കോഴിക്കോട്: നിപ വൈറസ് രണ്ടാംവര്‍ഷവും കേരളത്തിന് ഭീഷണിയായപ്പോള്‍ വളരെകാര്യക്ഷമമായാണ് നാം പ്രതിരോധിച്ചത്. കൃത്യമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ ഏതാനും ദിവസങ്ങള്‍കൊണ്ടുതന്നെ നിപ വൈറസ് പടര്‍ന്നുപിടിക്കുന്നത് സംസ്ഥാനത്തിന് തടയാനായി. എന്നാല്‍ നിപയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രി ലോക്‌സഭയില്‍ നല്‍കിയ കണക്കുകള്‍ അത്ര ശുഭകരമായ സൂചനയല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞവര്‍ഷത്തെക്കാള്‍ നിപ വൈറസ് സാന്നിധ്യമുള്ള വവ്വാലുകളുടെ എണ്ണം വര്‍ധിച്ചതുതന്നെയാണ് ആശങ്കയ്ക്ക് കാരണം. 

മലയാളി ശാസ്ത്രജ്ഞനായ വി.എം. മനോജാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിരിക്കുന്നത്. 2018-ല്‍ പരിശോധിച്ചവയില്‍ 19% വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയപ്പോള്‍ ഇത്തവണ 33% വവ്വാലുകളിലാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഈ രണ്ടുവര്‍ഷങ്ങളിലും 20-33% വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി എന്നത് ഇനിയും കേരളത്തിന് നിപ ഭീതിയില്‍നിന്ന് ഉടന്‍വിട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ എല്ലാപ്രദേശങ്ങളിലെ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കേണ്ടിയിരുന്ന സമയം അതിക്രമിച്ചിരിക്കുന്നതായും പക്ഷികള്‍ കൊത്തിയ പഴങ്ങള്‍ കഴിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണം നല്‍കണമെന്നും വി.എം. മനോജ് ആവശ്യപ്പെടുന്നു. 

വി.എം. മനോജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

ലോകസഭയില്‍ 21ആം തിയതിയിലെ 6 ചോദ്യങ്ങള്‍ നീപ്പയുമായി ബന്ധപ്പെട്ടായിരുന്നു ... അതിനെല്ലാം ഉള്ള മറുപടിയില്‍ കേന്ദ്ര മന്ത്രി പറഞ്ഞതില്‍ പൂനയില്‍ നടത്തിയ പരിശോധനയില്‍ 36 വവ്വാലുകളില്‍ 12 എണ്ണം 'anti Nipah bat IgG antibodies' പോസിറ്റീവ് എന്നാണു 

എന്നാല്‍ 2018ല്‍ 52 വവ്വാലുകളില്‍ 10 എണ്ണം 'Real Time qRT-PCR' പോസിറ്റീവ് ആണെന്നും പറയുന്നു ...

അതായത് 2018ല്‍ പരിശോധിച്ചവയിലെ 19% വവ്വാലുകളില്‍ നീപ്പ വൈറസിനെ കണ്ടെത്തിയപ്പോള്‍ 2019ല്‍ പരിശോധിച്ചവയിലെ 33% വവ്വാലുകളില്‍ ആണു നീപ്പയെ കണ്ടെത്തിയിരിക്കുന്നത് ...

''anti Nipah bat IgG antibodies' എന്നതും 'Real Time qRT-PCR' എന്നതും സാമ്പിളുകളില്‍ വൈറസുകളെ കണ്ടെത്തുവാനുള്ള വിവിധ മാര്‍ഗങ്ങളില്‍ ചിലതാണു ... ഇവ പോസ്റ്റിറ്റീവ് ആയാല്‍ വൈറസ് ഉണ്ടെന്നാണു ...

2018ലും 2019ലും പരിശോധിച്ച 20-33% വവ്വാലുകളില്‍ വൈറസിനെ കണ്ടെത്തി എന്നത് ഇനിയും കേരളത്തിനു ഇതിന്റെ ഭീതിയില്‍ നിന്ന് ഉടനെ വിട്ട് പോകുവാന്‍ കഴിയില്ല എന്നാണു ... കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലെയും വിവിധ സമയങ്ങളില്‍ വവ്വാലുകളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ... കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടനെ തന്നെ ഇവയ്ക്ക് വേണ്ട ഫണ്ട് നല്‍കി പഠനം ആരംഭിക്കുവാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തേണ്ടിയിരിക്കുന്നു ...
.
ഒപ്പം പക്ഷികള്‍ കൊത്തിയ പഴങ്ങള്‍ കഴിക്കാതിരിക്കുവാനുള്ള ബോധവല്‍ക്കരണവും ...

 

Content Highlights: vm manoj facebook post about nipah virus threat in kerala