ബെംഗളൂരു:  വോളിബോള്‍ താരവും ദേശീയ ടീം മുന്‍ പരിശീലകനുമായിരുന്ന അച്യുതക്കുറുപ്പ് (75)അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ബെംഗളുരുവിലായിരുന്നു അന്ത്യം. വടകര ഓര്‍ക്കാട്ടേരി സ്വദേശിയാണ്. ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

പഞ്ചാബ് സ്വദേശിനിയായ കുസും ആണ് ഭാര്യ. ആനന്ദക്കുറുപ്പ്, അനുരാധ എന്നിവരാണ് മക്കള്‍. ഇരുവരും ദേശീയ വോളിബോള്‍ താരങ്ങളായിരുന്നു.

1986 ല്‍ സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം. സര്‍വീസസിനു വേണ്ടി കളിച്ചിട്ടുള്ള അച്യുതക്കുറുപ്പ് വിരമിച്ച ശേഷം കോച്ചിങ്ങില്‍ പരിശീലനം നേടി.

achuthakkurupp with seol bronze winning team
സോള്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ
ഇന്ത്യന്‍ വോളിബോള്‍ ടീം പരിശീലകന്‍ അച്യുതക്കുറുപ്പിനൊപ്പം

തുടര്‍ന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യില്‍ പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ സായി ആരംഭിക്കുന്നതിനു വേണ്ടി മുന്‍കയ്യെടുത്തവരില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം. 1986 ലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അച്യുതക്കുറുപ്പ് എത്തുന്നത്. 1989 ല്‍ ജപ്പാനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ വെള്ളി നേടിയത് അച്യുതക്കുറുപ്പിന്റെ ശിക്ഷണത്തിലായിരുന്നു.

1982 ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീമിന്റെ പരിശീലകസ്ഥാനവും അച്യുതക്കുറുപ്പ് വഹിച്ചിട്ടുണ്ട്. 87, 89 വര്‍ഷങ്ങളിലെ സാഫ് ഗെയിംസില്‍ പുരുഷ ടീമിന്റെ പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  അച്യുതക്കുറുപ്പിന്റെ സഹോദരന്‍ ഗോപിയും വോളിബോള്‍ താരമായിരുന്നു. 

1986ലെ സോള്‍ ഗെയിംസിലെ മെഡല്‍നേട്ടത്തിനു ശേഷം ഇന്ത്യക്ക് ഏഷ്യന്‍ഗെയിംസ് വോളി യില്‍ മെഡല്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യപരിശീലകന്‍ അച്യുതക്കുറുപ്പ്, സഹപരിശീലകന്‍ വി.സേതുമാധവന്‍, ക്യാപ്റ്റന്‍ സിറില്‍ സി.വെള്ളൂര്‍, ടീമിന്റെ നെടുംതൂണുകളായിരുന്ന ഉദയകുമാര്‍, ജിമ്മി ജോര്‍ജ് എന്നിവര്‍ ടീമിലെ മലയാളിസാന്നിധ്യമായിരുന്നു.

1988ല്‍ അച്യുതക്കുറുപ്പ്, സേതുമാധവന്‍ എന്നിവരെ 1990ലെ ഏഷ്യന്‍ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകരായി ഫെഡറേഷന്‍ നിയമിച്ചിരുന്നു. എന്നാല്‍ ഫെഡറേഷനുമായുള്ള ഭിന്നതകള്‍മൂലം 90നു മുമ്പേ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നു.