തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തി വി എസ് അച്യുതാനന്ദനെ കണ്ടു.

രാവിലെ 9.40 ഓടെയാണ് പിണറായി വി.എസ്സിനെ കാണാനെത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിക്കൊപ്പം കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നു.

കഷ്ടിച്ച് അഞ്ച് മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. പതിനൊന്ന് മണിക്ക് വിഎസ് മാധ്യമങ്ങളെ കാണാനിരിക്കെയാണ് പിണറായിയുടെ മിന്നല്‍ സന്ദര്‍ശനം.

ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയായ ആളാണ് വിഎസ്. ഏറ്റവും പ്രായോഗിക അനുഭവസമ്പത്തുള്ള നേതാവാണ് വിഎസ്. അദ്ദേഹത്തില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുക പ്രധാനമാണ്. അതുകൊണ്ട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് തന്നെ മനസ്സിലാക്കുന്നതിനായാണ് എത്തിയത് - പിണറായി പറഞ്ഞു.

അദ്ദേഹത്തില്‍ നിന്ന് പലകാര്യങ്ങളും പഠിക്കാനുണ്ട്‌. താനൊരു പുതുക്കക്കാരനെന്ന് പറയാവുന്ന ആളാണ്. വിഎസ്സില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുന്നത് ഭരണത്തില്‍ പ്രധാനമാണെന്നും പിണറായി പറഞ്ഞു.