തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി. ഗൗരവമായി പരിശോധിക്കേണ്ട വിഷയങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും കരാറുമായി ബന്ധപ്പെട്ട് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന്‌ മാത്രമെ പറയാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും ( സിഎജി) റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

എല്‍.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ വിഴിഞ്ഞം കരാര്‍ പുനപരിശോധിക്കുമെന്ന് പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കരാര്‍ പ്രകാരം പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിച്ച സാഹചര്യത്തില്‍ കരാര്‍ പുന:പരിശോധിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇന്ന് സര്‍ക്കാര്‍. 

കരാര്‍ പൊളിച്ചെഴുതാന്‍ മുന്‍കൈയെടുത്താല്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കരാറിനെതിരായി സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും അദാനിക്ക് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ കരാര്‍ ഉപകരിക്കുകയുള്ളൂ എന്നുമായിരുന്നു സി.എ.ജി റിപ്പോര്‍ട്ട്.

വിഴിഞ്ഞം കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നും കരാര്‍ പൊളിച്ചെഴുതണമെന്നും വി.എസ്. അച്യുതാനനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു കരാറിനെതിരെ സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്.