ മരണവാർത്ത പോലീസ് പറഞ്ഞില്ല. കുഞ്ഞിനെക്കുറിച്ചറിയാൻ മാഹീൻകണ്ണിനെ ചോദ്യംചെയ്യുകയാണെന്ന് ഹൃദ്രോഗിയായ അവരെ പറഞ്ഞു വിശ്വസിപ്പിച്ചു.
‘വിദ്യ’യെന്നും ‘വാവാച്ചി’യെന്നും ഓമനിച്ചു വിളിച്ചു വളർത്തിയ കുഞ്ഞുങ്ങളെ താനറിയാതെ മനു എന്നു വിളിച്ചിരുന്ന മാഹീൻ കൊണ്ടുപോയതാണെന്നു പറയുമ്പോൾ, രാധയിൽനിന്നു നിലവിളിയുയർന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കാത്തിരിപ്പിന്റെ വേദന വിശദീകരിച്ചത്. നിരതെറ്റിയ ഓർമകൾക്കു മുന്നിൽ പലതവണ അവശയായി. നന്നായി ഉറങ്ങാനാകാത്ത രാത്രികളായിരുന്നു പോയ വർഷങ്ങളിൽ. അപകടത്തിൽ പരിക്കേറ്റു കിടപ്പിലായിരുന്നപ്പോഴും താൻ മരിച്ചെന്നറിയുമ്പോൾ മകൾ വരുമെന്ന് ഭർത്താവ് പറയുമായിരുന്നു. അദ്ദേഹം പോയിട്ടും വിദ്യ വരാതിരുന്നതിൽ സംശയിച്ചില്ല. കാത്തിരുന്നു.
എവിടെയോ ജീവിച്ചിരിക്കുന്നുവെന്ന പ്രതീക്ഷയിലായിരുന്നു ഇക്കാലമത്രയും. മകളെ നോക്കിയതുപോലെയാണ് വാവാച്ചിയെന്ന ഗൗരിയെ രാധ വളർത്തിയത്. പ്രസവത്തോടെ ആരോഗ്യം മോശമായ ദിവ്യക്ക് മകളെ വേണ്ടവിധം പരിചരിക്കാൻ കഴിഞ്ഞിരുന്നില്ല. കൃഷ്ണമണിപോലെ കുഞ്ഞിനെ കാത്തു. ദിവ്യക്ക് മുലയൂട്ടാനാകാത്തതിനാൽ പശുവിൻപാൽ നേർപ്പിച്ച് മുത്തങ്ങ ചേർത്ത് തിളപ്പിച്ചാറ്റി നൽകി. ഉണക്കമുന്തിരി ചൂടുവെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞു കൊടുത്തു. എവിടെപ്പോയാലും വാവാച്ചിയെ കൂടെക്കൂട്ടി.
‘വിദ്യമോൾക്കായി കർമങ്ങളെന്തെങ്കിലും നടത്തണമെങ്കിൽ ഞാൻതന്നെ ചെയ്യേണ്ടേ’യെന്ന് കരച്ചിലിനിടയിലും അവർ പറയുന്നു. മകളെ കാണാനാകാത്ത വിഷമം ബാക്കിയാക്കി അച്ഛൻ ജയചന്ദ്രൻ ആത്മഹത്യ ചെയ്തു.
ഇളയ മകൾ ശരണ്യ ജീവിതം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലാണ്. ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും രാധ വീട്ടുജോലിക്കു പോകുന്നുണ്ട്.

മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റിൽ
തിരുവനന്തപുരം: പങ്കാളിയേയും കുഞ്ഞിനേയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൂവാർ മണ്ണാൻവിളാകം മാഹീൻമൻസിലിൽ മാഹീൻകണ്ണിന്റെ(43) ഭാര്യ റുക്കിയ(38)യേയും അറസ്റ്റ് ചെയ്തു. ഇവരെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മാഹീനെതിരേ കൊലപാതകവും റുക്കിയക്കെതിരേ കൊലപാതകപ്രേരണ അടക്കമുള്ള വകുപ്പുകളുമാണ് ചേർത്തിട്ടുള്ളത്. ഇവരെ അടുത്ത ദിവസം തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും. മാഹീൻകണ്ണും ദിവ്യയും തമ്മിൽ തർക്കമുണ്ടായ ബാലരാമപുരം, കൊലപാതകം നടന്ന ആളില്ലാതുറ എന്നിവിടങ്ങളിലും പ്രതിയെ കൊണ്ടുപോകും.
11 വർഷം മുമ്പാണ് കൊലപാതകം നടന്നത്. ആളില്ലാതുറയിൽ കൊലപാതകം നടന്ന സമയത്തുണ്ടായിരുന്ന റോഡും പാറയുമെല്ലാം കടലെടുത്ത് നഷ്ടപ്പെട്ടിട്ടുണ്ട്.
കൊലപാതകം നടന്ന സമയത്തെ രേഖകൾ ശേഖരിക്കാൻ കേരള പോലീസ് തമിഴ്നാട്ടിലെ വിവിധ ഓഫീസുകളിൽ തിരച്ചിൽ തുടരുകയാണ്.
കുളച്ചൽ തീരദേശ പോലീസ് സ്റ്റേഷനിൽനിന്നു ദിവ്യയുടെ മരണം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു.
എന്നാൽ പുതുക്കാട് അടക്കമുള്ള മറ്റ് സ്റ്റേഷനുകളിൽനിന്നു പഴയ ഫയലുകൾ ലഭിച്ചിട്ടില്ല. മകൾ ഗൗരിയുടെ മൃതദേഹം ലഭിച്ചതിനെ സംബന്ധിച്ച വിവരങ്ങളാണ് ലഭിക്കാനുള്ളത്. ഏഴുവർഷം കഴിഞ്ഞ ഫയലുകൾ സൂക്ഷിക്കാറില്ലെന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്. വിവരങ്ങൾ തേടി റവന്യൂവിഭാഗം അടക്കമുള്ള മറ്റ് ഓഫീസുകളുമായും കേരള പോലീസ് ബന്ധപ്പെടുന്നുണ്ട്.
കൊലപാതകത്തിന് പ്രേരണ റുക്കിയ
തിരുവനന്തപുരം: ഏതുവിധേനയും ദിവ്യയേയും കുഞ്ഞിനേയും ഒഴിവാക്കണമെന്ന് വാശിപിടിച്ചത് മാഹീൻകണ്ണിന്റെ ഭാര്യ റുക്കിയയാണ്. കൊലപ്പെടുത്തിയിട്ടായാലും ഇവരെ ഒഴിവാക്കിയശേഷം തന്റെയൊപ്പം താമസിച്ചാൽ മതിയെന്നായിരുന്നു റുക്കിയയുടെ നിർദ്ദേശം. തുടർന്നാണ് മാഹീൻ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകപ്രേരണക്കും തെളിവ് നശിപ്പിച്ചതിനും അടക്കം മാഹീൻകണ്ണിന്റെ ഭാര്യ റുക്കിയയും അറസ്റ്റിലായി.
ദിവ്യയുടെ അച്ഛനും അമ്മയും വീട്ടിലില്ലെന്നറിഞ്ഞാണ് മാഹീൻ ഊരൂട്ടമ്പലത്തെ വീട്ടിൽ എത്തിയത്. ദിവ്യയുടെ അമ്മ രാധ ഭർത്താവ് ജോലിചെയ്യുന്ന ചിറയിൻകീഴിൽ പോയി എന്നറിഞ്ഞാണ് ഇയാൾ എത്തിയത്. ഇവിടെനിന്നു പുറത്തിറങ്ങിയപ്പോൾ അപ്രതീക്ഷിതമായി ദിവ്യയുടെ സഹോദരി ശരണ്യ എത്തിയതാണ് കേസിൽ വഴിത്തിരിവായത്. രാധ തിരിച്ചെത്തി വിളിച്ചപ്പോൾ ദിവ്യയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. മാഹീനെ വിളിച്ചപ്പോൾ തങ്ങൾ വേളാങ്കണ്ണിക്ക് പോവുകയാണെന്നും മൂന്നുദിവസം കഴിഞ്ഞേ തിരിച്ചെത്തൂ എന്നുമാണ് പറഞ്ഞത്.
ഊരൂട്ടമ്പലത്തുനിന്നു ബാലരാമപുരത്തെത്തി ഏറെ നേരം ദിവ്യയും മാഹീനും തർക്കിച്ചു. തുടർന്ന് പൂവാർ വഴി ആളില്ലാത്തുറയിൽ എത്തിക്കുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും കടലിൽ തള്ളിയിട്ട് മരിച്ചുവെന്നുറപ്പിച്ചാണ് മടങ്ങിയത്. തുടർന്ന് വീട്ടിലെത്തി ഭാര്യ റുക്കിയയോട് പറഞ്ഞെങ്കിലും ഇവർ വിശ്വസിച്ചില്ല. അടുത്ത ദിവസങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്തിയ വാർത്ത തമിഴ് പത്രങ്ങളിൽ വന്നത് റുക്കിയയെ കാണിച്ച് ബോധ്യപ്പെടുത്തി. ആശാരിപള്ളം മെഡിക്കൽ കോളേജിൽ ദിവ്യയുടെ പോസ്റ്റ്മോർട്ടം നടന്നപ്പോഴും മാഹീൻ പോയിരുന്നു. തുടർന്ന് വീണ്ടും മാഹീൻ വിദേശത്തേക്ക് പോവുകയായിരുന്നു.
Content Highlights: Waited 11 years for daughter and granddaughter-radha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..