മന്ത്രി ആന്റണി രാജു, സഹോദരൻ എം.ജെ.വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ തീവ്രവാദ ബന്ധം ആരോപിച്ചതിനെതിരെ മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും തീരഗവേഷകനുമായ എ.ജെ. വിജയന്. വിഴിഞ്ഞം പദ്ധതി വളരെയധികം പാരിസ്ഥിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് നേരത്തെ മുതല്‍ പറയുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ല. നിലപാടുകള്‍ പരസ്യമായി പറയുകയും എഴുതുകയും ചെയ്തിട്ടുള്ള ആളാണ്. മാധ്യമങ്ങളില്‍ അന്ന് പറഞ്ഞ നിലപാടുകളില്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അദാനിയൊക്കെ ചിത്രത്തില്‍ വരുന്നതിന് മുമ്പുതന്നെ പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കിയ ആളാണ് താന്‍. അക്കാര്യങ്ങളൊക്കെ വ്യക്തമായി കിടപ്പുണ്ടെന്നും എ.ജെ. വിജയന് മാതൃഭൂമി ഡോട്ടകോമിനോട് പറഞ്ഞു.
പദ്ധതിയെക്കുറിച്ച് വിശദമായി പഠിച്ചയാളാണ് താന്‍. സാമൂഹിക ശാസ്ത്രജ്ഞനാണ്, പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനങ്ങള്‍ നടത്തിയിട്ടുള്ള ആളാണ്. തീരമേഖലയില്‍ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ട്രേഡ് യൂണിയന് പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെയുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിഴിഞ്ഞം പദ്ധതിയെപ്പറ്റി നിലപാടെടുത്തത്. അതുപറയുമ്പോള്‍ തീവ്രവാദമാണെന്നൊക്കെയാണ് ആരോപിക്കുന്നത്.
നൂറ്റാണ്ടുകളായി അവര്‍ പണിയെടുത്തിരുന്ന കടലും കടല്‍ തീരവും അവരില്‍ നിന്ന് അന്യവത്കരിക്കപ്പെടുന്നു എന്നതാണ് വിഴിഞ്ഞത്തെ യഥാര്‍ഥ പ്രശ്നം. ഒരു പൊതുസ്വത്തായി കരുതിപ്പോന്നിരുന്ന ഒരിടത്തെ ഒരു കോര്‍പ്പറേറ്റ് ഇടമാക്കിമാറ്റുന്നതിന്റെ ഭവിഷ്യത്ത് തിരിച്ചറിഞ്ഞതിന്റെ പ്രതിഷേധമാണ് അവരില്‍നിന്ന് ഉയരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: vizhinjam protest minister antony raju brother mj vijayan response about terrorism allegation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..