തിരുവനന്തപുരം:  കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജിക്ക് പിന്നാലെ എ.ഐ.സി.സി അംഗത്വവും രാജിവെച്ച് വി.എം സുധീരന്‍. രാജിക്കത്ത് സോണിയ ഗാന്ധിക്ക് നേരത്തെ അയച്ചു. സംസ്ഥാന നേതൃത്വത്തോടുള്ള എതിര്‍പ്പാണ് സുധീരന്റെ നടപടിക്ക് പിന്നില്‍.

കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പലവിഷയങ്ങളിലും വി.എം സുധീരന് കെ.പി.സി.സി നേതൃത്വവുമായി എതിര്‍പ്പുണ്ടായിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ ശക്തമായ എതിര്‍പ്പുമായി വന്ന സാഹചര്യത്തിലാണ് അദ്ദേഹം നിശബ്ദനായി ഇരുന്നത്. എന്നാല്‍ തുടര്‍ന്ന് എടുത്ത പല തീരുമാനങ്ങളിലും സംസ്ഥാന നേതൃത്വം അദ്ദേഹത്തോട് ആലോചിക്കാത്തതാണ് ഈ നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.

എ.ഐ.സി.സി നേതൃത്വവും തന്നെ അവഗണിച്ചുവെന്ന പരാതി വി.എം സുധീരനുണ്ട്. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് ഒഴിഞ്ഞ അന്നുതന്നെ എ.ഐ.സി.സി സ്ഥാനവും രാജിവെച്ചുകൊണ്ടുള്ള മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഇത് ഇപ്പോഴാണ് സ്ഥിരീകരിക്കപ്പെടുന്നത്. ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന നിലപാടാണ് അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. 

എന്നാല്‍, വി.എം. സുധീരനെ അനുനയിപ്പിച്ച് അദ്ദേഹത്തെ വീണ്ടും പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. അതോടൊപ്പം, സംസ്ഥാന നേതൃത്വത്തിന് ഗ്രൂപ്പുകള്‍ക്ക് അതീതമായിട്ടുള്ള ഒരു നേതൃത്വത്തിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പിന്തുണ നല്‍കാനുമാണ് ഹൈക്കമാന്റ് തീരുമാനം. മുതിര്‍ന്ന നേതാക്കളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ നടത്തണമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. കേരളത്തിലുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വി.എം സുധീരനോട് ചര്‍ച്ച നടത്തിയേക്കും.

Content Highlights: Congress leader VM Sudheeran resigns from AICC