'ഒരു നഷ്ടവും സംഭവിക്കാതെ തുക കൈപ്പറ്റിയവരാണ് സമരം ചെയ്യുന്നത്'; ബഹുജന കണ്‍വെന്‍ഷനുമായി പ്രദേശവാസികൾ


വിഷ്ണു കോട്ടാങ്ങല്‍ 

'ഇവിടെ ഈ തുറമുഖം വരുന്നതിന് വേണ്ടി ഞങ്ങള്‍ നാട്ടുകാര്‍ എല്ലാം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഒരു കാശിന്റെ പോലും നഷ്ടം സംഭവിക്കാതെ കൂടുതല്‍ തുക കൈപ്പറ്റിയവരാണ് ഇവിടെവന്ന് സമരം ചെയ്യുന്നത്'

Photo: PTI

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന സമരം കേരളമാകെ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ സമരത്തിനെതിരെ നിലപാടെടുത്തിരിക്കുന്ന ജനതയുടെ ശബ്ദവും കേള്‍ക്കേണ്ടത് ആവശ്യമാണ്. വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി തൊഴിലും ഭൂമിയും ഭാവിയും ഉപേക്ഷിക്കേണ്ടിവന്ന തദ്ദേശീയരാണ് ഇപ്പോള്‍ തുറമുഖത്തിനെതിരെ സമരംചെയ്യുന്നവരെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുന്നത്. ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിനെതിരെ ജനകീയ പ്രതിരോധ സമിതിയെന്ന പേരില്‍ സംഘടിച്ച് വെള്ളിയാഴ്ച മുതല്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് ഇവരുടെ നീക്കം. ജനകീയ പ്രതിരോധ സമിതി കണ്‍വീനര്‍ വെങ്ങാനൂര്‍ ഗോപകുമാര്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു:

എന്തുകൊണ്ടാണ് നിങ്ങള്‍ തുറമുഖത്തിനെതിരായ സമരത്തെ എതിര്‍ക്കുന്നത്?ഇവിടെ തുറമുഖപദ്ധതിക്ക് വേണ്ടി ഭൂമിയും വീടും ജോലിയും നഷ്ടപ്പെട്ട ആള്‍ക്കാര്‍ക്ക് ഏകദേശം പുനരധിവാസം സര്‍ക്കാര്‍ കൊടുത്തുകഴിഞ്ഞു. പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുത്ത ആളുകള്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കി. വീട് നഷ്ടപ്പെട്ടവര്‍ക്കെല്ലാം നഷ്ടപരിഹാരമായി വീടിന്റെ തുകയും അതിനൊപ്പം അഞ്ച് സെന്റ് ഭൂമിയും സര്‍ക്കാര്‍ നല്‍കി. രണ്ട് സെന്റ് ഭൂമി നഷ്ടപ്പെട്ടവര്‍ക്കുപോലും വീട് നിര്‍മിക്കാന്‍ അഞ്ച് സെന്റ് ഭൂമി പുനരധിവാസ പാക്കേജിന്റെ ഭാഗമായി നല്‍കി.

കടലിനെ ആശ്രയിച്ച് ഏകദേശം ആയിരത്തോളം തൊഴിലാളികളുണ്ട് ഈ പദ്ധതി പ്രദേശത്ത്. ചിപ്പി- കക്ക തൊഴിലാളികള്‍. നാടാര്‍, പട്ടികജാതി വിഭാഗങ്ങളില്‍പെട്ടവരാണ് ഈ മേഖലയില്‍ തൊഴില്‍ ചെയ്തുകൊണ്ടിരുന്നത്. അതവരുടെ പരമ്പരാഗത തൊഴിലായിരുന്നു. തുറമുഖ നിര്‍മാണത്തെ തുടര്‍ന്ന് അവരുടെ മുഴുവന്‍ തൊഴിലും നഷ്ടപ്പെട്ടുകഴിഞ്ഞു. അതേസമയം പദ്ധതിപ്രദേശത്തിനടുത്തുള്ള മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഇപ്പോഴും കടലില്‍ പോകുന്നുണ്ട്. തുറമുഖ നിര്‍മാണത്തെ തുടര്‍ന്ന് ഇവര്‍ക്ക് ദിവസം നാല് ലിറ്റര്‍ മണ്ണെണ്ണ അധികമായി നല്‍കുന്നുമുണ്ട്. കാരണം, അവര്‍ക്ക് അല്‍പം ദൂരം കൂടുതല്‍ കടലില്‍ സഞ്ചരിക്കേണ്ടിവരും. ഇവരുടെ പേരുപറഞ്ഞിട്ടാണ് മറ്റുപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ വന്ന് സമരം ചെയ്യുന്നത്.

ഇവരില്‍ ഏകദേശം 940-ഓളം പേർക്ക് തീരശോഷണത്തിന്റെ പേരില്‍ സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. അതേസമയം, പദ്ധതി പ്രദേശത്തുള്ള ചിപ്പി- കക്ക തൊഴിലാളികളില്‍ 72 പേര്‍ക്ക് 12,50,000 രൂപ കൊടുത്തു. ഇപ്പോള്‍ സമരംചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ഒരുസെന്റ് ഭൂമി പോലും തുറമുഖത്തിന് വേണ്ടി ഏറ്റെടുക്കേണ്ടി വന്നിട്ടില്ല. അവര്‍ക്ക് വീട് നഷ്ടപ്പെട്ടത് ഓഖി ദുരന്തമുള്‍പ്പെടെയുള്ള മറ്റു പാരിസ്ഥിക പ്രശ്‌നങ്ങളുടെ പേരിലാണ്. അത് ഏകദേശം 156 പേരുണ്ട്. അവര്‍ക്ക് സര്‍ക്കാര്‍ വീട് വെച്ചുകൊടുക്കണം. അത് മാനുഷികമായ കാര്യമാണ്, ചെയ്യേണ്ടതാണ്.

മറ്റൊന്ന് വിഴിഞ്ഞം കോട്ടപ്പുറം ഭാഗത്തുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യമായി ശുദ്ധജലം വീടുകളിലെത്തുന്നുണ്ട്. തുറമുഖം വന്നതിന്റെ ഭാഗമായാണ് ഈ സൗകര്യം. മുമ്പ് അവര്‍ക്ക് ശുദ്ധജലത്തിനായി ദൂരസ്ഥലങ്ങളില്‍ പോകേണ്ടി വന്നിരുന്ന സ്ഥലത്ത് ഓരോ വീട്ടിലും പൈപ്പ് കണക്ഷനുണ്ട്. അതേസമയം, തുറമുഖത്തിന് വേണ്ടി ഭൂമി വിട്ടുകൊടുത്ത, തൊഴില്‍ നഷ്ടപ്പെട്ട ആളുകള്‍ക്ക് ഇതൊന്നും ലഭിച്ചിട്ടില്ല. ഇവിടെയുള്ള പട്ടികജാതി കോളനികള്‍ക്ക് ഇതുവരെ വെള്ളം ലഭിച്ചിട്ടില്ല. ഞങ്ങള്‍ക്കതില്‍ പരാതിയില്ല. ഇവിടെ തുറമുഖം വന്നാല്‍ മാത്രം മതി ഞങ്ങള്‍ക്ക്.

ആയിരത്തോളം ടൂറിസം തൊഴിലാളികളുണ്ടിവിടെ. അവരുടെ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പരമ്പരാഗത മരപ്പണിക്കാരായ വിശ്വകര്‍മ സമുദായത്തില്‍ പെട്ടവര്‍ക്ക് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളില്‍ മിക്ക ദിവസവും തൊഴില്‍ ലഭിച്ചിരുന്നതാണ്. തുറമുഖ നിര്‍മാണത്തെ തുടര്‍ന്ന് അത് പൂര്‍ണമായും നിലച്ചു. അഞ്ഞുറോളം കര്‍ഷകർക്കും കര്‍ഷക തൊഴിലാളികള്‍ക്കും നഷ്ടം സംഭവിച്ചു. മറ്റുള്ളവരേപ്പോലെ അവര്‍ക്ക് ഇതുവരെ ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. ഇവരെ ഈ പാക്കേജിന്റെ ഭാഗമായി പരിഗണിച്ചിട്ടേയില്ല. എന്നിട്ടാണ് ഇതിന് പുറത്തുള്ള ആളുകള്‍ വന്ന് ഞങ്ങള്‍ക്കിനിയും വേണമെന്ന് പറഞ്ഞ് ഇവിടെ സമരംചെയ്യുന്നത്.

തുറമുഖ നിര്‍മാണത്തിന്റെ പേരില്‍ തങ്ങളുടെ പ്രദേശത്ത് തീരശോഷണവും കടലേറ്റവും രൂക്ഷമായെന്നാണ് സമരംചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ പറയുന്നത്?

അല്ല, ഈ തീരശോഷണം ഇന്നും ഇന്നലെയും ഉണ്ടായതല്ലല്ലോ, അത് കുറെ മുമ്പേ തുടങ്ങിയതാണ്. കാലാവസ്ഥാ വ്യതിയാനം മൂലം. ഈ പ്രശ്‌നം ലോകം മുഴുക്കെയുണ്ട്. 1962ല്‍ തറക്കല്ലിട്ടതാണ് വിഴിഞ്ഞം ഫിഷര്‍മെന്‍ പോര്‍ട്ട്. അതിന്നുവരെ ഉദ്ഘാടനം ചെയ്യാന്‍ ഇവര്‍ സമ്മതിച്ചിട്ടില്ല എന്നുള്ളത് വേറെ കാര്യം. ഇപ്പോള്‍ സമരംചെയ്യുന്ന ലത്തീന്‍ കത്തോലിക്കാ സഭയിലെ ആരുടെയും ഭൂമി പദ്ധതി പ്രദേശത്തിന് വേണ്ടി ഏറ്റെടുത്തിട്ടില്ല. അവരാരും ഇവിടെ താമസിക്കുന്നുമില്ല. നായര്‍, ഈഴവ, നാടാര്‍, പട്ടികജാതി വിഭാഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. വെളിയില്‍ നിന്നുള്ള പുരോഹിതന്മാര്‍ ഇളക്കിവിട്ടവരാണ് ഇവിടെവന്ന് സമരംചെയ്യുന്നത്.

ഈ വിഴിഞ്ഞം പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ധാരാളം ആനുകൂല്യങ്ങള്‍ നല്‍കികൊണ്ടിരിക്കുകയാണ്. അതേസമയം, നഷ്ടം സഹിക്കേണ്ടിവന്ന ഞങ്ങള്‍ക്ക് അത്തരം സഹായങ്ങള്‍ കിട്ടുന്നുമില്ല. അതില്‍ പരാതിയുമില്ല. കോട്ടൂകാല്‍, വെങ്ങാനൂര്‍ ഡിവിഷനില്‍ പെട്ടവര്‍ക്കാണ് കൂടുതല്‍ നഷ്ടം സഹിക്കേണ്ടി വന്നത്. പരിസ്ഥിതി പഠനം വീണ്ടും ചെയ്യണമെന്നാണ് ഇപ്പോഴിവര്‍ പറയുന്നത്. ലോകനിലവാരമുള്ള ശാസ്ത്രജ്ഞരാണ് ഇവിടെ പഠനം നടത്തിയിട്ട് അതിന്റെ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. അതിനേക്കാള്‍ മികച്ച പഠനം ഈ പുരോഹിതര്‍ നടത്തുമെന്ന് ചിന്തിക്കാനാകുമോ?

അദാനിക്ക് അനുകൂലമായി പഠനങ്ങളൊക്കെ പണംകൊടുത്ത് എഴുതിച്ചതെന്നാണ് മറ്റൊരു ആരോപണം?

2010-ലാണല്ലോ പാരിസ്ഥിതികപഠനം നടന്നത്. അന്ന് തുറമുഖ നിര്‍മാണത്തിനുള്ള കരാര്‍ അദാനിക്ക് കൊടുത്തിട്ടില്ലല്ലോ. 2015-ന് ശേഷമല്ലേ അദാനി കരാര്‍ ഒപ്പിട്ടത്? പാരിസ്ഥിതികപഠനം നടന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ് എന്നാണ് മനസിലാക്കുന്നത്. 2008-ലോ മറ്റോ പഠനം നടന്നിട്ടുണ്ട്. കടലിനേപ്പറ്റിയും പരിസ്ഥിതിയെപ്പറ്റിയും ധാരണയുള്ളവരായിരുന്നുവെങ്കില്‍ അന്നെന്തുകൊണ്ട് ഈ പുരോഹിതര്‍ തെളിവ് കൊടുക്കാന്‍ തയ്യാറായില്ല. തുറമുഖം ഉദ്ഘാടനം ചെയ്യപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ അതെങ്ങനെയെങ്കിലും തടയാന്‍ ശ്രമിക്കുന്നു.

ഇതൊരു വലിയ ഗൂഢാലോചനയാണ്. കൂടംകുളം പദ്ധതി നഷ്ടപ്പെടുത്താന്‍ നോക്കിയതുപോലെ, തമിഴ്‌നാട്ടിലെ വേദാന്ത പദ്ധതി നശിപ്പിച്ചതുപോലെ വിഴിഞ്ഞം പദ്ധതിയെയും നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇവിടെയെല്ലാം സമരം ചെയ്തത് ലത്തീന്‍ കത്തോലിക്ക സഭയാണ്. ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇവരുടെ ആക്ടിവിസ്റ്റ് വിഭാഗങ്ങള്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തിനെത്തിയെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. തുറമുഖത്തിന്റെ സ്ഥലത്ത് അനധികൃതമായി കടന്നാല്‍ കേസെടുക്കുമെന്നാണ് നിയമം. അതിനെയെല്ലാം ലംഘിച്ച് ഹൈക്കോടതി വിധിയുള്‍പ്പെടെ ലംഘിച്ചാണ് ഇവിടെ മൈക്കുള്‍പ്പെടെ ഉപയോഗിച്ച് സമരം ചെയ്യുന്നത്. കുട്ടികള്‍ക്ക് പരീക്ഷകളുള്‍പ്പെടെ നടക്കുന്ന സമയമാണ്. അവരുടെ പഠനത്തെ വരെ ബാധിക്കുന്ന രീതിയില്‍ നിരന്തരം മൈക്കുപയോഗിക്കുകയാണ്.

ഇപ്പോള്‍ നിങ്ങള്‍ സംഘടിക്കാനുള്ള പ്രധാന കാരണം?

പൊതു സമൂഹത്തിനിടയില്‍ ഇവര്‍ പറയുന്നത് മാത്രമാണ് കേള്‍ക്കുന്നത്. ഇവിടെ ഈ തുറമുഖം വരുന്നതിന് വേണ്ടി ഞങ്ങള്‍ നാട്ടുകാര്‍ എല്ലാം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഒരു കാശിന്റെ പോലും നഷ്ടം സംഭവിക്കാതെ കൂടുതല്‍ തുക കൈപ്പറ്റിയവരാണ് ഇവിടെവന്ന് സമരം ചെയ്യുന്നത്. വിഴിഞ്ഞത്ത് തന്നെ മുസ്ലീം വിഭാഗങ്ങളുണ്ട്, തൊട്ടപ്പുറത്ത് ധീവര വിഭാഗങ്ങളുണ്ട്, അതേപോലെ അയ്യങ്കാളിയുടെ സമയം മുതല്‍ കടലില്‍ പണിയെടുക്കുന്ന പട്ടികജാതി വിഭാങ്ങളുണ്ട്. അപ്പോള്‍ മാധ്യമങ്ങളുള്‍പ്പെടെ ലത്തീന്‍ കത്തോലിക്കാ സഭയുടെ വിഷയം മാത്രം ഉയര്‍ത്തി കാണിച്ചാണ് പൊതു ചര്‍ച്ച രൂപപ്പെടുത്തിയിരിക്കുന്നത്. ഇതുകണ്ട് മനോവേദന കൊണ്ടാണ് ജാതിക്കും രാഷ്ട്രീയത്തിനും സമുദായത്തിനും അതീതമായി ഇവിടെയുള്ള നാട്ടുകാര്‍ സംഘടിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഞങ്ങളുടെ ശബ്ദം മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ നടത്തുന്ന ബഹളത്തിന് മാത്രമാണ് കാതുകൊടുക്കുന്നത്. അവരുടെ പക്ഷം മാത്രമാണ് ശരിയെന്ന് പറയുന്നു. തൊഴിലും ഭൂമിയും നഷ്ടപ്പെട്ടവരെ മാധ്യമങ്ങള്‍ കാണുന്നില്ല. ആരും ഞങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍ വിളിക്കുകയോ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് വെള്ളിയാഴ്ച തുറമുഖ സൈറ്റില്‍ വെച്ച് ഞങ്ങളൊരു ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ചിട്ടുണ്ട്. അതിന് ശേഷം ഭാവി നടപടികള്‍ തീരുമാനിക്കും.

Content Highlights: vizhinjam protest - interview with venganoor gopakumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented