സജി ചെറിയാൻ
തിരുവനന്തപുരം: അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖം ദുബായിയെ മറികടക്കുന്ന സാമ്പത്തിക വരുമാനം നേടുമെന്ന് സജി ചെറിയാന് എംഎല്‍എ. സമരം ഒത്തുതീര്‍പ്പാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ യുഡിഎഫ് പാരവെയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ യുഡിഎഫ് എംഎല്‍എ എം.വിന്‍സെന്റ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കികൊണ്ടാണ് സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍.
തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവെക്കണോ വേണ്ടയോ എന്നതില്‍ കോണ്‍ഗ്രസിന് യോജിച്ച തീരുമാനം ഉണ്ടോയെന്ന് സജി ചെറിയാന് ചോദിച്ചു. എല്ലാ പാരിസ്ഥിതിക അനുമതികളും തങ്ങളുടെ കാലത്താണ് ലഭിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. തുറമുഖ നിര്‍മാണം മൂലം കാര്യമായ തീരശോഷണം സംഭവിക്കില്ലെന്ന് പഠനത്തില്‍ വ്യക്തമായതായി അന്നത്തെ മന്ത്രി കെ. ബാബു നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ എല്‍ഡിഎഫിന് യാതൊരു പങ്കുമില്ല. യുപിഎ ഭരണകാലത്ത് യുഡിഎഫ് സര്‍ക്കാര്‍ എല്ലാവിധ നടപടികളും പൂര്‍ത്തിയാക്കി അനുമതി നല്കി. അദാനിയെ കൊണ്ടുവന്നതും യുഡിഎഫാണ്. എല്ലാ അനുമതികളും ലഭ്യമാക്കിയിട്ട് എല്ലാ ബാധ്യതകളും ഇടതുമുന്നണിയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും സജി ചെറിയാന് പറഞ്ഞു.
'എല്‍ഡിഎഫിന് എല്ലാ കാലത്തും ഒരേ നിലപാടാണ്. തുറമുഖത്തെ അന്നും ഇന്നും സ്വാഗതം ചെയ്തിട്ടുണ്ട്. വികസന വിരുദ്ധമായ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. അദാനിയുമായി കാരാര്‍ ഉണ്ടാക്കിയതില്‍ അഴിമതിയുണ്ടോ എന്നതാണ് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയത്. തുറമുഖ നിര്‍മാണം സര്‍ക്കാര്‍ നേരിട്ട് നടത്തണമെന്നായിരുന്നു ഞങ്ങളുടെ നിലപാട്. വിഴിഞ്ഞം പദ്ധതിയുടെ എല്ലാ ജനകീയ മുഖവും നടപ്പാക്കാന്‍ ശ്രമിച്ചത് എല്‍ഡിഎഫാണ്', സജി ചെറിയാന് പറഞ്ഞു.
നിരവധി ചര്‍ച്ചകള്‍ ഈ സര്‍ക്കാര്‍ നടത്തി. ഒറ്റ പ്രശ്നത്തിലാണ് ചര്‍ച്ച നില്‍ക്കുന്നത്. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്നു പറയാന്‍ കാരണങ്ങളുണ്ട്. ഏറ്റവും വലിയ പ്രധാന്യം, അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമാണ് വിഴിഞ്ഞം തുറമുഖം. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാകും. ദുബായ് അടക്കമുള്ള തുറമുഖങ്ങളേക്കാള്‍ സാമ്പത്തിക വരുമാനമുള്ള തുറമുഖമായി ഇത് മാറും. ദുബായില്‍ കടലില്‍ നിന്ന് മണ്ണ് മാറ്റിയാണ് കണ്ടെയിനര്‍ കൊണ്ടുപോകുന്നത്. വിഴിഞ്ഞത്ത് അതിന്റെ ആവശ്യമില്ല. അന്താരാഷ്ട്ര തലത്തില്‍ വലിയ തോതില്‍ നമുക്ക് ഗുണം ചെയ്യുന്ന പദ്ധതിയാണിത്. ലോക മാധ്യമങ്ങള്‍ പോലും വലിയ പ്രധാന്യത്തോടെ ചര്‍ച്ചചെയ്യുന്ന ഒരു തുറമുഖമാണ് വിഴിഞ്ഞം. നാടിന്റെ മുഖച്ഛായ മാറും എന്നുള്ളതുകൊണ്ടാണ് യുഡിഎഫ് ഇതിനെ എതിര്‍ക്കുന്നത്. നിങ്ങള്‍ക്ക് ആത്മാര്‍ത്ഥത ഇല്ലാഞ്ഞിട്ടല്ല. അത് ഞങ്ങളുടെ കാലത്താകണം എന്ന വൈകല്യചിന്തയുണ്ട്.
115 വര്‍ഷം മുമ്പ് വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നതാണ്. ഈ തുറമുഖം ഇവിടെ വരാതിരിക്കുന്നതിന് വലിയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണോ വേണ്ടയോ എന്നതാണ് നിങ്ങള്‍ ഇപ്പോള്‍ പറയേണ്ടത്.
പദ്ധതിയുടെ ഭാഗമായി വീടും സ്ഥലവും നല്കി ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി 2.94 ഏക്കര്‍ സ്ഥലത്ത് 194 ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നതിന് അനുമതി നല്കി. പ്രാദേശിക തര്‍ക്കത്തെ തുടര്‍ന്ന് അത് നടക്കാതെ പോയി എന്ന കാര്യം വിന്സെന്റിനറിയാം. അത് പ്രാദേശികമായ സാമുദായിക പ്രശ്നമാണ്. അത് പക്വതയോടെ ചര്‍ച്ച ചെയത് മാത്രമേ പരിഹരിക്കാന്‍ കഴിയൂ. അതിന് പരിഹാരം കണ്ടിരുന്നെങ്കില്‍ ഗോഡൗണില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് എന്നേ വീടുവെച്ച് കൊടുക്കാന്‍ കഴിയുമായിരുന്നു. എന്തുകൊണ്ടാണ് അവിടുത്തെ എംഎല്‍എ എം. വിന്‍സെന്റ് ആ പ്രശ്നം പരിഹരിക്കാന്‍ മുന്‍കൈ എടുക്കാതിരുന്നതെന്നും സജി ചെറിയാന് ചോദിച്ചു.
ഏഴ് ആവശ്യങ്ങളില്‍ ആറും അംഗീകരിച്ച സര്‍ക്കാര്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കും. ഏഴാമത്തെ ആവശ്യത്തില്‍ ഒരുഭാഗം ഞങ്ങള്‍ അംഗീകരിച്ചു. ഈ സമരം ഒത്തുതീര്‍പ്പാക്കാന്‍ ലത്തീന്‍സഭ ഭാരവാഹികളും സമരസമിതിയും മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് പാരവെയ്ക്കാന്‍ വരരുതന്നാണ് യുഡിഎഫിനോടുള്ള അഭ്യര്‍ത്ഥനയെന്നും സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു.
Content Highlights: vizhinjam port-adjournment-motion-saji cheriyan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..