പിണറായി വിജയൻ, കേരള ഹൈക്കോടതി (ഫയൽ ചിത്രം)
കൊച്ചി: വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്ത് നടപടിയെടുത്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും അഞ്ചുപേരെ അറസ്റ്റ് ചെയ്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍, പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ നടപടികള്‍ വെറും പ്രഹസനമാണെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ വാദിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്തുകൊണ്ട് സര്‍ക്കാർ കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെടുന്നില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ ചോദിച്ചു. വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ട് കോടതി വിശദമായി പരിശോധിച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം, വിഴിഞ്ഞം തുറമുഖ പ്രദേശത്തെ സുരക്ഷാചുമതല കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാം ചെയ്തിരുന്നു. വെടിവെപ്പ് നടന്നാല്‍ ഒരുപാട് ആളുകള്‍ മരിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചചെയ്ത് നിലപാടറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കി. അദാനിയുടെ കോടതിയലക്ഷ്യ ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നല്കിയ ഹര്‍ജി കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. തുറമുഖ നിര്‍മ്മാണ പ്രദേശത്ത് സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അന്നും അദാനി ഗ്രൂപ്പ് വാദിച്ചിരുന്നു. ഞായറാഴ്ചയുണ്ടായ പോലീസ് സ്റ്റേഷന് ആക്രമണത്തിന്റെ വിവരങ്ങള്‍ ധരിപ്പിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ സര്‍ക്കാര്‍ സമയം ചോദിക്കുകയായിരുന്നു. വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപമെന്നായിരുന്നു കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.
Content Highlights: vizhinjam protest adani group kerala government high court central force no objection
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..