വി. മുരളീധരൻ, കെ.എൻ. ബാലഗോപാൽ | Photo: Mathrubhumi
തിരുവനന്തപുരം: കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കടമെടുപ്പ് പരിധി നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിനും ആ മാനദണ്ഡങ്ങള്‍ ബാധകമാണ്. നടപ്പുവര്‍ഷം അനുവദിച്ച 55,182 കോടിയില്‍ 34,661 കോടി കേരളം ഇതിനോടകം എടുത്തുകഴിഞ്ഞു. ബാക്കി 20,521ല്‍ ആദ്യ മൂന്ന് പാദങ്ങളുടേതാണ് 15,390 കോടി. ബാക്കി 5,131 കോടി സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ആണ് അനുവദിക്കുക. അതിനെ 'വെട്ടികുറക്കല്‍' ആയി ധനമന്ത്രി ചിത്രീകരിക്കുകയാണെും വി. മുരളീധരന്‍ പറഞ്ഞു.
ആര്‍.ബി.ഐ. കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കടമെടുപ്പും ബാധ്യതകളും ക്ഷേമ പെന്‍ഷനോ അടിസ്ഥാന സൗകര്യ വികസനത്തിനോ വേണ്ടിയല്ല. കെ.വി തോമസിനെ പോലുളളവര്‍ക്ക് ഓണറേറിയം നല്‍കാനാണ് വായ്പകള്‍ എന്നും വി.മുരളീധരന്‍ വിമര്‍ശിച്ചു. അല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായിക്ക് നീന്തല്‍ക്കുളം പണിയാനോ വിദേശയാത്ര നടത്താനോ ആകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ യൂറോപ്പും അമേരിക്കയുമടക്കം പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടുംബസമേതം നടത്തുന്ന വിനോദയാത്രയുടെ പട്ടിക മാധ്യമ പ്രവര്‍ത്തകര്‍ പരിശോധിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പരിധിക്ക് പുറത്ത് ധൂര്‍ത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാല്‍ കേരളം ശ്രീലങ്കയാവും. അതിന് കേന്ദ്രസര്‍ക്കാര്‍ കൂട്ട് നില്‍ക്കില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.
അതേസമയം, അടിസ്ഥാനരഹിതമായ ചില കണക്കുകള്‍ തയ്യാറാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് വി. മുരളീധരന്‍ ശ്രമിക്കുന്നതെന്ന മറുപടിയുമായി ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ രംഗത്തെത്തി. ഈ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കെ.എന്‍. ബാലഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
സാധാരണഗതിയില്‍ കൃത്യമായ കണക്കുകള്‍ സഹിതമാണ് കടമെടുപ്പ് പരിധി സംബന്ധിച്ച അറിയിപ്പുകള്‍ കേന്ദ്രം നല്‍കാറുള്ളത്. ഇത്തവണ വിശദമായ കണക്കുകള്‍ നല്‍കിയിട്ടില്ല. 32,000 കോടി രൂപയാണ് സര്‍ക്കാരിന്റെ അംഗീകൃത കടപരിധി എന്ന കത്ത് വന്നതിനു ശേഷം ഈ വര്‍ഷം ആകെ 15,390 കോടിയാണ് അനുവദിച്ചിട്ടുള്ളതെന്നും, ഏപ്രില്‍ മാസം അനുവദിച്ച 2000 കോടി കഴിച്ച് ഇനി 13,390 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് കടമെടുക്കാന്‍ കഴിയൂ എന്നും മാത്രമാണ് കേന്ദ്രത്തിന്റെ കത്തില്‍ ഉണ്ടായിരുന്നത്. ഈ പശ്ചാത്തലത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു കണക്കുമായി കേന്ദ്ര സഹമന്ത്രി തന്നെ രംഗത്തുവന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട കണക്കുകള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു നല്‍കാതെ, ഇപ്പോള്‍ കേന്ദ്ര സഹമന്ത്രിക്ക് രഹസ്യമായി അയച്ചുകൊടുക്കുന്നു എന്നാണോ കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കേണ്ടത്. സംസ്ഥാനത്തിന്റെ കടപരിധിയെക്കുറിച്ചും എടുക്കാന്‍ കഴിയുന്ന കടത്തെക്കുറിച്ചും വ്യക്തമായ ബോധ്യം സംസ്ഥാന സര്‍ക്കാറിനുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ചും വ്യക്തമായ കണക്കുകള്‍ ഇവിടെയുണ്ട്. കേന്ദ്ര ഗവണ്‍മെന്റിനും ആ കണക്കുകള്‍ അറിയാം. എന്നിരിക്കിലും ആരെങ്കിലും തെറ്റിദ്ധരിക്കുമെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതിയാകണം അദ്ദേഹം ഇത്തരം വിതണ്ഡ വാദങ്ങളുമായി രംഗത്തു വരുന്നതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
കേന്ദ്രമന്ത്രി തന്റെ പദവിയില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വത്തിന്റെ ഗൗരവം മനസ്സിലാക്കാതെ നിലവാരം കുറഞ്ഞ രാഷ്ട്രീയ പ്രചരണങ്ങള്‍ക്കു തയ്യാറാകുന്നത് കേരളം തിരിച്ചറിയും. സര്‍ക്കാറിന് ലഭിക്കേണ്ട നികുതി വരുമാനവും മറ്റു വരുമാനങ്ങളും ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തലല്ല ഇതേ സംസ്ഥാനക്കാരനായ ഒരു കേന്ദ്ര സഹമന്ത്രിയുടെ ഉത്തരവാദിത്വമെന്ന് തിരിച്ചറിയാന്‍ ഇനിയെങ്കിലും വി, മുരളീധരന്‍ തയ്യാറാകണമെന്നും കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടു.
Content Highlights: v muraleedharan vs kn balagopal on kerala debt limit by union government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..