കള്ളനോട്ട് കേസില്‍ മുന്‍ യുവമോര്‍ച്ചാ നേതാവ് മൂന്നാംതവണയും പിടിയിലായ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ഇതെന്തൊക്കെയാണ് കേരളത്തില്‍ സംഭവിക്കുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരാഞ്ഞു. 

രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനല്‍ കേസില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക!
നമ്മുടെ പോലീസിന് ഇന്റലിജന്‍സ് സംവിധാനങ്ങളൊന്നും നിലവിലില്ലേ- ബല്‍റാം ആരാഞ്ഞു. 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെപ്പോലും 'വര്‍ഷങ്ങളായി തുടര്‍ച്ചയായി നിരീക്ഷിച്ച്' അവര്‍ക്ക് മേല്‍ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാര്‍ത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികള്‍ക്കെതിരെയും ആ 'ജാഗ്രത' കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു- എന്നാണ് ബല്‍റാം കുറിപ്പ് അവസാനിപ്പിക്കുന്നത്. 

വി.ടി. ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇതെന്തൊക്കെയാണ് കേരളത്തില്‍ സംഭവിക്കുന്നത്!
രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനല്‍ കേസില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക!
നമ്മുടെ പോലീസിന് ഇന്റലിജന്‍സ് സംവിധാനങ്ങളൊന്നും നിലവിലില്ലേ? കൃത്യമായ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ ജാമ്യത്തിലിറങ്ങിയാലും ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാലും പിന്നീടയാള്‍ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കാന്‍ പോലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? അതോ കേന്ദ്ര ഭരണകക്ഷിയുടെ പിന്തുണയുള്ളയാളായതുകൊണ്ട് സംസ്ഥാന പോലീസും കണ്ണടക്കുന്നതാണോ?
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെപ്പോലും 'വര്‍ഷങ്ങളായി തുടര്‍ച്ചയായി നിരീക്ഷിച്ച്' അവര്‍ക്ക് മേല്‍ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാര്‍ത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികള്‍ക്കെതിരെയും ആ 'ജാഗ്രത' കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!

content highlights: vt balram on former yuvamorcha leader's arrest in counterfeit case