തൃത്താല: പ്രശസ്ത എഴുത്തുകാരനും സി.പി.ഐ.എം അനുകൂല സാംസ്‌കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന നേതാവുമായ അശോകന്‍ ചെരുവിലിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ യുടെ ഫെയിസ്ബുക്ക് പോസ്റ്റ്. അശോകന്‍ ചരുവില്‍ തന്നെ കുറിച്ച് തെറ്റായ ആരോപണം ഉന്നയിക്കുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്തു എന്നാണ് ബല്‍റാമിന്റെ ആരോപണം.

നേരത്തെ വി.ടി ബല്‍റാം തന്നെ 'എമ്പോക്കി' എന്ന് വിളിക്കുന്ന പെഴ്‌സണല്‍ മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടുമായി അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് മറുപടിയായാണ് ബല്‍റാമിന്റെ പോസ്റ്റ്.

എന്റെ ഫെയ്‌സ്ബുക്ക്‌ വാളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഒരാള്‍ വന്ന് അധിക്ഷേപം നടത്തിയ കമന്റ് അശോകന്‍ ചെരുവില്‍  ലൈക് ചെയ്തപ്പോള്‍ അതിലെ ഔചിത്യമാണ് ദീര്‍ഘകാലമായി ഫെയ്‌സ്ബുക്ക്‌ ഫ്രണ്ടായ ഇദ്ദേഹത്തോട് ചാറ്റ് ബോക്‌സില്‍ ചോദിച്ചത് എന്നാണ് വി.ടി ബല്‍റാമിന്റെ വാദം.

എന്നാല്‍ ആ അധിക്ഷേപത്തില്‍ തെറ്റൊന്നും കാണാന്‍ കഴിയാത്ത അതേ വാക്കുകള്‍ പറഞ്ഞ് ആ ഫെയ്‌സ്ബുക്ക്‌ സൗഹൃദം അവസാനിപ്പിക്കുകയാണ് താന്‍ ചയ്തതെന്നും ബല്‍റാം പറയുന്നു.

എന്നാല്‍ ചാറ്റിലെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ച് തനിക്കെതിരെ നിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ബല്‍റാം ആരോപിക്കുന്നു.

Content highlights: VT balram facebook post against ashokan charuvil