ഞായറാഴ്ച രാത്രി വിഴിഞ്ഞം പോലീസ് സ്റ്റേഷനിലുണ്ടായ സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് വിന്യസിച്ച പോലീസ് സന്നാഹം| ഫോട്ടോ: എസ്. ശ്രീകേഷ്| മാതൃഭൂമി
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാനിര്‍ദേശം. കലാപസമാന സാഹചര്യം നേരിടാന്‍ സജ്ജരാകാനാണ് മുന്നറിയിപ്പ്. വിഴിഞ്ഞത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. വിഴിഞ്ഞം പോലീസ് സ്റ്റേഷന്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളിലെ തീരദേശ പോലീസ് സ്റ്റേഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലകളിലെ സുരക്ഷാക്രമീകരണങ്ങള്‍, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസറായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്. നിശാന്തിനിയെയാണ് നിയോഗിച്ചിട്ടുള്ളത്.
വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് അയവുവന്നെങ്കിലും അസ്വസ്ഥത പുകയുന്നുണ്ട്. പോലീസ് തുടര്‍ നടപടികളിലേക്ക് കടന്നാല്‍ പ്രകോപനം ഉണ്ടാകാനും പ്രതിഷേധം സംസ്ഥാനം ഒട്ടാകെ വ്യാപിക്കാനും സാധ്യതയുണ്ട്. തീരദേശ മേഖലയില്‍ അടക്കം പ്രക്ഷോഭസാധ്യതകള്‍ ഇന്റലിജന്‍സ് മുന്നറിയിപ്പിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്. അജിത്കുമാര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ അടക്കം ക്രമസമാധാനപാലന ചുമതലയുള്ള സംവിധാനങ്ങള്‍ സജ്ജമായിരിക്കാനാണ് നിര്‍ദേശം. കലാപസമാന സാഹചര്യം നേരിടാന്‍ ഉപകരണങ്ങള്‍ അടക്കം എല്ലാ ഒരുക്കങ്ങളും ഉണ്ടാകണം. അടുത്ത രണ്ടാഴ്ചത്തേക്കാണ് ജാഗ്രത. തീരദേശത്ത് പ്രത്യേകശ്രദ്ധ വേണം. തീരദേശ പോലീസ് സ്റ്റേഷനുകളും ഈ മേഖലയിലെ സാധാരണ പോലീസ് സ്റ്റേഷനുകളിലും കൂടുതല്‍ വിന്യാസം വേണം. സ്പെഷല്‍ ബ്രാഞ്ച് യൂണിറ്റുകള്‍ പരമാവധി വിവരം ശേഖരിച്ച് മുന്നറിയിപ്പ് നല്‍കണം. റേഞ്ച് ഡി.ഐ.ജിമാര്‍ നേരിട്ട് നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തണം. പോലീസുകാരുടെ അവധിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിഴിഞ്ഞത്തിനായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. ആര്. നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. ഡി.സി.പി. അജിത് കുമാര്‍, ക്രൈം ബ്രാഞ്ച് എസ്.പി. മധുസൂദനന്, എസ്.പി. ബൈജു എന്നിവര്‍ സംഘത്തിലുണ്ട്. കൂടുതല്‍ എസ്.പിമാരെയും ഡിവൈ.എസ്.പിമാരെയും സിഐമാരെയും സംഘത്തിലുള്‍പ്പെടുത്തും. വിഴിഞ്ഞത്തെ ക്രമസമാധാന പാലനം സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം എന്നിവ ഈ സംഘത്തിനാണ്. തല്ക്കാലം ധൃതിവെച്ച് അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ല. കൂടുതല്‍ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ശേഖരിക്കും. വിരലടയാള തെളിവുകള്‍ ശേഖരിച്ചു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ അടക്കം പരിശോധിച്ചാകും അക്രമത്തില്‍ പങ്കെടുത്തവരെ കണ്ടെത്തുക. പോലീസുകാരെ ആക്രമിച്ചവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് ആവശ്യമാണ് പോലീസിനുള്ളില്‍നിന്ന് ഉയരുന്നത്.
അതേസമയം, വിഴിഞ്ഞം തുറമുഖത്തെ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്കാന് ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാറിന് നിര്‍ദേശം നല്കി. തിരുവനന്തപുരം സിറ്റി ക്രൈം ആന്‍ഡ് അഡ്മിനിസ്ട്രേഷന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ കെ. ലാല്‍ജിയാണ് സംഘത്തലവന്. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി. ബി. അനില്‍കുമാര്‍, തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.സി.പി. ജെ.കെ. ദിനില്‍, തിരുവനന്തപുരം റൂറല്‍ നര്‍ക്കോട്ടിക് ഡിവൈ.എസ്.പി. വി.ടി. രാസിത്ത്, കഴക്കൂട്ടം എ.സി.പി. സി.എസ്. ഹരി എന്നിവരാണ് സംഘാംഗങ്ങള്‍. സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ ഇന്‍സ്പെക്ടര്‍മാരെ വരെയുള്ളവരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
Content Highlights: vizhinjam protest: alert issued to all police stations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..