വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നശിപ്പിച്ച പോലീസ് വാഹനം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കൊച്ചി: വിഴിഞ്ഞത്ത് നടന്ന അക്രമ സംഭവങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. പോലീസ് പരാജയമാണെന്നും അക്രമ സംഭവങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ആയിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ കേസെടുത്ത് ദിവസങ്ങള്‍ക്കകം എന്‍ഐഎ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ആരാഞ്ഞു.
വിഴിഞ്ഞത്തെ അക്രമ സംഭവങ്ങള്‍ സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ മതിയാവില്ല എന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ച ഗോപകുമാരന്‍ നായര്‍ എന്നയാള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് പൊതുതാത്പര്യ ഹര്‍ജി തള്ളി. നിലവില്‍ കേസ് എന്‍ഐഎ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറേണ്ട ആവശ്യമില്ല. എന്‍ഐഎ ആക്ട് എന്താണെന്ന് അറിയുമോ എന്ന് ഹൈക്കോടതി ഹര്‍ജിക്കാരനോട് ആരാഞ്ഞു. ഈ കേസ് എന്‍ഐഎയ്ക്ക് കൈമാറേണ്ട സാഹചര്യമെന്താണെന്നും ചോദിച്ചു.
പ്രതിഷേധങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കേസില്‍ പ്രതിചേര്‍ക്കണമെന്ന ആവശ്യവും പൊതുതാത്പര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, പതിനായിരം പേര് പ്രതിഷേധത്തില്‍ പങ്കെടുത്താല്‍ പതിനായിരം പേരെയും കേസില്‍ പ്രതിചേര്‍ക്കാന്‍ കഴിയുമോ എന്ന് ഹൈക്കോടതി ആരാഞ്ഞു. അക്രമ സംഭവങ്ങളില്‍ നേരിട്ട് പങ്കെടുത്തവര്‍ മാത്രമാണ് കേസില്‍ പ്രതികളാകുക. എല്ലാവരെയും പ്രതിചേര്‍ക്കുന്നത് എങ്ങനെ എന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. സംസ്ഥാന പോലീസ് കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകട്ടെ എന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.
Content Highlights: Vizhinjam violence NIA Kerala HiGh Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..