വിഴിഞ്ഞം തുറമുഖനിർമാണം | Photo - Biju VargheseMathrubhmi
തിരുവനന്തപുരം: സമരപ്രക്ഷുബ്ധമായ വിഴിഞ്ഞത്തേക്ക് കേന്ദ്രസേനയെ ക്ഷണിക്കുന്നതില്‍ കരുതലോടെ നീങ്ങാന്‍ സംസ്ഥാനസര്‍ക്കാര്‍. കേന്ദ്രസേനയുടെ സുരക്ഷവേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടില്ല. എന്നാല്‍, അദാനി ഗ്രൂപ്പിന്റെ ആവശ്യമനുസരിച്ച് കേന്ദ്രസേനയെത്തിയാല് എതിര്‍ക്കുകയുമില്ല.
കോടതിയില്‍ സമ്മതംപ്രകടിപ്പിച്ചെങ്കിലും എടുത്തുചാട്ടം അവസ്ഥ വഷളാക്കുമെന്ന തിരിച്ചറിവിലാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുത്ത് അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ചര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാരാണ് മുന്‍കൈയെടുക്കേണ്ടതെങ്കിലും അതുവേണ്ടെന്ന നിലപാടാണ് എല്‍.ഡി.എഫ്. നേതാക്കള്‍ക്കുള്ളത്.
ആവശ്യമെങ്കില്‍ നിലവിലെ സ്ഥിതി വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്കി കൈകഴുകും. കോടതിയോ, കേന്ദ്രസര്‍ക്കാരോ ഇക്കാര്യത്തിലെടുക്കുന്ന തീരുമാനത്തെ അംഗീകരിക്കാമെന്നാണ് നിലപാട്.
സര്‍ക്കാരിനെ പിന്നോട്ടുവലിക്കുന്നത്
അതിവൈകാരികത നിറഞ്ഞുനില്ക്കുന്ന സമരമേഖലയാണ് വിഴിഞ്ഞം. സംസ്ഥാനത്തിന്റെ ആവശ്യമനുസരിച്ച് കേന്ദ്രസേനയെത്തുകയും അവരുടെ ഇടപെടല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്താല്‍ അതിന്റെ കുറ്റവും സംസ്ഥാനസര്‍ക്കാരിന്റെ തലയിലാവും. കേന്ദ്രസേനയെ രംഗത്തിറക്കി സര്‍ക്കാര്‍ സമരക്കാരെ അടിച്ചമര്‍ത്താന്‍ ഒരുങ്ങുന്നുവെന്ന പ്രചാരണം വിഴിഞ്ഞത്ത് ശക്തമാണ്. ഇതിനെ തണുപ്പിക്കണം.
ഉത്തരവാദിത്വം സംസ്ഥാനത്തിന്
തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവയുടെ സുരക്ഷാചുമതല കേന്ദ്ര വ്യവസായ സുരക്ഷാസേനയ്ക്കാണ്. നിര്‍മാണഘട്ടത്തില്‍ സുരക്ഷ കേന്ദ്രസേന ഏറ്റെടുക്കാറില്ല. എന്നാല്‍, ഏതുഘട്ടത്തിലും സംസ്ഥാനത്തിന് കേന്ദ്രസേനയുടെ സഹായംതേടാനുള്ള അവകാശമുണ്ട്. ഈ ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലായിരിക്കും കേന്ദ്രസേനയുടെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ, സംസ്ഥാനം ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തിയാല് അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്.
കേന്ദ്രസേനയെ ആവശ്യപ്പെട്ടത് അദാനി -മന്ത്രി
:തുറമുഖപ്രദേശത്ത് സുരക്ഷാപാലനത്തിന് കേന്ദ്രസേനയെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരല്ലെന്നും അദാനി ഗ്രൂപ്പാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി അഭിപ്രായംചോദിക്കുകയാണ് ചെയ്തത്. അതിനെ സര്‍ക്കാര്‍ എതിര്‍ക്കേണ്ട കാര്യമില്ല. അന്തിമതീരുമാനം കോടതിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സഹോദരനും സമരസമിതി നേതാവുമായ എം.ജെ. വിജയനെക്കുറിച്ചുള്ള ആരോപണത്തിന് അദ്ദേഹംതന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്നത്തിന് പരിഹാരംകാണാന്‍ സര്‍ക്കാര്‍തല ചര്‍ച്ച തുടങ്ങി. കര്‍ദിനാള്‍ ക്ലിമീസിന്റെ മധ്യസ്ഥതയില്‍ ചീഫ് സെക്രട്ടറി വി.പി. ജോയ് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ, സമരസമിതി കണ്‍വീനര്‍ യൂജിന്‍ പെരേര, എന്നിവരുമായി ശനിയാഴ്ച ചര്‍ച്ചനടത്തി. അദാനി തുറമുഖ അധികൃതര്‍ പങ്കെടുത്തില്ല.
ആദ്യദിനം സമവായമുണ്ടായില്ലെങ്കിലും ചര്‍ച്ച തുടരാനാണ് തീരുമാനം. പുനരധിവാസ പാക്കേജിലെ പ്രശ്നങ്ങളാണ് ആദ്യദിവസം പരിഗണിച്ചത്. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന ആരോപണം സഭാ നേതൃത്വം ആവര്‍ത്തിച്ചു. അക്രമസംഭവങ്ങളില്‍ പോലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. എന്നാല്‍, നിയമനടപടികള്‍ അതിന്റെ വഴിക്ക് നീങ്ങുമെന്നായിരുന്നു സര്‍ക്കാര്‍നിലപാട്.
Content Highlights: Vizhinjam CRPF Kerala Government High Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..