കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യംചെയ്യലിന് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഹാജരാകില്ല. ചോദ്യംചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് ഇഡിക്ക് കത്ത് നല്‍കി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കത്ത്. 

പികെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇബ്രാഹിംകുഞ്ഞിന് നേരത്തെ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും ഇബ്രാഹിംകുഞ്ഞ് ഇഡിക്ക് നല്‍കിയ കത്തില്‍ വിശദീകരിക്കുന്നു. 

മുസ്ലീംലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് ഇഡി നോട്ടീസ് നല്‍കിയിരുന്നത്. കേസില്‍ ഇതിന് മുമ്പും ഇബ്രാംഹിംകുഞ്ഞിനെ ഇഡി വിളിപ്പിച്ചിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് കഴിഞ്ഞ ദിവസം ഹൈക്കോടതിയേയും സമീപിച്ചിരുന്നു. 

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് അനുസരിച്ചാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുകൂടിയാണ് ഹൈക്കോടതിയെ സമീപിച്ചത്‌. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന് ആരോപിക്കുന്ന ഹര്‍ജിയില്‍ സംഭവത്തെക്കുറിച്ച് വിജിലന്‍സും ഇ.ഡി.യും അന്വേഷണം നടത്തണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 17-ലെ ഉത്തരവ്. ഇതിന്റെ തുടര്‍ച്ചയായാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റുചെയ്തത്. 

ചന്ദ്രികയിലെ പണമിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അതിനാല്‍ ഇ.ഡി. അന്വേഷണത്തിന് ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയായിരുന്നു ഇത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി ഉത്തരവിന് എതിരാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ചന്ദ്രികയുടെ ഗവേണിങ് ബോഡി ചെയര്‍മാന്റെ ചുമതല വഹിക്കുമ്പോള്‍ 10 കോടി രൂപ വെളുപ്പിച്ചെടുത്തെന്നായിരുന്നു കളമശ്ശേരി സ്വദേശിയുടെ പരാതി. എന്നാല്‍, പത്രത്തിന്റെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുക എന്ന ചുമതല മാത്രമേ ഗവേണിങ് കമ്മിറ്റിക്കുണ്ടായിരുന്നുള്ളൂവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്നുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

content highlights: VK Ebrahimkunju not appearing for ED questioning