തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. നിയമസഭയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

അന്വേഷണം ഇഴയുന്നത് ഖേദകരമാണ്. ആവശ്യമായ നടപടികള്‍ പെട്ടെന്ന് സ്വീകരിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം - വി.എസ് ആവശ്യപ്പെട്ടു.

അന്വേഷണം നടക്കുന്നുണ്ടെന്നും പ്രത്യേകം അന്വേഷണസംഘം ആവശ്യമെങ്കില്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. അന്വേഷണം ഇഴയുകയാണെന്ന ആരോപണം പരിശോധിക്കും. ആരോപണം ശരിയെങ്കില്‍ അത് ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

മൈക്രോഫിനാന്‍സ് ഇടപാടില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം നാലുപേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

15 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ച് വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് ഡോ. എം.എന്‍.സോമന്‍, മൈക്രോഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ കെ.കെ.മഹേശന്‍, പിന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ മുന്‍ എം.ഡി. എന്‍.നജീബ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വി.എസ് നല്‍കിയി ഹര്‍ജിയിലായിരുന്നു നടപടി.

80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക രഹസ്യ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ പേരുകളിലും മതിയായ രേഖകള്‍ ഇല്ലാതെയുമാണ് വായ്പകള്‍ നല്‍കിയതെന്നുമായിരുന്നു കണ്ടെത്തിയത്.