പി.എ. മുഹമ്മദ് റിയാസ്, വി.ടി. ബൽറാം | Photo: Mathrubhumi
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.എ. മുഹമ്മദ് റിയാസുമായുള്ള പോര് മുറുകുന്നതിനിടെ മന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായിരുന്നപ്പോള്‍ റിയാസ് തങ്ങള്‍ക്ക് വോട്ട് മറിച്ചെന്ന ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ വെളിപ്പെടുത്തലില്‍ നിയമനടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം. ഗുരുതരമായ ആരോപണം ഉന്നയിച്ച് മാനനഷ്ടമുണ്ടാക്കിയതിന് വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേരിലും ബി.ജെ.പി. നേതാവിനെതിരേയും കേസ് കൊടുത്ത് സ്വന്തം നട്ടെല്ല് വാഴപ്പിണ്ടിയല്ലെന്ന് തെളിയിക്കാന്‍ ആരെങ്കിലും തയ്യാറായോ എന്നായിരുന്നു ബല്‍റാമിന്റെ ചോദ്യം.
ഏറെ ജനപ്രിയനായ ഒരു നല്ല സഖാവിനെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ പിന്നില്‍ നിന്ന് കുത്തിയവനാണോ അന്നത്തെ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ്? ഇന്നും ബി.ജെ.പിക്ക് വേണ്ടി കൂടെയുള്ളവരെ ഒറ്റിക്കൊടുക്കുന്നവനായാണോ അദ്ദേഹം തുടരുന്നത്?'- ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസിന്റെ അനുയായികള്‍ തനിക്ക് വോട്ട് ചെയ്തുവെന്നായിരുന്നു അന്ന് കോഴിക്കോട് ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. പ്രകാശ് ബാബുവിന്റെ വെളിപ്പെടുത്തല്‍. സ്വകാര്യ ചാനലിനോടുള്ള പ്രതികരണം അടിസ്ഥാനമാക്കിയായിരുന്നു പത്രവാര്‍ത്ത. റിയാസുമായി ബന്ധപ്പെട്ട ചില നേതാക്കള്‍ തന്നെ നേരിട്ട് വന്നുകണ്ട് സഹായം വാഗ്ദാനം ചെയ്തുവെന്നായിരുന്നു വാര്‍ത്ത.
നേരത്തേയും മന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ പരിഹാസവുമായി ബല്‍റാം രംഗത്തെത്തിയിരുന്നു. സ്വപ്‌ന സുരേഷ് നിരന്തരം തന്റെ ഭാര്യയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ ക, മാന്ന് ഒരക്ഷരം മറുപടി പറയാന്‍ ധൈര്യമില്ലാത്ത വ്യക്തിയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാന്‍ വരുന്നതെന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം. പോസ്റ്റിലെ 'മൊയ്ന്ത്' എന്ന പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സൈബര്‍ ലോകത്ത് മാത്രം കാണുന്ന ജീവികള്‍ നിലവാരം കുറഞ്ഞ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നായിരുന്നു റിയാസിന്റെ മറുപടി.
Content Highlights: vt balram against pa muhammed riyas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..