പരിക്കേറ്റ പോലീസുകാരിൽ ഒരാൾ, പോലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണം| Photo: Mathrubhumi
തിരുവനന്തപുരം: ഞായറാഴ്ച രാത്രിയോടെ വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിൽ 35 പോലീസുകാർക്കാണ് പരിക്കേറ്റത്. പോലീസ് വാഹനങ്ങളും സ്റ്റേഷന്റെ മുൻവശവും പ്രതിഷേധക്കാർ തകർത്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്റ്റേഷനുമുന്നിൽനിന്ന് പ്രതിഷേധക്കാരെ പോലീസ് മാറ്റിയത്.
കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി ഞായറാഴ്ച പോലീസ് കേസെടുത്തിരുന്നു. പത്തോളം കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒന്‍പതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്.
തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം സ്വദേശിയായ സെല്‍റ്റോയെ പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ വിട്ടയക്കണമെന്ന ആവശ്യവുമായി വൈദികര്‍ അടക്കമുള്ള സംഘം പോലീസ് സ്റ്റേഷനിലെത്തി. നേരത്തെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളും ഈ സംഘത്തിലുണ്ടായിരുന്നു. പോലീസും ഈ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്, മോചിപ്പിക്കാനെത്തിയ സംഘത്തിലെ പ്രതികളായവരോട് സ്റ്റേഷനില്‍ തുടരാന്‍ പോലീസ് നിര്‍ദേശിച്ചു. തുടര്‍ന്ന് പോലീസും ഇവരും തമ്മില്‍ സംഘര്‍ഷം രൂപപ്പെടുകയായിരുന്നു.
ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത സംഘർഷമാണ് പോലീസ് വിഴിഞ്ഞത്ത് നേരിട്ടത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്റ്റേഷനുമുന്നിൽ നിന്ന് അക്രമാസക്തരായ ജനക്കൂട്ടത്തെ പോലീസിന് മാറ്റാൻ സാധിച്ചത്. ആൾക്കൂട്ടം അക്രമാസക്തമായ സമയത്ത് മതിയായ പോലീസുകാർ ഇവിടെ ഉണ്ടായിരുന്നില്ല. ജനക്കൂട്ടം പോലീസ് സ്റ്റേഷൻ വളഞ്ഞതോടെ കൂടുതൽ പോലീസ് സ്ഥലത്തേക്ക് എത്തിയെങ്കിലും ഇവരെ ആൾക്കൂട്ടം തടഞ്ഞു.
നാല് ജീപ്പ്, രണ്ട് വാനുകൾ, സ്റ്റേഷന് മുന്നിലുണ്ടായിരുന്ന 20 ബൈക്കുകൾ എന്നിവ അക്രമാസക്തരായ ആൾക്കൂട്ടം തകർത്തു. ഇതിന് പിന്നാലെ കല്ലേറും ഉണ്ടായി. കൂടുതൽ സംഘർഷമുണ്ടാകാതെ സംയമനത്തോടെ പ്രശ്നം കൈകാര്യം ചെയ്യാനായിരുന്നു പോലീസിന് ആദ്യം ലഭിച്ച നിർദ്ദേശം. എന്നാൽ പോലീസുകാർ അക്രമിക്കപ്പെട്ടതും ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ ആൾക്കൂട്ടം സമ്മതിക്കാതിരുന്നതും നടപടിയെടുക്കാൻ പോലീസിനെ നിർബന്ധിതമാക്കി. കണ്ണീര് വാതകവും പിന്നാലെ ഗ്രനേഡും പ്രയോഗിച്ചതിന് ശേഷമാണ് ഇവരെ സ്റ്റേഷന് മുന്നിൽനിന്ന് പിന്തിരിപ്പിക്കാനായത്.
Content Highlights: Vizhinjam port protesters surround police station
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..