തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിന്റെ വിയോഗം വലിയൊരു ശുന്യതയാണ് ഇന്ത്യാ രാഷ്ട്രീയത്തില്‍ പൊതുവെയും, കേരളരാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും ഉണ്ടാക്കിയിട്ടുള്ളതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

സാംസ്‌കാരിക രംഗത്തെ മഹാപ്രതിഭയെ കൂടിയാണ് നഷ്ടമായിരിക്കുന്നത്. അരനൂറ്റാണ്ടിലേറെ കാലത്തെ അടുപ്പവും ബന്ധവുമാണ് വിരേന്ദ്രകുമാറുമായി തനിക്കുള്ളത്. ഇടതുപക്ഷ സോഷ്യലിസ്റ്റ് നിലപാടുകളില്‍ ഉറച്ചുനിന്ന് പ്രകൃതി ചൂഷണത്തിനും ആഗോളവല്‍ക്കരണത്തിനും വര്‍ഗീയതയുടെ വ്യാപനത്തിനുമെതിരായി അദ്ദേഹം കൈക്കൊണ്ട നിലപാടുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. അടിയന്തരാവസ്ഥയ്ക്കും ജലചൂഷണ ത്തിനുമെതിരെയുമൊക്കെയുള്ള നിരവധി സമരമുഖങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 

ഗാട്ടും കാണാചരടുകളും രാമന്റെ ദു:ഖം എന്നിങ്ങനെ തന്റെ ശക്തമായ രചനാശൈലിയിലൂടെ രാഷ്ട്രീയനിലപാടുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞ നേതാവുകൂടിയായിരുന്നു വിരേന്ദ്രകുമാര്‍. തന്നോടൊപ്പം നടന്ന പല സോഷ്യലിസ്റ്റുകളും അവസരവാദപരമായ കൂടുമാറ്റം നടത്തിയപ്പോഴും അദ്ദേഹം സോഷ്യലിസ്റ്റായി തന്നെ ഉറച്ചു നിന്നു. 

ഇടതുപക്ഷജനാധിപത്യമുന്നണി ശക്തിപ്പടുത്താന്‍ വീരേന്ദ്രകുമാര്‍ നടത്തിയ ഇടപെടലുകളും ഓര്‍ക്കുന്നു. സുദീര്‍ഘമായ തന്റെ രാഷ്ട്രീയജീവിതത്തില്‍ ഏറെക്കാലം ഒപ്പം നടന്ന, തന്റെ വ്യക്തിപരമായ സുഖദു:ഖങ്ങളില്‍ പങ്കുചേര്‍ന്ന സുഹൃത്തും കേരള ത്തിന്റെ രാഷ്ട്രീയഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക സാന്നിധ്യവുമായിരുന്നു വീരേന്ദ്രകുമാര്‍.

content highlights: vs achuthanandan express condolence on death of  MP Veerendra Kumar