'വി.പി.ആര്‍. സാഹിത്യത്തിന്റെ അന്തകനായിരിക്കും, സര്‍വാണി ജേണലിസത്തിന്റെ അംശം അധികാരിയായിരിക്കും'


വി.പി. രാമചന്ദ്രൻ

ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും പകര്‍ന്നുകിട്ടിയതല്ല വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ എന്ന വി.പി.ആറിന് പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍. അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയുടെ (എ.പി.ഐ.) ഗുവാഹാട്ടിയിലെ ഓഫീസില്‍ ടെലിപ്രിന്റര്‍ ഓപ്പറേറ്ററായി ജോലിചെയ്ത കാലമായിരുന്നു തന്റെ ജീവിതത്തിലെ പത്രപ്രവര്‍ത്തനബിരുദകാലമെന്ന് വി.പി.ആര്‍.തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുപേര്‍മാത്രമാണ് ഗുവാഹാട്ടിയിലെ ഓഫീസിലുണ്ടായിരുന്നത്. അതിനാല്‍, ടെലിപ്രിന്റര്‍ ഓപ്പറേറ്റര്‍ പലപ്പോഴും റിപ്പോര്‍ട്ടിങ്കൂടി ചെയ്യേണ്ടിവന്നു.

മറ്റുപത്രങ്ങള്‍ ശ്രദ്ധയോടെ വായിച്ചാണ് റിപ്പോര്‍ട്ടിങ് ശൈലി സ്വായത്തമാക്കിയത്. റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള വിദേശ വാര്‍ത്താ ഏജന്‍സികളുടെ മികച്ച റിപ്പോര്‍ട്ടുകളെല്ലാം തന്നിലെ ജേണലിസ്റ്റിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 1949-ല്‍ അസമിലുണ്ടായ വന്‍ഭൂകമ്പം റിപ്പോര്‍ട്ടുചെയ്യാന്‍ അവസരംലഭിച്ചു.

ഗുവാഹാട്ടിയില്‍നിന്ന് മുംബൈയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ് എന്ന പുതിയ തസ്തിക അദ്ദേഹത്തിനായി കരുതിവെച്ചിരുന്നു. 1951-ലെ പൊതുതിരഞ്ഞെടുപ്പില്‍ പി.ടി.ഐ.യുടെ ഡല്‍ഹിയിലെ ഇലക്ഷന്‍ ഡെസ്‌കിലായിരുന്നു ആദ്യനിയമനം. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും അവസരങ്ങള്‍ തേടിയെത്തി. 1956-ലെ പൊതുതിരഞ്ഞെടുപ്പില്‍ പഞ്ചാബിലേക്ക് നിയമിക്കപ്പെട്ടു. ഇതിനിടെ, എ.പി.ഐ.യുടെ സ്ഥാനത്ത് പി.ടി.ഐ. രൂപവത്കരിക്കപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പുകാലയളവിലെ റിപ്പോര്‍ട്ടുകളാണ് പി.ടി.ഐ.യുടെ ലഹോറിലെ വിദേശകാര്യലേഖകന്‍ എന്ന വലിയ തസ്തികയിലേക്ക് വി.പി.ആറിനെ എത്തിച്ചത്. അയൂബ്ഖാന്റെ പട്ടാളനിയമം ലോകത്തിനുമുന്നിലേക്ക് എത്തിക്കുകയെന്ന വലിയ ദൗത്യമാണ് പാകിസ്താനില്‍ വി.പി.ആറിനെ കാത്തിരുന്നത്. ഇന്ത്യ-ചൈന യുദ്ധവും ബംഗ്ലാദേശ്പ്രശ്‌നവുമെല്ലാം അദ്ദേഹത്തിന്റെ മികച്ച റിപ്പോര്‍ട്ടുകളുടെ പട്ടികയിലുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് നിക്‌സണ്‍ മുതല്‍ യുഗാണ്‍ഡയിലെ ഏകാധിപതി ഈദി അമീനെവരെ നേരില്‍ക്കണ്ട് ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പി.ടി.ഐ.യും യു.എന്‍.ഐ.യും സംയോജിപ്പിച്ച് സമാചാര്‍ ഭാരതി രൂപവത്കരിക്കപ്പെട്ടു. ചില അസ്വാരസ്യങ്ങള്‍മൂലം അദ്ദേഹത്തെ റാഞ്ചിയിലേക്ക് സ്ഥലംമാറ്റി.

സമാചാറിന്റെ വാണിജ്യലേഖകനായിട്ടായിരുന്നു നിയമനം. വികസനോന്മുഖ പത്രപ്രവര്‍ത്തനം എന്ന ശാഖയ്ക്ക് തുടക്കമിട്ടത് ഈ കാലയളവില്‍ വി.പി.ആര്‍. എഴുതിയ റിപ്പോര്‍ട്ടുകളായിരുന്നു. വ്യവസായനഗരമായ റാഞ്ചിയില്‍നിന്ന് അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചു. മാത്രമല്ല, അടിയന്തരാവസ്ഥക്കാലമായതിനാല്‍ വി.പി.ആറിന്റെ വികസന റിപ്പോര്‍ട്ടുകള്‍ക്ക് പത്രങ്ങള്‍ നല്ല പ്രാധാന്യം നല്‍കി.

അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ചെത്തി. സമാചാര്‍ കമ്മിറ്റിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു. പിന്നീട് പി.ടി.ഐ.യും യു.എന്‍.ഐ.യും പഴയനിലയിലേക്ക് മാറി. 1978-ലാണ് 'മാതൃഭൂമി'യിലൂടെ മലയാള പത്രപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്.

നന്നായി ജോലിചെയ്ത കാലമെന്നാണ് മാതൃഭൂമിക്കാലത്തെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. ആത്മവിശ്വാസവും കഠിനാധ്വാനവും മാത്രമായിരുന്നു കൈമുതലെന്ന് പില്‍ക്കാലത്ത് ജേണലിസം വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 'വാര്‍ത്തകളുടെ ഉറവിടങ്ങളോട് സത്യസന്ധത പുലര്‍ത്തുക' -പുതുതലമുറയോട് വി.പി.ആറിന്റെ ഉപദേശമിതായിരുന്നു. 'ഉറവിടത്തെ വഞ്ചിച്ചാല്‍ പത്രപ്രവര്‍ത്തകന്റെ കഥ കഴിയും. ഒരിക്കല്‍മാത്രമേ നിങ്ങള്‍ക്ക് ഉറവിടത്തെ വഞ്ചിക്കാനാകൂ. ഉറവിടത്തിനൊപ്പം മരിക്കുന്നത് നിങ്ങളിലെ പത്രപ്രവര്‍ത്തകന്‍കൂടിയായിരിക്കും' -പ്രായത്തെ വെല്ലുന്ന ആ ശബ്ദം മുഴങ്ങുന്നു.

ഗതിമാറ്റിയ സൈക്കിളപകടം

ജീവിതത്തിന്റെ ഗതിമാറ്റിയത് ഒരു സൈക്കിളപകടമാണെന്ന് വി.പി.ആര്‍. പലപ്പോഴും പറയാറുണ്ട്. പുണെയില്‍ മിലിറ്ററി അക്കൗണ്ട്സില്‍ ക്ലാര്‍ക്കായി ജോലിചെയ്യുമ്പോഴായിരുന്നു ആ സംഭവം; 1943-ല്‍.

പതിവുസായാഹ്നസവാരിക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം. തൊട്ടുമുന്നില്‍ ഒരു സൈക്കിള്‍ അപകടത്തില്‍പ്പെട്ടു. ഓടിച്ചെന്ന് അപകടത്തില്‍പ്പെട്ടയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയുടെ മുംബൈ ലേഖകന്‍ കെ.എസ്. രാമചന്ദ്രനാണ് അപകടത്തില്‍പ്പെട്ടത്. പുണെ ആഗാഖാന്‍ പാലസില്‍ കഴിയുന്ന കസ്തൂര്‍ബാ ഗാന്ധിയുടെ രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. രാമചന്ദ്രനുമായുള്ള അടുപ്പമാണ് പിന്നീട് പത്രപ്രവര്‍ത്തനത്തിന്റെ വിശാലലോകത്തേക്ക് ആകര്‍ഷിച്ചത്.

# കെ.പി. പ്രവിത


ഇന്ദിരയുടെ വിശ്വസ്തന്‍, അയൂബിന്റെ പാകിസ്താനി

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനെന്നാണ് പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ വി.പി. രാമചന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. ഇന്ദിരാഗാന്ധി തന്റെ ഔദ്യോഗികജീവിതത്തിലും വി.പി.ആറിന്റെ വാക്കുകള്‍ക്ക് വലിയ വില കല്പിച്ചിരുന്നു.

ഇന്തോ-പാക് ഉടമ്പടിയെത്തുടര്‍ന്ന് കച്ച് പ്രദേശത്തിന്റെ ചെറിയൊരുഭാഗം പാകിസ്താന് വിട്ടുകൊടുത്തെന്ന വാര്‍ത്ത ആദ്യമറിയുന്നത് വി.പി.ആറായിരുന്നു. ഇന്ദിരാഗാന്ധി ഈ വിവരം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, പാര്‍ലമെന്റ് ചേരുമ്പോള്‍ ഈ വിഷയം പ്രശ്‌നമാകില്ലേ എന്ന ചോദ്യത്തിലാണ് ഇതിന്റെ ഭാവി അപകടങ്ങളെക്കുറിച്ച് ഇന്ദിര ബോധവതിയായത്. പ്രശ്‌നം പരിഹരിക്കാന്‍ എന്തുചെയ്യാനാകുമെന്നായിരുന്നു വി.പി.ആറിനോട് ഇന്ദിരയുടെ മറുചോദ്യം. പ്രതിപക്ഷനേതാക്കളെ വിളിച്ചുകൂട്ടി അവരെ വിവരം ധരിപ്പിക്കണമെന്ന് വി.പി.ആര്‍. അഭിപ്രായപ്പെട്ടു. ഇന്ദിര ആ അഭിപ്രായം സ്വീകരിക്കുകയും ചെയ്തു. വലിയൊരു ആപത്തില്‍നിന്ന് വി.പി. രാമചന്ദ്രന്‍ തന്നെ രക്ഷിച്ചെന്ന് അവര്‍ അഭിപ്രായപ്പെട്ടതായി വി.പി.ആര്‍. പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

അയൂബ് ഖാന്‍, വി.പി. രാമചന്ദ്രന്‍, ഇന്ദിരാ ഗാന്ധി

ഇന്ദിരാഗാന്ധിയോടൊപ്പം പല വിദേശയാത്രകളുടെയും ഭാഗമാകാന്‍ കഴിഞ്ഞു. ഇന്ദിരയുമായുള്ള അടുപ്പംകാരണം കോണ്‍ഗ്രസുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ക്ക് ഏറെ വിശ്വാസ്യത കല്പിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെ ചേരിപ്പോരിന്റെ കാലത്ത് അന്നത്തെ സാഹചര്യങ്ങളെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ എഴുത്തുകളിലൂടെയാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസില്‍നിന്ന് പലയിടത്തേക്കും എത്തിക്കൊണ്ടിരുന്നത്.

അര്‍ധരാത്രിയില്‍ കൈമാറിക്കൊണ്ടിരുന്ന ഈ കത്തുകള്‍ 'മിഡ്നൈറ്റ് ലൗ ലെറ്റേഴ്സ്' എന്ന പേരിലാണ് ഡല്‍ഹിയിലെ പത്രക്കാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ഇത്തരമൊരു കത്ത് റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട ഓര്‍മകളും അദ്ദേഹം എപ്പോഴും പങ്കുവെക്കുമായിരുന്നു.

ലഹോറില്‍ വിദേശകാര്യ ലേഖകനായി ജോലി ചെയ്യുമ്പോഴാണ് അയൂബ് ഖാനുമായി അടുക്കുന്നത്. ഒരിക്കല്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അയൂബ് ഖാന്‍ ഡല്‍ഹിയിലെത്തി. വിദേശകാര്യ മന്ത്രാലയത്തില്‍ പത്രപ്രവര്‍ത്തകരുടെ സംഘത്തില്‍ വി.പി.ആറിനെ കണ്ടപ്പോള്‍ 'ഹലോ പാകിസ്താനി, എന്തുണ്ട് വിശേഷം?' എന്നായിരുന്നു അദ്ദേഹത്തിന്റെ കുശലം. ഇതുകേട്ട് താന്‍ പാകിസ്താനിയാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കരുതിയതെന്ന് അദ്ദേഹം പലപ്പോഴും തമാശയായി പറയാറുണ്ടായിരുന്നു. ഇതിന്റെപേരില്‍ പല സ്ഥലത്തുനിന്നും എതിര്‍പ്പുകളും അവഹേളനവും നേരിടേണ്ടിവന്നതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ-ചൈന യുദ്ധകാലത്ത് പട്ടാളക്കാരോടൊപ്പം യൂണിഫോമില്‍ യുദ്ധമുന്നണിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗ്ലാദേശിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാനും അവസരം ലഭിച്ചു.


സ്‌കൂപ്പ് വിമാനത്തില്‍

പാകിസ്താനില്‍ പ്രസിഡന്റ് അയൂബ്ഖാന്റെ പട്ടാളഭരണം. രാജ്യത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം തകരാറിലാണ്. വിദേശങ്ങളില്‍നിന്നുള്ള പത്രപ്രവര്‍ത്തകര്‍ക്ക് സെന്‍സറിങ്ങുമുണ്ട്. പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച് വാര്‍ത്ത അയക്കാന്‍ ഒരു സംവിധാനവുമില്ല. പാകിസ്താന്‍ പത്രങ്ങള്‍ക്ക് സെന്‍സറിങ്ങൊന്നും ബാധകമല്ല. എല്ലാവരും പട്ടാളനിയമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കുന്നു.

പി.ടി.ഐ.യുടെ ലഹോര്‍ ലേഖകനായിരുന്നു വി.പി.ആര്‍. അന്ന്. വാര്‍ത്തയെങ്ങനെ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് ആലോചിച്ച് അധികം തലപുകയ്‌ക്കേണ്ടിവന്നില്ല. പാകിസ്താനി പത്രങ്ങള്‍ ഇറങ്ങിയ ഉടനെ അര്‍ധരാത്രിത്തന്നെ പോയി വാങ്ങി. സ്വയം ശേഖരിച്ച വിവരങ്ങള്‍കൂടി ചേര്‍ത്ത് പത്രത്തില്‍ത്തന്നെ എഡിറ്റ് ചെയ്തു. വിമാനത്താവളത്തിലെത്തി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റിനെ പത്രമേല്‍പ്പിച്ചു. പട്ടാളക്കണ്ണുകളെ വെട്ടിച്ച് പാകിസ്താനിലെ വാര്‍ത്തകള്‍ വിമാനത്തിലൂടെ ഡല്‍ഹിയിലേക്ക് പറന്നു. അങ്ങനെ പിറ്റേന്ന് പാകിസ്താനിലെ പട്ടാളനിയമത്തെക്കുറിച്ച് വി.പി.ആറിലൂടെ ലോകമറിഞ്ഞു.

വിയറ്റ്നാംയുദ്ധത്തിന്റെ ക്രൂരതകള്‍ ലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തകരില്‍ പ്രമുഖനും വി.പി.ആറാണ്. കമ്യൂണിസ്റ്റ് രാഷ്ട്രമായ വിയറ്റ്നാമിനെതിരേ അമേരിക്ക നടത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ച് ഒട്ടേറെ റിപ്പോര്‍ട്ടുകളാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്.


ധീരോദാത്ത നായകന്‍

"വി.പി.ആര്‍. സാഹിത്യത്തിന്റെ അന്തകനായിരിക്കും. അയാള്‍ സര്‍വാണി ജേണലിസത്തിന്റെ അംശം അധികാരിയായിരിക്കും- വി.കെ.എന്‍."

എവിടെയും വി.പി.ആര്‍. ഒരു ചരിത്രമാകുന്നു. തിരസ്‌കൃതനോ നിഷ്‌കാസിതനോ അല്ല, ഒരു അവിരാമ യോദ്ധാവ്. ഉദ്ധതനായ പോരാളി.

ഞങ്ങള്‍ക്ക് വി.പി.ആര്‍. ഒരു സമസ്യയായിരുന്നു. അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപസ്ഥാനത്തേക്ക് എത്തുന്നു എന്നുകേട്ടപ്പോള്‍ സഹപ്രവര്‍ത്തകര്‍ അന്വേഷിക്കുകയായിരുന്നു. അവരുടെ ഭാവനാഭൂപടത്തിലൊന്നും വി.പി. രാമചന്ദ്രന്‍ എന്ന പേരുണ്ടായിരുന്നില്ല.

വി.പി.ആര്‍. വന്നപ്പോള്‍ ഒരുകാര്യം മനസ്സിലായി. ഈ മനുഷ്യന്‍ അച്ചടിയും ന്യൂസ് ഏജന്‍സിയും എഡിറ്റോറിയല്‍ പോളിസിയും ഒരുപോലെ ഉള്‍ക്കൊണ്ട ഒരു കഥാപാത്രമാണ്. ഞങ്ങള്‍ക്കുപോലും അറിയാത്ത ന്യൂസ്പ്രിന്റിന്റെ വംശചരിത്രം അറിഞ്ഞയാള്‍. മാപ്ലിത്തോ കടലാസില്‍ അച്ചടിച്ചാല്‍ ഒരുലക്ഷം കോപ്പിയുടെ അധികച്ചെലവ് എത്രയെന്ന് നിശ്ചയിക്കാന്‍ കഴിയുന്ന ഭീമന്‍.

'വി.പി.ആര്‍. സാഹിത്യത്തിന്റെ അന്തകനായിരിക്കും. അയാള്‍ സര്‍വാണി ജേണലിസത്തിന്റെ അംശം അധികാരിയായിരിക്കും' ഇതു പ്രഖ്യാപിച്ചത് സാക്ഷാല്‍ വി.കെ.എന്‍.

വി.കെ.എന്ന്, വി.പി.ആറിനെയോ വി.പി.ആറിന് ഈ പുതുകാലത്തെ കുഞ്ചനെയോ അത്രമേല്‍ ഇഷ്ടമായിരുന്നില്ല.

വളരെ വേഗത്തിലാണ് അദ്ദേഹം മാതൃഭൂമിയിലെ മിടുക്കരെ തിരിച്ചറിഞ്ഞത്. വി.പി.ആര്‍. കര്‍ക്കശക്കാരനായ എഡിറ്ററായിരുന്നു. തന്റേതായ കാട്ടില്‍ വിരാജിക്കുന്ന ഒരു സിംഹം. ആ കാട്ടില്‍ മറ്റൊരു സിംഹം ഉണ്ടാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. അതിന്റെ ചൂട് ഇതെഴുതുന്നയാളും അനുഭവിച്ചിട്ടുണ്ട്. സുധാറാണി രഘുപതി എന്ന നര്‍ത്തകിയുടെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തശേഷം എഡിറ്റര്‍ വി.പി.ആര്‍. വിളിക്കുന്നു. ''താങ്കള്‍ പറയുന്നവിധത്തില്‍ ഈ നൃത്തം ശാസ്ത്രീയമായ വീക്ഷണമാണ്. നിങ്ങള്‍ക്കത് സ്ഥാപിക്കാന്‍ കഴിയുമോ.'' ഞാനതിന്റെ ചില വിശദീകരണങ്ങള്‍ അവതരിപ്പിച്ചു. പത്രാധിപര്‍ സംതൃപ്തനായിരുന്നു. ''വസ്തുതകള്‍ അവതരിപ്പിക്കല്‍ മാത്രമല്ല, അതിനെ സാധൂകരിക്കുന്നതും പത്രപ്രവര്‍ത്തനമാണ്.'' ഞങ്ങള്‍ അക്കാലം ആ വാചകം ദൈവവിളിപോലെ കൊണ്ടുനടന്നു.

സ്വതന്ത്ര പത്രപ്രവര്‍ത്തനം- അതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നഭൂമി. മാതൃഭൂമിയിലെത്തിയപ്പോള്‍ ആദ്യം സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത് വസ്തുതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു 'കോപ്പി' എങ്ങനെയുണ്ടാക്കാം എന്നതായിരുന്നു. പിന്നീട് അദ്ദേഹം ഓരോ പേജിനും പ്രത്യേക ക്യാരക്ടര്‍ ആസൂത്രണം ചെയ്തു.

വി.പി.ആറിന്റെ കാലത്ത് മാതൃഭൂമിക്ക് സവിശേഷമായൊരു സ്‌പോര്‍ട്സ് പേജും വാണിജ്യപ്പേജും ദേശീയപേജും ഉണ്ടായി. ചരമപ്പേജ് പ്രത്യേകമായി ആസൂത്രണം ചെയ്തു. പക്ഷേ, ഇതിനുമപ്പുറം വി.പി.ആര്‍. മാതൃഭൂമിക്ക് ഒരു എഡിറ്റോറിയല്‍ പോളിസി വിഭാവനം ചെയ്തു. അത് സ്വതന്ത്രവും സംവാദപരവുമായിരിക്കണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. വി.പി.ആര്‍. എപ്പോഴും നാളെയെക്കുറിച്ചാണ് ചിന്തിച്ചത്.

# എം.പി. സുരേന്ദ്രന്‍

Content Highlights: vp ramacgandran

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented