തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കുന്നതിന് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകള്‍ക്കെതിരേ സഹകരണ മന്ത്രി വിഎന്‍ വാസവന്‍. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആര്‍ബിഐ ശ്രമിക്കുന്നതെന്നും പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച് നിയമജ്ഞരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. 

ബാങ്കിങ് ഭേദഗതി നിയമത്തിന് ശേഷം സുപ്രീം കോടതി പുറപ്പെടുവിച്ച രണ്ട് വിധികളും സംസ്ഥാനത്തെ സഹകരണ മേഖലയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതായിരുന്നു. 97-ാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിധിയില്‍ സഹകരണ മേഖലയില്‍ കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം തടഞ്ഞിരുന്നു. ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിധിയില്‍ അംഗത്വത്തെ സംബന്ധിച്ചും വ്യക്തമാക്കിയിരുന്നു. വോട്ട് അവകാശമുള്ള അംഗങ്ങള്‍ക്കും വോട്ടവകാശമില്ലാത്ത മറ്റ് കാറ്റഗറിയില്‍പ്പെടുന്ന അംഗങ്ങള്‍ക്കും തുല്യാവകാശമാണെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ആര്‍ബിഐയുടെ കുറിപ്പില്‍ ഭേദഗതി നിയമത്തെ വ്യാഖ്യാനിച്ച് സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. 

നിയമം നിലവില്‍ വന്ന ശേഷമുള്ള രണ്ട് വിധികളുടെയും അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പകള്‍ നല്‍കാനും കഴിയും. സംസ്ഥാന സഹകരണ നിയമം അനുസരിച്ചുതന്നെ ഇത്തരം ഇടപാടുകള്‍ക്ക് സാധിക്കും. ആര്‍ബിഐയുടെ ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങള്‍ കോടതിയുടെ തീരുമാനത്തില്‍ നിന്നും വ്യത്യസ്തമായതുകൊണ്ടു തന്നെ നിയമജ്ഞരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാരുമായും ആശയ വിനിമയം നടത്തും. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്കും സമാനമായ സാഹചര്യമുണ്ട്. എന്നാല്‍ സര്‍വീസ് സഹകരണ സംഘം മേഖലയില്‍ ക്രെഡിറ്റ് സംഘങ്ങള്‍ കേരളത്തിലാണ് അധികമുള്ളത്. 69% ശതമാനവും കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. ജനകീയ പ്രതിരോധം ഉയര്‍ത്തേണ്ടി വരുകയാണെങ്കില്‍ അതിനും ഒരുക്കമാണ്. നോട്ട് നിരോധനകാലത്ത് ജനകീയ പ്രതിരോധത്തിലൂടെയാണ് കേന്ദ്ര നിലപാടുകളെ മറികടന്നതെന്നും മന്ത്രി പറഞ്ഞു.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചായിരുന്നു റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്. വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് വിലക്കിയതിനൊപ്പം റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍, എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ 29-ന് ഈ നിയമം നിലവില്‍വന്നെങ്കിലും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു പുതിയ ഉത്തരവ് പുറത്തിറക്കിയത്.

content highlights: VN Vasavan objected to the conditions imposed by the RBI in cooperative banks