തിരുവനന്തപുരം: തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിനുള്ള മറുപടിയാണ് വ്യാഴാഴ്ച വിജിലന്‍സ് നടത്തിയ പരിശോധനയെന്ന് മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍. ശിവകുമാറിന്റെ വീട്ടില്‍ 17 മണിക്കൂര്‍ വിജിലന്‍സ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് സൂചന.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസില്‍ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് സ്പെഷല്‍ സെല്‍ കഴിഞ്ഞദിവസം എഫ്.ഐ.ആര്. സമര്‍പ്പിച്ചിരുന്നു.
പൊതുപ്രവര്‍ത്തനം നടത്തുന്ന ആളുകളെ അപമാനിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് തന്റെ വീട്ടില്‍ നടത്തിയ പരിശോധനയെന്നും വി.എസ് ശിവകുമാര്‍ പ്രതികരിച്ചു. റെയ്ഡ് സത്യത്തില്‍ തനിക്ക് ഒരു അനുഗ്രഹമായി. രാഷ്ട്രീയ എതിര്‍പ്പുള്ളവരെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ നിരപരാധിത്വം മാത്രമല്ല ബാധ്യതയും വിജിലന്‍സിന് മനസിലായിട്ടുണ്ടെന്നും ശിവകുമാര്‍ വ്യക്തമാക്കി.
ഈ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരത്തിന് ഒന്നും കിട്ടിയിട്ടില്ലെന്ന് താന്‍ പറഞ്ഞത് സത്യമാണ്. തിരുവനന്തപുരത്തിന് എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടെങ്കില്‍ അത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ മന്ത്രിയായിരുന്നപ്പോഴാണെന്നും വി.എസ് ശിവകുമാര്‍ പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് 7 പാലങ്ങളാണ് നിർമിച്ചത്. കേരളീയ സമൂഹത്തിന് മുന്നില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് വിജിലന്‍സ് റെയ്ഡിന്റെ ബാക്കിപത്രമെന്നും വി.എസ് ശിവകുമാര്‍ വ്യക്തമാക്കി.
തന്റെ ഡ്രൈവറുടെ വീട്ടില്‍ പോയി അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞത് ഇതിലും ഭേദം കാലിത്തൊഴുത്തില്‍ പോയി അന്വേഷണം നടത്തുകയായിരുന്നുവെന്നായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു. വി.എസ് ശിവകുമാര്‍ ഡ്രൈവറുടെ പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഡ്രൈവറുടെ വീട്ടിലും വ്യാഴാഴ്ച വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
Content Highlight: VS shivakumar MLA reaction on Vigilance raid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..