തിരുവനന്തപുരം: വനിത കമ്മിഷന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് എം.സി. ജോസഫൈന്‍ രാജിവെച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കടം വാങ്ങിച്ച് കടക്കെണിയിലായ മാതാപിതാക്കളുടെ അരികിലേക്ക് തിരിച്ചുചെന്ന് അവര്‍ക്ക് വീണ്ടും ഒരു ഭാരമാകരുതെന്ന് വിചാരിച്ചാണ് പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യുന്നത്. ആ ഘട്ടത്തിലാണ് വനിത കമ്മിഷന്‍ പോലൊരു സ്ഥാപനം ഈ പാവപ്പെട്ട പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടത്. ഞങ്ങള്‍ക്ക് നിങ്ങളുണ്ട്. നിങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങളുണ്ടാകും. നിങ്ങള്‍ക്ക് താങ്ങായി തണലായി ഞങ്ങളുണ്ടാകും എന്ന് ആത്മവിശ്വാസം കൊടുക്കേണ്ട ഒരു സ്ഥാപനത്തിന്റെ ഏറ്റവും ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത് ആ സ്ഥാപനത്തിന്റെ സവിശേഷതയെയും അതിന്റെ നിലനില്‍പിനെയും ബാധിക്കുന്ന തരത്തിലാണ്-  സതീശന്‍ പറഞ്ഞു.

ജോസഫൈനെ കൊണ്ട് രാജിവെപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് നല്ല തീരുമാനമാണ്. അത് നേരത്തെ ആയിരുന്നെങ്കില്‍ കുറച്ചുകൂടി ഗുണം കിട്ടിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യായീകരണ ക്യാപ്‌സൂള്‍ ഇറക്കി അവരെ രക്ഷപ്പെടുത്താന്‍ പറ്റുമോ എന്ന് ശ്രമിച്ചു നോക്കി. ഡി.വൈ.എഫ്.ഐ. വരെ ജോസഫൈനെ ന്യായീകരിച്ച് രംഗത്തുവന്നു. അത് കേരളത്തില്‍ വിലപ്പോവില്ലെന്നു വന്നപ്പോഴാണ് ജോസഫൈനെ കൊണ്ട് രാജിവെപ്പിക്കുക എന്ന തീരുമാനം സി.പി.എമ്മിന് എടുക്കേണ്ടി വന്നതെന്നും സതീശന്‍ പറഞ്ഞു. വൈകിയാണെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുത്തത് നല്ലത് എന്നു തന്നെ താന്‍ പറയുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

content highlights: vs satheesan on mc josephine resignation